ലണ്ടന്‍: കറബാവോ കപ്പ് എന്ന പേരിലറിയപ്പെടുന്ന ഇംഗ്ലീഷ് ലീഗ് കപ്പില്‍ നിന്ന് നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരും ചാമ്പ്യന്‍സ് ലീഗ് കിരീടജേതാക്കളുമായ മാഞ്ചെസ്റ്റര്‍ സിറ്റി പുറത്ത്. മൂന്നാം റൗണ്ടില്‍ ന്യകാസില്‍ യുണൈറ്റഡാണ് സിറ്റിയെ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂകാസിലിന്റെ വിജയം. ഈ വിജയത്തോടെ ന്യൂകാസില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

To advertise here,

കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ന്യൂകാസിലിനായി 53-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഐസക്കാണ് ഗോളടിച്ചത്. ഞെട്ടിക്കുന്ന തോല്‍വിയാണ് സിറ്റി ഏറ്റവുവാങ്ങിയത്. ഈ സീസണില്‍ സിറ്റി വഴങ്ങുന്ന ആദ്യ തോല്‍വി കൂടിയാണിത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി ആറുമത്സരങ്ങള്‍ വിജയിച്ചെത്തിയ സിറ്റിയെ ന്യകാസില്‍ ശരിക്കും ഞെട്ടിച്ചു. പ്രീ ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് ന്യൂകാസിലിന്റെ എതിരാളികള്‍. കഴിഞ്ഞ സീസണില്‍ ഫൈനലില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ന്യൂകാസിലിനെ കീഴടക്കി യുണൈറ്റഡ് കിരീടം നേടിയിരുന്നു. 

കരുത്തരായ ആഴ്‌സനല്‍, ചെല്‍സി, ലിവര്‍പൂള്‍ എന്നീ ടീമുകളും പ്രീ ക്വാര്‍ട്ടറിലെത്തി. ലിവര്‍പൂള്‍ 3-1 ന് ലെസ്റ്റര്‍ സിറ്റിയെയും ചെല്‍സി 1-0 ന് ബ്രൈട്ടണെയും ആഴ്‌സനല്‍ 1-0 ന് ബ്രെന്റ്‌ഫോര്‍ഡിനെയും പരാജയപ്പെടുത്തി. ഒക്ടോബര്‍ 31 ന് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.