രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ജയം. ഇതോടെ മേജര്‍ ലീഗ് സോക്കറിന്റെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം മെസ്സിക്ക് ഉറപ്പായി

നാഷ്വില്ലെയ്ക്കെതിരേ ഗോൾ നേടിയ മെസ്സിയുടെ ആഹ്ളാദം | Getty Images
ന്യൂയോര്‍ക്ക്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്ക് മികവില്‍ നാഷ്‌വില്ല എസ്‌സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി. രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ജയം. ഇതോടെ മേജര്‍ ലീഗ് സോക്കറിന്റെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം മെസ്സിക്ക് കിട്ടുമെന്ന് ഉറപ്പായി. ആദ്യ പകുതിയില്‍ ഒന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകളാണ് മെസ്സി നേടിയത്. അതേസമയം ആദ്യ പകുതിയില്‍ നാഷ്‌വില്ലയാണ് ലീഡ് ചെയ്തത്.
34-ാം മിനിറ്റിലാണ് മെസ്സിയുടെ ആദ്യഗോള്‍. പെനാല്‍റ്റി ഏരിയയ്ക്ക് പുറത്തുനിന്നുള്ളി കിടിലന്‍ ഗോളിലൂടെ മെസ്സി മയാമിയെ മുന്നിലെത്തിച്ചു. ജോര്‍ഡി ആല്‍ബയില്‍നിന്ന് പാസ് സ്വീകരിച്ച്, ഒന്ന് വെട്ടിമാറി ഇടംകാല്‍ കൊണ്ടുള്ള ഷോട്ട്, ബോക്‌സിന്റെ ഇടതുമൂലയില്‍ പതിച്ചു (1-0). എന്നാല്‍ ഒന്‍പത് മിനിറ്റുകള്‍ക്ക് ശേഷം ഹാനി മുക്താറിന്റെ കൃത്യതയാര്‍ന്ന ക്രോസ് പോസ്റ്റിനടുത്തുവെച്ച് സാം സറിഡ്ജ് ഹെഡ് ചെയ്ത് ഗോളാക്കിയതോടെ ഇരുടീമും ഒപ്പത്തിനൊപ്പം (1-1). എന്നാല്‍ ഇന്‍ജുറി ടൈമില്‍ മയാമിയെ ഞെട്ടിച്ചുകൊണ്ട് നാഷ്‌വില്ല വീണ്ടും സ്‌കോര്‍ ചെയ്തു. ഹാനി മുക്താറിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയെങ്കിലും റീബൗണ്ട് വന്ന പന്ത് ജേക്കബ് ഷാഫല്‍ബര്‍ഗ് വലയിലാക്കി ടീമിന് ലേഡി നേടിക്കൊടുത്തു (1-2).
എന്നാല്‍ 63-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി മെസ്സി ടീമിനെ ഒപ്പമെത്തിച്ചു. ബോക്‌സില്‍ ലൂയിസ് സുവാരസിന്റെ കാലില്‍ തട്ടിത്തെറിച്ച പന്ത് മുക്താറിന്റെ കൈയില്‍ തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത മെസ്സി വളരെ സാവധാനം പന്ത് വലയിലെത്തിക്കുകയായിരുന്നു. 67-ാം മിനിറ്റില്‍ ബല്‍ത്താസര്‍ റോഡ്രിഗസിലൂടെ മയാമി വീണ്ടും മുന്നിലെത്തിച്ചു. 81-ാം മിനിറ്റില്‍ കളിക്കാര്‍ക്കിടയിലൂടെ തൊടുത്ത ഒരു ഷോട്ട് മെസ്സി വലയിലെത്തിച്ച് തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. പിന്നീട് ടെലാസ്‌കോ സെഗോവിയയും ഗോള്‍ നേടിയതോടെ നേട്ടം അഞ്ചായി.
അതേസമയം മേജർ ലീഗ് സോക്കറിലെ ഗോള്‍ഡന്‍ ബൂട്ട് മെസ്സിക്കാണെന്ന് ഏതാണ്ട് ഉറപ്പായി. സീസണിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ ലോസ് ആഞ്ജലീസ് എഫ്‌സിയുടെ ഡെനിസ് ബൗംഗയെക്കാള്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു മെസ്സി. 26 ഗോളായിരുന്നു സമ്പാദ്യം. എന്നാല്‍ ശനിയാഴ്ച ഹാട്രിക് നേടി 28 മത്സരങ്ങളില്‍നിന്ന് ഗോള്‍നേട്ടം 29 ആക്കാന്‍ താരത്തിനായി. എംഎല്‍എസ് ബൂട്ട് മെസ്സിയെത്തേടി ആദ്യമായാണെത്തുന്നത്.
Content Highlights: Messi's Hat-Trick Seals Playoff Berth & Golden Boot Race Dominance
Published: 19 Oct 2025, 12:29 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented