സപോപാൻ(മെക്‌സിക്കോ): ലോകകപ്പിൽ റൗണ്ട് ഓഫ് 32 വിലെത്തുന്ന ആദ്യ ടീമായി ആതിഥേയരായ മെക്‌സിക്കോ. ഗ്രൂപ്പ് എ യിൽ ദക്ഷിണ കൊറിയയെ തോൽപ്പിച്ചാണ് മെക്‌സിക്കോ അടുത്ത റൗണ്ടിലേക്ക് കടന്നത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. ലോകകപ്പിലെ മെക്‌സിക്കോയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മെക്‌സിക്കോ തോൽപ്പിച്ചിരുന്നു.
ജയിക്കുന്നവർ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നതിനാൽ കടുത്ത മത്സരമായിരുന്നു തുടക്കം മുതൽ. ഇരുടീമുകളും ശ്രദ്ധയോടെയാണ് കളിച്ചത്. മെക്‌സിക്കോയായിരുന്നു കൂടുതൽ സമയം പന്ത് കൈവശം വെച്ച് കളിച്ചത്. കൊറിയൻ പെനാൽറ്റി ബോക്‌സിലേക്ക് നിരന്തരം ആക്രമണങ്ങളും നടത്തി. കൊറിയൻ ഗോൾകീപ്പർ കിം സ്യുങ് ഗ്യുവിന്റെ കൃത്യമായ ഇടപെടലുകളാണ് ടീമിനെ രക്ഷിച്ചത്. എന്നാൽ കിട്ടിയ അവസരങ്ങളിൽ സൺ ഹ്യുങ് മിൻ അടക്കമുള്ള കൊറിയൻ മുന്നേറ്റനിര മെക്‌സിക്കോ പ്രതിരോധത്തെ പരീക്ഷിച്ചു.
ഗോളിലേക്ക് എത്തിക്കാൻ പോന്ന നീക്കങ്ങൾ നടത്താനാവാതെ വന്നതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു. ലോകകപ്പിൽ കഴിഞ്ഞ 12 മത്സരങ്ങളിൽ മെക്‌സിക്കോ ആദ്യപകുതിയിൽ ഗോൾ വഴങ്ങിയിട്ടില്ല. അത് തുടരാൻ മെക്‌സിക്കോയ്ക്ക് സാധിച്ചു. 2010-ൽ അർജന്റീനയ്‌ക്കെതിരേയാണ് അവസാനമായി ആദ്യപകുതിയിൽ ഗോൾ വഴങ്ങിയത്.
രണ്ടാം പകുതിയിൽ ഗോളടിക്കാനുറച്ചാണ് ടീമുകൾ കളത്തിലിറങ്ങിയത്. 50-ാം മിനിറ്റിൽ തന്നെ മത്സരത്തിലെ ആദ്യഗോളുമെത്തി. മെക്‌സിക്കോ ലൂയിസ് റോമോയിലൂടെ വലകുലുക്കി. കൊറിയൻ ഗോൾകീപ്പറുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. ഉയർന്നുവന്ന പന്ത് കൊറിയൻ ഗോളി കിം സ്യുങ് ഗ്യു ആദ്യം കൈപ്പിടിയിലാക്കിയെങ്കിലും സഹതാരവുമായി കൂട്ടിയിടിച്ചതോടെ പന്ത് കൈവിട്ടു. അത് റോമോ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മെക്‌സിക്കോ പിന്നെയും മുന്നേറ്റങ്ങൾ തുടർന്നു. 75-ാം മിനിറ്റിൽ പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്നുള്ള റൗൾ ജിമെനെസിന്റെ തകർപ്പൻ ഷോട്ട് കൊറിയൻ ഗോളി തട്ടിയകറ്റി. 87-ാം മിനിറ്റിൽചോ ഗ്യൂസങ്ങിന്റെ ഗോളെന്നുറച്ച ഹെഡർ അവിശ്വസനീയമാംവിധമാണ് മെക്‌സിക്കൻ ഗോളി റൗൾ റെയ്ഞ്ചൽ തട്ടിയകറ്റിയത്. കൊറിയയുടെ തിരിച്ചടിക്കാനുള്ള ശ്രമങ്ങളെ കൂടി പ്രതിരോധിച്ചതോടെ മെക്‌സിക്കോ ജയത്തോടെ മടങ്ങി.
നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് ആറുപോയിന്റാണ് മെക്‌സിക്കോയ്ക്കുള്ളത്. കൊറിയ മൂന്നുപോയന്റോടെ രണ്ടാമതുണ്ട്. ചെക്ക് റിപ്പബ്ലിക്ക് മൂന്നാമതും ദക്ഷിണാഫ്രിക്ക നാലാമതുമാണ്.
Content Highlights: Mexico vs South Korea 2026 World Cup fixture
Published: 19 Jun 2026, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented