മഡ്രിഡ്: കളിക്കാരുടെ കൈയാങ്കളി കൊണ്ട് പൊറുതിമുട്ടിയ റയൽ മഡ്രിഡ് ക്ലബ്ബിനു മുന്നിൽ പരാതിയുമായി താരങ്ങളുടെ രക്ഷിതാക്കളും. ടീമിലെ രണ്ട് താരങ്ങൾക്ക് മതിയായ കളിസമയം ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ക്ലബ്ബ് പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരസിന് പരാതി നൽകി. രണ്ട് കൈയാങ്കളി സംഭവങ്ങളിൽ ഫുട്‌ബോൾ ലോകത്തിനുമുന്നിൽ മുഖം നഷ്ടപ്പെട്ട ക്ലബ്ബിന് പുതിയ തലവേദനയായി പരാതി.

To advertise here,

വാൽവെർദെക്കും ചൗമെനിക്കും 12.85 കോടി പിഴ

പരിശീലനസമയത്ത് ഏറ്റുമുട്ടിയ ഫെഡറിക്കോ വാൽവെർദെ, ഔറിലിയൻ ചൗമെനി എന്നിവർക്കെതിരേ ക്ലബ്ബ് അച്ചടക്കനടപടിയെടുത്തു. 12.85 കോടിയാണ്‌ ഇരുവർക്കുമായി പിഴ ചുമത്തിയത്‌. ഏറ്റുമുട്ടലിൽ തലയ്ക്ക് പരിക്കേറ്റ വാൽവെർദെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ച താരത്തിന് വിശ്രമം വേണ്ടിവരും. യുറഗ്വായ് താരത്തിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇതിന് തൊട്ടുമുൻപുള്ള ദിവസമാണ് അന്റോണിയ റുഡിഗർ സഹതാരം അൽവാരോ കരെറാസിനെ തല്ലിയത്.

ടീമിലെ കൈയാങ്കളി ക്ലബ്ബ് മാനേജ്‌മെന്റിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനൊപ്പം സൂപ്പർതാരം കിലിയൻ എംബാപ്പെ പരിശീലകസംഘാംഗവുമായി രൂക്ഷമായ വാക്തർക്കത്തിലേർപ്പെട്ടതും ക്ലബ്ബിന് നാണക്കേടായിരുന്നു. ഇതിനൊപ്പമാണ് കളിസമയം കിട്ടുന്നില്ലെന്ന പരാതിയുയർന്നത്. ഇക്കാര്യം പെരസ് പരിശീലകൻ അൽവാരെ അർബെലോവയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.