ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ ക്ലബ്ബുകളിലൊന്നായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ ആറുവര്‍ഷമായി കടുത്ത പ്രതിസന്ധിയിലായിരുന്നു. പേരിനൊരു കിരീടനേട്ടംപോലുമില്ലാത്ത വര്‍ഷങ്ങള്‍. പരിശീലകര്‍ മാറിമാറിവന്നിട്ടും കപ്പുയര്‍ത്തുന്നതിന്റെ ആരവങ്ങള്‍ അകന്നുനിന്നു. ഒടുവില്‍ ഡച്ച് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനു കീഴില്‍ കിരീടവരള്‍ച്ചയ്ക്ക് ക്ലബ്ബ് അവസാനമിട്ടിരിക്കുന്നു. ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് കിരീടം സ്വന്തമാക്കുമ്പോള്‍ യുണൈറ്റഡിന് ആഘോഷത്തെക്കാള്‍ അത് ആശ്വാസമാണ്.

To advertise here,

കിരീടപോരാട്ടത്തില്‍ എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. കാസെമിറോയും മാര്‍ക്കസ് റാഷ്ഫോഡും ഗോളുകള്‍ നേടി. ചരിത്രത്തില്‍ ആറാം തവണയാണ് ലീഗ് കപ്പ് ക്ലബ്ബിന് സ്വന്തമാകുന്നത്. 69-ാമത്തെ പ്രധാനകിരീടനേട്ടം കൂടിയാണിത്.

റാല്‍ഫ് റാഗ്‌നിക്കിന്റെ പിന്‍ഗാമിയായി കഴിഞ്ഞ മേയ് 23-ന് ഓള്‍ഡ് ട്രാഫഡിലേക്കെത്തിയ എറിക് ടെന്‍ ഹാഗിന് കീഴില്‍ ടീമിന് സംഭവിച്ച മാറ്റമാണ് കിരീടവിജയത്തിലേക്ക് എത്തുന്നത്. ഹോസെ മൗറീന്യോയുടെ കാലഘട്ടത്തില്‍ നേടിയ കിരീടങ്ങള്‍ക്കുശേഷം നേട്ടങ്ങളൊന്നുമില്ല. ഓലെ ഗുണാര്‍ സോള്‍ഷ്യറും റാഗ്‌നിക്കും കിരീടമില്ലാതെയാണ് പടിയിറങ്ങിയത്.

തന്റെ ശൈലിക്കനുസരിച്ച് കളിക്കാരെ മാറ്റിയെടുക്കാന്‍ ടെന്‍ ഹാഗിന് കഴിഞ്ഞതിന്റെ ഫലമാണ് വിജയം. ടെന്‍ ഹാഗിന്റെ ശൈലിയോട് പൊരുത്തപ്പെടാന്‍ കഴിയാതെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടു.

നായകന്‍ ഹാരി മഗ്വയറിന് ആദ്യഇലവനിലെ സ്ഥാനം നഷ്ടമായി. റയല്‍ മഡ്രിഡില്‍നിന്ന് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോയെയും അയാക്സില്‍നിന്ന് ഡിഫന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, വിങ്ങര്‍ ആന്റണി എന്നിവരെ ടീമിലേക്ക് എത്തിച്ചതും നിര്‍ണായകമായി.

കാസെമിറോയാണ് ടീമിന്റെ അച്ചുതണ്ട്. യുവതാരം മാര്‍ക്കസ് റാഷ്ഫോഡ് ടെന്‍ഹാഗിന് കീഴില്‍ മെച്ചപ്പെട്ടതും യുണൈറ്റഡിന്റെ കുതിപ്പിന് കാരണമായി. യൂറോപ്പ ലീഗ്, എഫ്.എ. കപ്പ് എന്നിവയാണ് ഇനി പരിശീലകനുമുന്നിലുള്ള കടമ്പകള്‍.