മയാമി: മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് സമനില. കരുത്തരുടെ പോരാട്ടത്തിൽ നാഷ്‌വില്ലെയുമായാണ് മയാമി സമനിലയിൽ കലാശിച്ചത്. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. മയാമിക്കായി സൂപ്പർ താരം ലയണൽ മെസ്സി വലകുലുക്കിയപ്പോൾ നാഷ്‌വില്ലെക്കായി സാം സറിഡ്ജ് ഇരട്ടഗോളുകൾ നേടി.

To advertise here,

മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ തന്നെ മയാമിയെ ഞെട്ടിച്ച് നാഷ്‌വില്ലെ ലീഡെടുത്തു. സാം സറിഡ്ജ് പെനാൽറ്റി ബോക്‌സിനുള്ളിൽ നിന്ന് തകർപ്പൻ ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. പിന്നീട് മയാമിയുടെ ശക്തമായ മുന്നേറ്റങ്ങൾക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. മെസ്സിയുടെ ഷോട്ടുകൾ നാഷ്‌വില്ലെ ഗോൾകീപ്പർ തടുത്തിട്ടു. 19-ാം മിനിറ്റിൽ മയാമി സമനില ഗോളും കണ്ടെത്തി. മെസ്സിയുടെ കോർണർ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ നാഷ്‌വില്ലെ താരം റീഡ് ബേക്കർ സെൽഫ് ഗോളടിച്ചു. ആദ്യ പകുതി 1-1 ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച മയാമി തുടക്കത്തിൽ തന്നെ ലീഡെടുത്തു. 62-ാം മിനിറ്റിൽ ലയണൽ മെസ്സി വലകുലുക്കി. ഡിപോളിന്റെ അസിസ്റ്റിൽ നിന്ന് ബോക്‌സിന് പുറത്തുനിന്ന് ഉഗ്രൻ ഷോട്ടിലൂടെയാണ് മെസ്സിയുടെ ഗോൾ പിറന്നത്. നാഷ്‌വില്ലെ ഗോൾകീപ്പർ തടയാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് മയാമിയുടെ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. നിരവധി ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി. മത്സരം മയാമി ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ നാഷ്‌വില്ലെയുടെ തിരിച്ചടിയെത്തി. ഇഞ്ചുറി ടൈമിൽ സാം സറിഡ്ജ് ലക്ഷ്യം കണ്ടതോടെ മത്സരം സമനിലയിൽ അവസാനിച്ചു.