ബുദാപെസ്റ്റ് (ഹംഗറി): നിർണായകമായ ആ അഞ്ചാം കിക്കെടുത്ത ആഴ്‌സനലിന്റെ പ്രതിരോധ താരം ഗബ്രിയേൽ മഗാല്യുൻസിന് പിഴച്ചു, പന്ത് ബാറിന് മുകളിലൂടെ ബുദാപെസ്റ്റിലെ പുസ്‌കാസ് അരീനയിൽ കൂടിനിന്നവർക്കിടയിലേക്ക് പതിച്ചു. ആഴ്‌സനൽ താരങ്ങൾ ഒന്നടങ്കം മുഖംപൊത്തിയിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗണ്ണേഴ്‌സിനെ 4-3ന് മറികടന്ന് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി കിരീടം നിലനിർത്തി. ലൂയിസ് എന്റിക്വെയ്ക്കും സംഘത്തിനും ഒരിക്കൽ കൂടി ആ കിരീടത്തിൽ മുത്തമിടാൻ ഭാഗ്യം.

To advertise here,

നിശ്ചിത സമയത്തും അധിക സമയത്തും 1-1ന് മത്സരം സമനിലയിൽ തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പിഎസ്ജിക്കായി ഗോൺസാലോ റാമോസ്, ഡെസീറെ ഡുവെ, അഷ്‌റഫ് ഹക്കീമി, ലൂക്കാസ് ബെരാൾഡോ എന്നിവർ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചപ്പോൾ നൂനോ മെൻഡസിന്റെ ഷോട്ട് ആഴ്‌സനൽ ഗോൾകീപ്പർ ഡേവിഡ് റായ തട്ടിയകറ്റി.

ആഴ്‌സനലിനായി വിക്ടർ യോക്കെരെഷ്, ഡെക്ലാൻ റൈസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ തങ്ങളുടെ കിക്കുകൾ വലയിലാക്കിയപ്പോൾ എബരെച്ചി എസെയും നിർണായക കിക്കെടുത്ത ഗബ്രിയേൽ മഗാല്യുൻസും അവസരം പാഴാക്കി.

22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ആഴ്‌സനൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു. 2006-ലാണ് മുൻപ് ഒരേയൊരു തവണ ആഴ്സനൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ചത്. അന്ന് ബാഴ്സലോണയോട് തോറ്റു. ഇത്തവണയും ആ വിധി മാറ്റി മറിക്കാൻ ഗണ്ണേഴ്‌സിനായില്ല.

മറുവശത്ത് പ്രീക്വാർട്ടറിൽ ചെൽസി, ക്വാർട്ടറിൽ ലിവർപൂൾ, സെമിയിൽ ബയേൺ മ്യൂണിക് എന്നീ വമ്പന്മാരെ വീഴ്ത്തി ഫൈനലിലെത്തിയ പിഎസ്ജി, ആ മികവ് ആഴ്‌സനലിനെതിരെയും തുടർന്നു. എന്നാൽ മത്സരത്തിന്റെ തുടക്കം അങ്ങനെയായിരുന്നില്ല. ഫൈനലിൽ 'ഹൈ പ്രസ്' തന്ത്രം പുറത്തെടുത്താണ് ആഴ്‌സനൽ തുടങ്ങിയത്. ഇതോടെ തുടക്കത്തിൽ തന്നെ പിഎസ്ജി താരങ്ങൾ സമ്മർദത്തിലായി. പിഎസ്ജിക്ക് പന്ത് സ്വന്തം പകുതിയിൽ നിന്ന് മുന്നോട്ട് നീക്കാൻ പോലും അവസരം നൽകാതെയായിരുന്നു തുടക്കത്തിൽ ഗണ്ണേഴ്‌സിന്റെ ആക്രമണം. ആറാം മിനിറ്റിൽ അത് ഫലം കാണുകയും ചെയ്തു. ഇത്തരത്തിൽ ഒരു മുന്നേറ്റത്തിനിടെ പന്ത് ക്ലിയർ ചെയ്യാനുള്ള പിഎസ്ജി ക്യാപ്റ്റൻ മാർക്വിന്യോസിന്റെ ശ്രമത്തിനിടെ പന്ത് ട്രൊസാർഡിന്റെ ദേഹത്തിടിച്ച് ചെന്നുവീണത് കായ് ഹാവെർട്‌സിന്റെ കാൽപ്പാകത്തിന്. ഒറ്റയ്ക്ക് പന്തുമായി മുന്നേറിയ ഹാവെർട്‌സ് പോസ്റ്റിന്റെ ഇടതുമൂലയിൽ നിന്ന് വളരെ ഇടുങ്ങിയ ആംഗിളിൽ നിന്ന് നിറയൊഴിച്ചു. പന്ത് പിഎസ്ജി ഗോളി സഫോനോവിന് യാതൊരു അവസരവും നൽകാതെ വലയിൽ.

ഗോൾ വീണതോടെ പിഎസ്ജി പന്തിൽ ആധിപത്യം സ്ഥാപിച്ചു. ഇതിനിടെ 16-ാം മിനിറ്റിൽ ബുക്കായോ സാക്കയ്‌ക്കെതിരായ പിഎസ്ജിയുടെ ഹാൻഡ് ബോൾ അപ്പീൽ റഫറി നിഷേധിച്ചു. 26-ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് ബുകായോ സാക്ക നൽകിയ അപകടകരമായേക്കാമായിരുന്ന ക്രോസ് പിഎസ്ജി ഗോളി സഫൊനോവ്, മാർട്ടിൻ ഒഡെഗാർഡിന്റെ കാൽപ്പകത്തിന് ലഭിക്കും മുമ്പ് തട്ടിയകറ്റി.

ആദ്യ പകുതിയിൽ കളിയിൽ ആധിപത്യം പുലർത്തിയത് പിഎസ്ജി ആയിരുന്നുവെങ്കിലും ഗോൾ നേടാൻ അവർക്ക് സാധിച്ചില്ല. 77 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും അവർക്ക് ആഴ്‌സണലിന്റെ പ്രതിരോധം ഭേദിക്കാനായില്ല.

ആദ്യ പകുതിയിൽ പിഎസ്ജിയുടെ പന്തടക്കത്തിനിടയിലും ആഴ്‌സണലിന്റെ പ്രതിരോധ നിര വളരെ അച്ചടക്കത്തോടെ നിലയുറപ്പിച്ചു. ഗബ്രിയേൽ മഗാല്യുൻസിന്റെയും വില്യം സാലിബയുടെയും സമയോചിതമായ ഇടപെടലുകളാണ് പിഎസ്ജിയുടെ പല നീക്കങ്ങളെയും പ്രതിരോധിച്ചത്. ഇതോടെ ആദ്യ പകുതി ആഴ്‌സനലിന്റെ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ മടക്കാനുള്ള കഠിനപ്രയത്‌നത്തിലായിരുന്നു പിഎസ്ജി. ഇതോടെ ആഴ്‌സനൽ പ്രതിരോധത്തിന് പിടിപ്പത് പണിയായി. രണ്ടാം പകുതിയുടെ തുടക്കത്തിലെ ഓരോ പിഎസ്ജി മുന്നേറ്റങ്ങളും പ്രതിരോധിക്കാൻ ആഴ്‌സനലിന് കിണഞ്ഞ് ശ്രമിക്കേണ്ടതായി വന്നു. പിന്നാലെ കടുത്ത പ്രസ്സിങ് ഗെയിമിന് പിഎസ്ജിക്ക് ഫലവും കിട്ടി. 62-ാം മിനിറ്റിൽ ബോക്‌സിൽ ഖ്വിച്ച വാരത്സ്ഹേലിയയുടെ മുന്നേറ്റം തടയാനുള്ള ആഴ്‌സനൽ ഡിഫൻഡർ ക്രിസ്ത്യൻ മൊസ്‌ക്വെരയുടെ നീക്കം പിഴച്ചു. റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. വാറും ഈ തീരുമാനം ശരിവെച്ചു. 65-ാം മിനിറ്റിൽ കിക്കെടുത്ത ഒസ്മാൻ ഡെംബലെയ്ക്ക് പിഴച്ചില്ല, പന്ത് വലയിൽ. പിസ്ജി ഒപ്പത്തിനൊപ്പം (1-1).

ഗോൾ വീണതിനു പിന്നാലെ ആഴ്‌സനൽ മൊസ്‌ക്വെരയ്ക്ക് പകരം ടിംബെറിനെയും മാർട്ടിൻ ഒഡെഗാർഡിന് പകരം വിക്ടർ യോക്കെരെഷിനെയും കളത്തിലിറക്കി. തുടർന്ന് ഇരു ഭാഗത്തു നിന്നും മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും അതെല്ലാം പ്രതിരോധ നിരകൾ നിഷ്പ്രഭമാക്കി. 77-ാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മുന്നേറി വാരത്സ്ഹേലിയ തൊടുത്ത ഷോട്ട് ആഴ്‌സനൽ ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു. തുടർന്ന് അധിക സമയത്തടക്കം ഗോൾ നേടാൻ ഇരു ടീമിനും സാധിക്കാതിരുന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. രണ്ട് കിക്കുകൾ നഷ്ടപ്പെടുത്തിയ ആഴ്‌സനലിന് അങ്ങനെ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനിലും തോൽവി.