മാഞ്ചെസ്റ്റർ: സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിക്കെതിരേ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് പ്രീമിയർ ലീഗ്. ക്ലബ്ബ് കുറ്റക്കാരാണെന്ന് പ്രസ്താവനയിൽ പ്രീമിയർ ലീഗ് വ്യക്തമാക്കി. നൂറിലധികം കുറ്റങ്ങളാണ് സിറ്റിക്കെതിരേ ചുമത്തിയിരുന്നത്. അപ്പീൽ നൽകുമെന്ന് സിറ്റി അറിയിച്ചിട്ടുണ്ട്.

To advertise here,

ക്ലബ്ബ് പതിറ്റാണ്ടുകളായി സാമ്പത്തിക ചട്ടങ്ങൾ ലംഘിക്കുകയാണെന്ന് കണ്ടെത്തിയതായി പ്രീമിയർ ലീഗ് ചീഫ് എക്‌സിക്യുട്ടീവ് റിച്ചാർഡ് മാസ്റ്റേഴ്‌സ് വ്യക്തമാക്കി. ഒരു സ്വതന്ത്രകമ്മിഷനാണ് സിറ്റിക്കെതിരായി ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കണ്ടെത്തിയിട്ടുള്ളത്. ഒൻപത് സീസണുകളിലായി പ്രീമിയർ ലീഗിന്റെ സാമ്പത്തിക ചട്ടങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളിലും മാഞ്ചെസ്റ്റർ സിറ്റിയെ ഒരു സ്വതന്ത്ര കമ്മിഷൻ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലീഗിന്റെ അന്വേഷണവുമായി സഹകരിക്കാത്തതുമായി ബന്ധപ്പെട്ട് ചുമത്തിയവയിലും സിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി പ്രീമിയർ ലീഗ് അറിയിച്ചു.

2009-18 വരെയുള്ള ഒമ്പത് വർഷത്തെ കാലയളവിൽ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ച് 2023 ഫെബ്രുവരിയിലാണ് പ്രീമിയർ ലീഗ് നൂറിലധികം കുറ്റങ്ങൾ ചുമത്തിയത്. തെറ്റിദ്ധരിപ്പിക്കുന്ന സാമ്പത്തിക വിവരങ്ങൾ നൽകി, വരുമാന സ്രോതസ്സ് മറച്ചുവെച്ചു, സ്പോൺസർഷിപ്പ് വഴിയുള്ള വരുമാനം വർദ്ധിപ്പിച്ച് കാണിച്ചു തുടങ്ങിയവയാണ് ചുമത്തിയ പ്രധാന കുറ്റങ്ങൾ. ഇവയെല്ലാം നിലനിൽക്കുമെന്ന സുപ്രധാന കണ്ടെത്തലാണ് കമ്മിഷൻ നടത്തിയിരിക്കുന്നത്.

കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാൽ സിറ്റിക്കെതിരേ കടുത്ത നടപടികളുണ്ടാകും. പോയിന്റ് കുറയ്ക്കുകയോ അല്ലെങ്കിൽ ലീഗിൽ നിന്ന് പുറത്താക്കലോ പോലുള്ള നടപടികൾ ഉണ്ടാകാനാണ് സാധ്യത.