ഫുട്‌ബോൾ ചിലപ്പോൾ സിനിമയേക്കാൾ ആവേശകരമാണ്. അവസാന നിമിഷങ്ങളിൽ ഒരു പാസ്, ഒരു ഡ്രിബിൾ, ഒരു ഗോളിലൂടെ കോടിക്കണക്കിന് ആരാധകരുടെ വികാരങ്ങൾ മാറിമറിയുന്നു. അർജന്റീന ടീമിന്റെ വിജയങ്ങളുടെ പിന്നിൽ ഭാഗ്യം മാത്രമല്ല, ശക്തമായ മാനസിക തയാറെടുപ്പും കൂട്ടായ ആത്മവിശ്വാസവും ഉണ്ട്. 'അവസാന വിസിൽ മുഴങ്ങുന്നതുവരെ കളി കഴിഞ്ഞില്ല' എന്ന വിശ്വാസമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. മെസ്സി ആ ടീമിന്റെ ഹൃദയമായി നിൽക്കുന്നു. അദ്ദേഹത്തിന്റെ ശാന്തത സഹതാരങ്ങളിലേക്കും പകരുന്നു. ഗോളടിക്കുന്നതിലുപരി അവസരം സൃഷ്ടിക്കുന്നതിലാണ് അദ്ദേഹം കൂടുതൽ മിടുക്കു കാണിക്കുന്നത്. കൂട്ടായ വിശ്വാസം അവിടെയുള്ള രഹസ്യായുധമാണ്. ഓരോ കളിക്കാരനും തന്റെ കഴിവിൽ മാത്രമല്ല, കൂട്ടുകാരുടെ കഴിവിലും വിശ്വസിക്കുന്നു. അതാണ് അവസാനനിമിഷങ്ങളിലെ അവരുടെ പാസ്സും മുന്നേറ്റവും ശക്തമാക്കുന്നത്. ആരാധകരുടെ മനസ്സിലും ഇതിന് വലിയ പ്രതികരണമാണ്. സമയം കഴിയുമ്പോൾ ഉള്ള ആ ഉത്കണ്ഠ, അതിന്റെ പാരമ്യത്തിൽ ഒരു ഗോൾ പിറക്കുന്ന ആഹ്ലാദം ഇരട്ടിമധുരമാകുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിജയങ്ങൾ ആരാധകരുടെ ഹൃദയത്തിൽ വർഷങ്ങളോളം ജീവിക്കുന്നു. സാധാരണ വിജയങ്ങൾ മറന്നുപോകാം, പക്ഷേ, അവസാനനിമിഷത്തിലെ വിജയം ജീവിതാനുഭവമായി മാറുന്നു.

To advertise here,

അവസാന വിസിൽ മുഴങ്ങുംവരെ അർജന്റീനയുടെ കളി കാണുമ്പോൾ ആളുകൾ അനുഭവിക്കുന്ന വികാരം പ്രതീക്ഷയുടെയും ഉത്കണ്ഠയുടെയും ഇടയിൽ താളം മാറ്റിമറിയുന്ന ഒരു അനുഭവമാണ്. അവസാനനിമിഷങ്ങളിൽ പ്രതീക്ഷ മങ്ങിപ്പോകുമ്പോഴും ആ നിശബ്ദത നിറഞ്ഞ നിമിഷത്തിലാണ് ചില അത്ഭുതങ്ങൾ ജനിക്കുന്നത്. ഫുട്‌ബോൾ മൈതാനത്ത് അർജന്റീനയെ കാണുമ്പോൾ പലപ്പോഴും നമ്മുടെ സ്വന്തം ജീവിതപോരാട്ടങ്ങളെ ഓർമ വരുന്നു. പരീക്ഷയിൽ തോറ്റുപോകുന്ന വിദ്യാർഥി, ജോലി നഷ്ടപ്പെട്ട യുവാവ്, അസുഖത്തോട് പോരാടുന്ന ഒരാൾ, കുടുംബപ്രശ്‌നങ്ങളിൽ തളർന്ന മാതാപിതാക്കൾ… എല്ലാവർക്കും അർജന്റീനയുടെ യാത്ര പറയുന്നത് ഒരേ സത്യമാണ്: 'അവസാന വിസിൽ മുഴങ്ങുന്നതുവരെ കളി അവസാനിച്ചിട്ടില്ല.' മെസ്സി കൊടുങ്കാറ്റിനിടയിലും ശാന്തനായി നിൽക്കുന്നു. ജീവിതത്തിലും അതുപോലെതന്നെ കഠിനമായ സാഹചര്യങ്ങളിൽ ആദ്യം തകരരുത്, ശ്വാസം ക്രമപ്പെടുത്തുക, സാഹചര്യത്തെ മനസ്സിലാക്കുക, പിന്നെ യുക്തിപരമായ തീരുമാനത്തിലേക്കു നീങ്ങുക. സ്‌കലോണി പഠിപ്പിക്കുന്ന പാഠവും അതുതന്നെ; 'നീ ഒറ്റയ്ക്കല്ല.' നമ്മുടെ കുടുംബം, സുഹൃത്തുകൾ, സഹപ്രവർത്തകർ അവരെയൊക്കെയാണ് നമ്മുടെ ടീമായി കാണേണ്ടത്. സമ്മർദ്ദം പങ്കുവച്ചാൽ അതിന്റെ ഭാരം കുറയും, പ്രതീക്ഷ പങ്കുവെച്ചാൽ അതിന്റെ ശക്തി കൂടും.

മെസ്സി ലോകകപ്പ് ആദ്യശ്രമത്തിൽ നേടിയില്ല, പല കോപ്പ അമേരിക്ക കപ്പുകളും നഷ്ടപ്പെട്ടു, വിമർശനങ്ങളും നേരിട്ടു, ദേശീയ ടീമിൽനിന്ന് വിരമിക്കുമെന്ന് പോലും പ്രഖ്യാപിച്ചു. പക്ഷേ, അദ്ദേഹം തിരിച്ചുവന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിജയം ഒരു കപ്പ് നേടലിൽ ഒതുങ്ങാത്തത്. ഇന്ന് പരാജയത്തിൽ തളരുന്ന ഒരാളോടും മെസ്സിയുടെ ജീവിതം പറയുന്നു: ''ഇന്നത്തെ പരാജയം നാളത്തെ തിരിച്ചു വരവിന്റെ തുടക്കമാകാം.'' ആരാധകർ ഒരു ടീമിനെ പിന്തുണക്കുന്നത് സ്വന്തം സ്വപ്നങ്ങളെയും പ്രതീക്ഷകളെയും ആ ടീമിൽ കാണുന്നതുകൊണ്ടാണ്. അർജന്റീന അവസാനനിമിഷത്തിൽ ജയിക്കുമ്പോൾ, പലർക്കും അതു സ്വന്തം ജീവിതത്തോടുള്ളൊരു സന്ദേശമാകുന്നു: ''ഞാനും ഒരുനാൾ ജയിക്കും.'' ''എന്റെ ജീവിതവും മാറാം.'' അതാണ് ഏറ്റവും വലിയ മാനസികശക്തി. അതിനാൽ, അർജന്റീനയുടെ കഥ ഫുട്‌ബോളിന്റെ മാത്രം കഥയല്ല, മനുഷ്യമനസ്സിന്റെ കഥയാണ്- പ്രതിസന്ധികളെ അതിജീവിച്ച ധൈര്യത്തിന്റെ കഥ. അതു നമ്മെ ഒരിക്കലും നേരത്തെ തോൽക്കാൻ പ്രേരിപ്പിക്കുന്നതല്ല. മറിച്ച്, അവസാന വിസിൽ മുഴങ്ങുന്നതുവരെ നമ്മുടെ സ്വന്തം വിജയത്തിനായി പോരാടാൻ നമ്മെ പ്രചോദിപ്പിക്കുന്നതാണ്.


(ആരോഗ്യവകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖകൻ)