ലണ്ടന്‍: ഒടുവില്‍ കിരീടവഴിയില്‍ തിരിച്ചെത്തി ഇംഗ്ലീഷ് ഫുട്‌ബോളിലെ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. കാരബാവോ കപ്പ് (ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പ്) ഫൈനലില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ആറുവര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്കാണ് യുണൈറ്റഡ് അറുതി വരുത്തിയത്.

To advertise here,

വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 33-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം കാസെമിറോയും 39-ാം മിനിറ്റില്‍ ന്യൂകാസിലിന്റെ സ്വെന്‍ ബോട്മന്‍ വഴങ്ങിയ സെല്‍ഫ് ഗോളിലുമാണ് യുണൈറ്റഡ് ജയിച്ചത്. യുണൈറ്റഡിന്റെ ആറാം ലീഗ് കപ്പ് കിരീടമാണിത്. 2016-17 സീസണിനുശേഷം യുണൈറ്റഡ് കപ്പുകളൊന്നും നേടിയിരുന്നില്ല. പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗിന് കീഴില്‍ നടന്ന ആദ്യ ഫൈനല്‍ ജയിക്കാനായത് പരിശീലകനും നേട്ടമായി.

1991-92, 2005-06, 2008-09, 2009-10, 2016-17 വര്‍ഷങ്ങളിലാണ് യുണൈറ്റഡ് ഇതിനു മുമ്പ് ലീഗ് കപ്പ് നേടിയത്. വെംബ്ലിയില്‍ തുടക്കത്തില്‍ ന്യൂകാസിലിനായിരുന്നു കളിയില്‍ ആധിപത്യം. ആദ്യപകുതിയില്‍ യുണൈറ്റഡ് പ്രതിരോധത്തെ വിറപ്പിക്കാനായെങ്കിലും ഗോളടിച്ചില്ല. എന്നാല്‍ ലഭിച്ച അവസരങ്ങളെ കൃത്യമായി വിനിയോഗിച്ചത് യുണൈറ്റഡിന് രക്ഷയായി.

33-ാം മിനിറ്റില്‍ ലൂക്ക് ഷോ എടുത്ത ഫ്രീകിക്ക് മനോഹരമായ ഹെഡറിലൂടെ കാസെമിറോ വലയിലെത്തിച്ചു. പിന്നാലെ 39-ാം മിനിറ്റില്‍ സ്വെന്‍ ബോട്മന്റെ സെല്‍ഫ് ഗോളിലൂടെ രണ്ടാം ഗോളും പിറന്നതോടെ യുണൈറ്റഡ് ആധിപത്യം നേടി. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്റെ ഗോള്‍ശ്രമമാണ് ബോട്മന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചത്. വെഗോര്‍സ്റ്റ് ഒറ്റയ്ക്ക് മുന്നേറി നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു റഷ്‌ഫോര്‍ഡിന്റെ ഷോട്ട്. വലിയ ഡിഫ്‌ലക്ഷന്‍ വന്നതു കൊണ്ട് ഈ ഗോള്‍ സെല്‍ഫ് ഗോളായാണ് രേഖപ്പെടുത്തിയത്.

രണ്ടാം പകുതിയില്‍ ഇരുടീമുകളും ഗോളുകള്‍ക്കായി നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. ന്യൂകാസിലിന്റെ മുന്നേറ്റങ്ങളെ യുണൈറ്റഡ് പ്രതിരോധിക്കുകയായിരുന്നു.