വാഷിങ്ടൺ: യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, 2026 ലോകകപ്പ് നിയന്ത്രിക്കേണ്ടിയിരുന്ന ആദ്യ സൊമാലിയൻ റഫറിയായ ഒമർ അർതാനെ ഫിഫ മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. 2025-ലെ ആഫ്രിക്കൻ ഫുട്ബോളിലെ മികച്ച റഫറിയായ അദ്ദേഹത്തെ മിയാമി വിമാനത്താവളത്തിൽ വെച്ചാണ് തടഞ്ഞത്. നിലവിൽ തുർക്കിയിലാണ് അദ്ദേഹമുള്ളത്.

To advertise here,

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നുണ്ടെങ്കിലും, അർതാനെ തിരിച്ചയച്ചതിന് യു.എസ്. ഇമിഗ്രേഷൻ അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. നയതന്ത്ര പാസ്‌പോർട്ട് ഉൾപ്പെടെ കൃത്യമായ യാത്രാരേഖകൾ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചതിൽ സൊമാലിയൻ ഫുട്ബോൾ ഫെഡറേഷൻ ഫിഫയോട് വിശദീകരണം തേടി.

യു.എസിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിനാൽ ഒമർ അബ്ദുൽഖാദിർ അർതാന് 2026-ലെ ഫിഫ ലോകകപ്പിൽ പരിശീലനം നടത്തുന്നതിനോ മത്സരം നിയന്ത്രിക്കുന്നതിനോ സാധിക്കില്ലെന്ന് ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു. വിസയും പ്രവേശനവും പൂർണമായും ആതിഥേയ രാജ്യത്തിന്റെ തീരുമാനമാണെന്നും, നിലവിലെ സാഹചര്യത്തിൽ അർതാന് ഈ ലോകകപ്പ് നഷ്ടമാകുമെന്നും ഫിഫ അറിയിച്ചു. 2018 മുതൽ ഫിഫ റഫറിയായ അർതാൻ, ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 52 റഫറിമാരിൽ ഒരാളായിരുന്നു.