ജാംനഗര്‍: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി, ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ 'വന്താര' സന്ദര്‍ശിച്ചു. ഊഷ്മളമായ വരവേല്‍പ്പാണ് വന്താരയില് മെസ്സിക്ക് ലഭിച്ചത്. ഗോട്ട് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ മെസ്സി തിങ്കളാഴ്ച ഡൽഹിയിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷമാണ് ഗുജറാത്തിലേക്ക് പോയത്.
എല്ലാ സംരക്ഷണ പ്രവര്‍ത്തനങ്ങളും പ്രകൃതിയോടുള്ള ആത്മീയമായ ആദരവില്‍ നിന്നാണ് ഉത്ഭവിക്കുന്നതെന്ന സന്ദേശം നല്കുന്ന ചടങ്ങായിരുന്നു മെസ്സിക്കായി വന്താരയില് ഒരുക്കിയത്. സനാതന ധര്‍മ്മത്തിന്റെ കാതലായ ഈ ആശയം, മെസ്സിയുടെ സന്ദര്‍ശനത്തിന് സവിശേഷമായ ഒരു തലം നല്‍കുകയും, ഒരു സാധാരണ സെലിബ്രിറ്റി പര്യടനത്തില്‍ നിന്ന് പ്രകൃതിയോടുള്ള ആദരവില്‍ അധിഷ്ഠിതമായ ഒരു തീര്‍ത്ഥാടനമാക്കി മാറ്റുകയും ചെയ്തു.
സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരോടൊപ്പം വന്താരയിലെത്തിയ മെസ്സിയെ കാത്തിരുന്നത് കാഴ്ചയുടെയും ശബ്ദത്തിന്റെയും വര്‍ണ്ണങ്ങളുടെയും ഒരു സമന്വയമായിരുന്നു. ക്ഷേത്രത്തില്‍ നടന്ന മഹാ ആരതിയിലും മെസ്സി പങ്കാളിയായി. ഹരിതോര്‍ജ്ജ സമുച്ചയവും ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്സും മെസ്സി സന്ദർശിച്ചു. ഓരോ കേന്ദ്രത്തിലും, വിദഗ്ദ്ധ വെറ്ററിനറി പരിചരണം, ഓരോ മൃഗത്തിനും അനുയോജ്യമായ പോഷകാഹാരം, സ്വഭാവ പരിശീലനം, ശാസ്ത്രീയമായ പരിപാലന രീതികള്‍ എന്നിവ അദ്ദേഹം നിരീക്ഷിച്ചു.
വന്യജീവി സംരക്ഷണത്തിനും പരിചരണത്തിനും മുന്‍ഗണന നല്കുന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയെ മെസ്സി പ്രത്യേകം പ്രശംസിക്കുകയുണ്ടായി. വന്താര ചെയ്യുന്നത് യഥാര്‍ത്ഥത്തില്‍ മനോഹരമായ ഒരു കാര്യമാണ്. മൃഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം, അവയ്ക്ക് ലഭിക്കുന്ന പരിചരണം, അവയെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി എന്നിവയെല്ലാം ശരിക്കും പ്രശംസനീയമാണ്. ഞങ്ങള്‍ ഇവിടെ വളരെ സന്തോഷത്തോടെ സമയം ചെലവഴിച്ചു, തികച്ചും സുരക്ഷിതരായിരുന്നു. ഇത് മനസ്സില്‍ തങ്ങിനില്ക്കുന്ന ഒരു അനുഭവമാണ്. ഈ പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കാനും പിന്തുണയ്ക്കാനും ഞങ്ങള്‍ തീര്‍ച്ചയായും വീണ്ടും വരും- മെസ്സി പറഞ്ഞു.
Content Highlights: messi vantara visit anant ambani
Published: 16 Dec 2025, 10:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented