ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ പോര്‍ച്ചുഗലിനും സ്‌പെയിനിനും വിജയം. പോര്‍ച്ചുഗല്‍ ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കിയപ്പോള്‍ സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ മറികടന്നു. 

To advertise here,

ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ വീഴ്ത്തിയത്. പോര്‍ച്ചുഗലിനായി ജാവോ ക്യാന്‍സലോയും ഗോണ്‍സാലോ ഗ്യൂഡസും ലക്ഷ്യം കണ്ടു. ഇരുഗോളുകളും ആദ്യപകുതിയിലാണ് പിറന്നത്. 33-ാം മിനിറ്റില്‍ മാഞ്ചെസ്റ്റര്‍ സിറ്റി താരം ക്യാന്‍സലോയിലൂടെ മുന്നിലെത്തിയ പോര്‍ച്ചുഗല്‍ 38-ാം മിനിറ്റില്‍ ഗ്യൂഡസിലൂടെ രണ്ടാം ഗോള്‍ കണ്ടെത്തി. 

ഈ വിജയത്തോടെ ലീഗ് എ യിലെ ഗ്രൂപ്പ് രണ്ടില്‍ പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് പോര്‍ച്ചുഗലിനുള്ളത്. ചെക്ക് റിപ്പബ്ലിക്ക് മൂന്നാം സ്ഥാനത്താണ്. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കിയത്. 13-ാം മിനിറ്റില്‍ പാബ്ലോ സരാബിയ സ്‌പെയിനിനായി വിജയഗോള്‍ നേടി. നേഷന്‍സ് ലീഗിലെ ഈ സീസണിലെ സ്‌പെയിനിന്റെ ആദ്യ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം സമനില വഴങ്ങിയിരുന്നു. 

ഈ വിജയത്തോടെ സ്‌പെയിന്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റാണ് ടീമിനുള്ളത്. ഇതുവരെ കളിച്ച മൂന്നിലും തോറ്റ സ്വിറ്റ്‌സര്‍ലന്‍ഡ് അവസാന സ്ഥാനത്താണ്.