മഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മഡ്രിഡിന്റെ കഷ്ടകാലം തീരുന്നില്ല. നിലവിലെ ചാമ്പ്യന്മാരായ റയല്‍ വീണ്ടും തോല്‍വി ഏറ്റുവാങ്ങി. റയല്‍ സോസിഡാഡാണ് റയല്‍ മഡ്രിഡിനെ അട്ടിമറിച്ചത്. മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ വിജയത്തോടെ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. 

To advertise here,

റയല്‍ സോസിഡാഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയലിന്റെ തോല്‍വി. 47-ാം മിനിറ്റില്‍ തകേഫുസ കുബോയും 85-ാം മിനിറ്റില്‍ ആന്‍ഡര്‍ ബാറെനെറ്റ്‌സിയയും സോസിഡാഡിനായി വലകുലുക്കി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് റയല്‍ വഴങ്ങുന്ന രണ്ടാം തോല്‍വിയാണിത്. സീസണില്‍ ഇതുവരെ ടീം ഏഴ് തോല്‍വികളാണ് വഴങ്ങിയത്. 

ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് ഒസാസുനയെ കീഴടക്കി. 85-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ഈ വിജയത്തോടെ ബാഴ്‌സ കിരീടം ഏകദേശം ഉറപ്പിച്ചു. ഇനി ഒരു മത്സരം കൂടി വിജയിച്ചാല്‍ ബാഴ്‌സ 2022-2023 സീസണ്‍ ലാ ലിഗ കിരീടത്തില്‍ മുത്തമിടും. 

നിലവില്‍ 33 കളിയില്‍ നിന്ന് 82 പോയന്റാണ് ബാഴ്‌സയ്ക്കുള്ളത്. റയലിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 68 പോയന്റ് മാത്രമാണുള്ളത്. അത്‌ലറ്റിക്കോ മഡ്രിഡാണ് മൂന്നാമത്.