ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ കരുത്തരായ പോര്‍ച്ചുഗലിന് വിജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിനെ തകര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സ്‌പെയിന്‍ സമനില വഴങ്ങി. 

To advertise here,

ലീഗ് എ യിലെ ഗ്രൂപ്പ് രണ്ടില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. മത്സരത്തിന്റെ 35, 39 മിനിറ്റുകളിലാണ് റൊണാള്‍ഡോ ഗോളടിച്ചത്. വില്യം കാര്‍വാലോയും ജാവോ ക്യാന്‍സലോയും പറങ്കിപ്പടയ്ക്ക് വേണ്ടി വലകുലുക്കി.

ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റ് നേടി പട്ടികയില്‍ ഒന്നാമതെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ സ്‌പെയിനിനെ ചെക്ക് റിപ്പബ്ലിക്ക് സമനിലയില്‍ കുരുക്കി. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 

നാലാം മിനിറ്റില്‍ യാക്കൂബ് പെസെക്കിലൂടെ ചെക്കാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ യുവതാരം ഗാവിയിലൂടെ സ്‌പെയിന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ യാന്‍ കുച്ച്റ്റയിലൂടെ ചെക്ക് വീണ്ടും ലീഡെടുത്തു. 

മത്സരം ചെക്ക് സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും 90-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട് ഇനിഗോ മാര്‍ട്ടിനെസ് സ്‌പെയിനിന് സമനില സമ്മാനിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് സ്‌പെയിനാണ്. ഗ്രൂപ്പില്‍ സ്‌പെയിന്‍ വഴങ്ങുന്ന തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. 

ഇതോടെ സ്‌പെയിന്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. രണ്ട് പോയന്റാണ് ടീമിനുള്ളത്. നാല് പോയന്റുമായി ചെക്ക് രണ്ടാമതാണ്.