വാഷിങ്ടൺ: 981 ദിവസങ്ങളുടെ ഇടവേള കഴിഞ്ഞാണ് ഫുട്‌ബോൾ സൂപ്പർ താരം നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങിയത്. ലയണൽ മെസ്സി, ക്രിസ്റ്റിയാനോ റൊണാൾഡോ എന്നിവർക്കുശേഷം ഫുട്‌ബോൾ സിംഹാസനം കൈയടക്കിവയ്ക്കുമെന്ന് ഒരുകാലത്ത് നെയ്മറിനെക്കുറിച്ച് കരുതപ്പെട്ടിരുന്നു. എന്നാൽ, ആവർത്തിച്ചുള്ള പരിക്കുകൾ താരത്തിന്റെ കരിയറിൽ കരിനിഴൽ വീഴ്ത്തി. നിർണായകമായ പല മത്സരങ്ങളിലും ടീമിന്റെ ഭാഗമാകാൻ കഴിയാതെയായി. അപ്പോഴും ലോകമെമ്പാടും വിപുലമായ ഒരാരാധകവൃന്ദം നെയ്മറിനുണ്ടായിരുന്നു. അതുകൊണ്ടാണ് സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ നെയ്മർ ഇറങ്ങുന്നു എന്ന പ്രഖ്യാപനത്തെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ വലിയ പ്രതീക്ഷയോടെ ഏറ്റെടുത്തത്.

To advertise here,

2026 ലോകകപ്പിലെ ആദ്യമത്സരത്തിനിറങ്ങിയതിനു പിന്നാലെ, സ്കോട്ട്ലൻഡിനെതിരായ മത്സരത്തിനിടെ പകർത്തിയ ചിത്രങ്ങൾ പങ്കുവെച്ച് ഒറ്റവരി കുറിച്ചിരിക്കുകയാണ് നെയ്മർ സാമൂഹിക മാധ്യമങ്ങളിൽ. നിങ്ങളാരാണെന്ന് ഓർക്കുക (Remember Who You Are) എന്നാണ് അടിക്കുറിപ്പ്. വിജയമില്ലാത്ത 686 ദിവസങ്ങൾക്കുശേഷം ബാഴ്‌സലോണ-കാറ്റലോണിയ ഗ്രാൻഡ്പ്രിക്‌സിൽ വിജയം നേടിയശേഷം മുൻപ് ലൂയിസ് ഹാമിൽട്ടണും ഇതേ വാചകംതന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

പരിക്കുകൾ വലച്ച നെയ്മറിന്റെ കരിയർ യൂറോപ്യൻ ഫുട്‌ബോളിൽനിന്ന് സൗദി അറേബ്യയിലേക്കും പിന്നീട് ബ്രസീലിലേക്കും നീണ്ടു. കഴിഞ്ഞ മൂന്നുവർഷം ക്ലബ്ബ് തലത്തിലും അന്താരാഷ്ട്ര തലത്തിലും നൂറിലേറെ മത്സരങ്ങളാണ് നെയ്മറിന് നഷ്ടമായത്. ഇക്കാലത്തിനിടെ ഏറെ വിമർശനങ്ങൾക്കും പാത്രമായി. വർക്ക് ഫ്രം ഹോം ഫുട്‌ബോൾ താരമെന്നാണ് ബ്രസീൽ പ്രസിഡന്റ് തന്നെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എന്നാൽ, സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്താണ് നെയ്മർ വിമർശനങ്ങളുടെയെല്ലാം മുനയൊടിച്ചത്.