മാഡ്രിഡ്: ട്രോഫികളുടെ പെരുമ പറയാറുള്ള സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിൽ നിന്ന് ഇപ്പോൾ കേൾക്കുന്ന വാർത്തകൾ ആരാധകർക്ക് അത്ര സുഖകരമാകുന്നതല്ല. കഴിഞ്ഞ രണ്ടു സീസണുകളിലായി ഒരു കിരീടം പോലും നേടാൻ സാധിക്കാത്ത ടീമിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് കയ്യാങ്കളിയുടെയും തമ്മിൽത്തല്ലിന്റെയും വാർത്തകളാണ്. സ്പാനിഷ് ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും കിരീടപോരാട്ടത്തിൽനിന്ന് പുറത്തായ റയലിന് സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. സീസണിന്റെ ഇടയ്ക്കുവെച്ച് സ്പാനിഷ് പരിശീലകൻ സാബി അലോൺസോയെ പുറത്താക്കേണ്ടിയും വന്നു. നിലവിൽ അൽവാരോ ആർബെലോവയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.
ഫെഡറിക്കോ വാൽവെർദെ - ഒറേലിയൻ ചുവമെനി തർക്കം
പരിശീലനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് റയൽ താരങ്ങളായ ഫെഡറിക്കോ വാൽവെർദെയും ഒറേലിയൻ ചുവമെനിയും തമ്മിൽ തല്ലിയതായാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. പരിശീലനത്തിന് ശേഷം ഡ്രസ്സിങ് റൂമിൽവെച്ചാണ് താരങ്ങൾ തമ്മിലടിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച പരിശീലനത്തിനിടെ തുടങ്ങിയ തർക്കം വ്യാഴാഴ്ച ഡ്രസ്സിങ് റൂമിൽ വെച്ച് വലിയ സംഘർഷമായി മാറുകയായിരുന്നു. വ്യാഴാഴ്ചത്തെ പരിശീലനത്തിനിടെ വാൽവെർദെ നടത്തിയ ഒരു കടുത്ത ടാക്കിളാണ് തർക്കത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. പരിശീലനത്തിന് ശേഷം വാൽവെർദെ, ചുവമെനിയെ ചോദ്യം ചെയ്യുകയും ഇത് ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു.
ഈ സംഘർഷത്തിനിടയിൽ ബാലൻസ് തെറ്റി ഡ്രസ്സിങ് റൂമിലെ ഒരു മേശയിൽ തലയിടിച്ചതിനെ തുടർന്ന് വാൽവെർദെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് 'ട്രോമാറ്റിക് ബ്രെയിൻ ഇഞ്ചുറി' സംഭവിച്ചതായും ഏകദേശം 10 മുതൽ 14 ദിവസം വരെ വിശ്രമം ആവശ്യമാണെന്നും മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിക്കേറ്റ വാൽവെർദെയെ മുഖ്യ പരിശീലകൻ ആൽവാരോ അർബലോവ തന്നെയാണ് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തെ ഗൗരവമായി എടുത്ത റയൽ മാഡ്രിഡ്, രണ്ട് താരങ്ങൾക്കുമെതിരെയും അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ടീമിനുള്ളിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ക്ലബ് അധികൃതർ അടിയന്തര യോഗം വിളിച്ചു ചേർക്കുകയും ചെയ്തു.
എന്നാൽ തങ്ങൾ തമ്മിൽ ശാരീരികമായി തർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും തർക്കത്തിനിടെ അബദ്ധത്തിൽ മേശയിൽ തല തട്ടുകയായിരുന്നു എന്നുമാണ് വാൽവെർദെ പിന്നീട് പ്രസ്താവനയിൽ അറിയിച്ചത്. സീസണിലെ മോശം പ്രകടനങ്ങളും തുടർച്ചയായ മത്സരങ്ങൾ മൂലമുള്ള ശാരീരികവും മാനസികവുമായ തളർച്ചയുമാണ് ഇത്തരമൊരു തർക്കത്തിലേക്ക് നയിച്ചതെന്നും വാൽവെർദെ വിശദീകരിച്ചു.
നടപടി
സംഭവം അന്വേഷിക്കാൻ റയൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവം ടീമിന്റെ അന്തരീക്ഷത്തെയും ക്ലബ്ബിന്റെ പ്രതിച്ഛായയെയും ദോഷകരമായി ബാധിച്ചുവെന്നാണ് മാനേജ്‌മെന്റിന്റെ പക്ഷം. ഇതിനെക്കുറിച്ച് വിശദമായി പഠിക്കാൻ ഒരു ഔദ്യോഗിക അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. സാക്ഷികളിൽ നിന്നും മറ്റ് താരങ്ങളിൽ നിന്നും ഉദ്യോഗസ്ഥൻ മൊഴിയെടുക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ ഇരു താരങ്ങൾക്കും കോടിക്കണക്കിന് രൂപ ശമ്പളത്തിൽ നിന്ന് പിഴയായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മാത്രമല്ല 10 മുതൽ 30 ദിവസം വരെ സസ്പെൻഷൻ ലഭിക്കാനും സാധ്യതയുണ്ട്. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ താരങ്ങൾക്ക് അവസരം നൽകിയ ശേഷമായിരിക്കും ക്ലബ്ബ് അന്തിമ തീരുമാനമെടുക്കുക.
എംബാപ്പെയ്ക്കെതിരേ താരങ്ങളും ആരാധകരും
ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങൾക്കിടയിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ നിലപാടും വലിയ ചർച്ചയാവുകയാണ്. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന എംബാപ്പെ, ടീമിനെ പിന്തുണയ്ക്കുന്നതിന് പകരം തന്റെ പങ്കാളിയോടൊപ്പം സ്വകാര്യ യാച്ചിൽ വിനോദയാത്ര നടത്തിയ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എസ്പാന്യോളിനെതിരെയുള്ള മത്സരം തുടങ്ങാൻ പത്തു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് എംബാപ്പെയുടെ സ്വകാര്യ വിമാനം മാഡ്രിഡിൽ എത്തിയതെന്ന റിപ്പോർട്ടുകൾ താരത്തിന് ടീമിനോടുള്ള പ്രതിബദ്ധതയെ ചോദ്യം ചെയ്യുന്നതാണ്.
ഈ സീസണിൽ 41 മത്സരങ്ങളിൽ നിന്ന് 41 ഗോളുകൾ നേടി മികച്ച ഫോമിലാണെങ്കിലും എംബാപ്പെയുടെ പെരുമാറ്റത്തിൽ മാഡ്രിഡ് മാധ്യമങ്ങൾ കടുത്ത അതൃപ്തിയിലാണ്. വരാനിരിക്കുന്ന മത്സരങ്ങളിൽ താരം കളിക്കുമോ എന്ന കാര്യത്തിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിലൂടെ കടന്നുപോകുന്ന റയൽ മാഡ്രിഡിന്, താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും എംബാപ്പെയുടെ അച്ചടക്കമില്ലായ്മയും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇതിനിടെ എംബാപ്പെയെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് റയൽ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. റയലിൽ എത്തിയ ശേഷം എംബാപ്പെ 100 മത്സരങ്ങളിൽ നിന്ന് 85 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും, ടീമിന് തുടർച്ചയായ രണ്ടാം സീസണിലും ലാലിഗയോ ചാമ്പ്യൻസ് ലീഗോ നേടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ലാ ലിഗയിൽ ബാഴ്സലോണയേക്കാൾ 11 പോയിന്റ് പിന്നിലാണ് റയൽ ഇപ്പോൾ. ഏപ്രിൽ അവസാനം റയൽ ബെറ്റിസിനെതിരെയുള്ള മത്സരത്തിനിടെ പേശികൾക്ക് പരിക്കേറ്റ എംബാപ്പെ ഇപ്പോൾ വിശ്രമത്തിലാണ്. എന്നാൽ പരിക്കിൽ നിന്ന് മുക്തനാകുന്ന സമയത്ത് അദ്ദേഹം സാർഡിനിയയിൽ അവധിക്കാലം ചെലവഴിക്കാൻ പോയത് വലിയ വിവാദമായി. റയൽ മാഡ്രിഡ് എസ്പാന്യോളിനെതിരെ കളിച്ചുകൊണ്ടിരുന്ന സമയത്താണ് എംബാപ്പെ യാച്ചിൽ ഇരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്.
എംബാപ്പെയുടെ പെരുമാറ്റത്തിൽ അതൃപ്തിയുള്ള ആരാധകർ അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഓൺലൈൻ പെറ്റീഷൻ ആരംഭിച്ചു. വെറും 24 മണിക്കൂറിനുള്ളിൽ 1.2 കോടിയിലധികം ആളുകളാണ് ഇതിൽ ഒപ്പിട്ടത്.
എംബാപ്പെയും സഹതാരമായ വിനീഷ്യസ് ജൂനിയറും അകൽച്ചയിലാണെന്നും പരസ്പരം യാതൊരു സ്വരചേർച്ചയുമില്ലെന്നും റിപ്പോർട്ടുകളുണ്ട്. എംബാപ്പെ ടീമിന്റെ വിജയത്തേക്കാൾ സ്വന്തം വ്യക്തിഗത നേട്ടങ്ങൾക്കും റെക്കോർഡുകൾക്കുമാണ് മുൻഗണന നൽകുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
പരിശീലകൻ അൽവാരോ ആർബലോവയുമായും എംബാപ്പെയ്ക്ക് അടുത്ത ബന്ധമില്ല. എംബാപ്പെ പ്രതിരോധത്തിൽ വേണ്ടത്ര സഹായം നൽകാത്തതിലും കളിക്കളത്തിൽ ഓടുന്നതിലെ കുറവിലുമാണ് അർബെലോവ പ്രധാനമായും അതൃപ്തി പ്രകടിപ്പിക്കുന്നത്. പി.എസ്.ജിയിൽ ലൂയിസ് എന്റിക്വെ പ്രകടിപ്പിച്ചതിന് സമാനമായ അതൃപ്തിയാണ് ഇപ്പോൾ അർബെലോവയും പരസ്യമായി കാണിക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തിന് കാരണം എംബാപ്പെയെപ്പോലെയുള്ള താരങ്ങൾ പ്രതിരോധത്തിൽ കാണിക്കുന്ന അലസതയാണെന്ന് പരിശീലകൻ പരസ്യമായി സൂചിപ്പിക്കുന്നു.
എംബാപ്പെ ഇല്ലാതെ കളിച്ച മത്സരങ്ങളിൽ (ഉദാഹരണത്തിന് എസ്പാന്യോളിനെതിരെയുള്ള 2-0 വിജയം) റയൽ മാഡ്രിഡ് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എംബാപ്പെയുടെ പ്രതിരോധത്തിലെ ആലസ്യം ടീമിനെ ദോഷകരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് ആർബെലോവ. മുമ്പ് കളിക്കാരെ എപ്പോഴും പിന്തുണയ്ക്കുകയും തോൽവികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്ന ആർബെലോവ ഇപ്പോൾ തന്റെ അതൃപ്തി മറച്ചുവെക്കുന്നില്ല.
Content Highlights: Federico Valverde and Aurelien Tchouameni involved in a physical altercation in the 2026 season., Valverde suffered a traumatic brain injury during the locker room incident., Kylian Mbappe faces backlash for lack of commitment and professional conduct., Real Madrid fans launched an online petition demanding Mbappe's departure., Coach Alvaro Arbeloa expresses concerns over team discipline and defensive effort.
Published: 08 May 2026, 10:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented