ഫുട്ബോൾ ലോകം ഭയന്ന ആ നിമിഷം ഒടുവിൽ വന്നെത്തിയിരിക്കുന്നു. മൈതാനത്ത് മായാജാലം തീർത്ത രാജാവ് ബൂട്ടഴിച്ചതായി പ്രഖ്യാപിച്ചു. പന്തിനെ കാൽവരുതിയിൽ നിർത്തി ഒരു തലമുറയെയൊന്നാകെ വിസ്മയിപ്പിച്ച ലയണൽ ആന്ദ്രേ മെസ്സി, ഇനി പച്ചപ്പുല്ലിൽ മാന്ത്രികത തീർക്കാനുണ്ടാവില്ല എന്നത് ഓർക്കുമ്പോൾതന്നെ നെഞ്ചുപിടയ്ക്കുന്നു. 2014-ൽ കൈയെത്താ ദൂരത്ത് കൈവിട്ടുപോയ ലോകകപ്പ് എന്ന സ്വപ്നത്തെ, 2022-ൽ ഖത്തറിൽവെച്ച് നെഞ്ചോട് ചേർത്തപ്പോൾതന്നെ അയാളിലെ ഫുട്ബോൾ, പൂർണത കൈവരിച്ചതാണ്.

To advertise here,

കടുത്ത വിമർശനങ്ങളുടെ ഭാരം സഹിക്കവയ്യാതെ ഒരിക്കൽ കളിക്കളം ഉപേക്ഷിച്ചെന്നു പ്രഖ്യാപിച്ച ആ അഞ്ചടി ഏഴിഞ്ചുകാരൻ, ലോകമാകെ തിരിച്ചുവിളിച്ചപ്പോൾ വീണ്ടും മടങ്ങിയെത്തിയ ഒരു ചരിത്രവും ആ കരിയറിലുണ്ട്. ക്ലബ്ബ് തലത്തിൽ കൈവരിക്കുന്ന മികവുകൾ സ്വന്തം രാജ്യത്തിന്റെ കാര്യത്തിൽ വരുമ്പോൾ സംഭവിക്കുന്നില്ല എന്ന വിമർശനത്തെ, അയാൾ മറികടന്നത് അതിൽപ്പിന്നീടാണ്. പിന്നെ നേടിയതെല്ലാം ചരിത്രം. ആറ് ലോകകപ്പുകളിൽ മൂന്നെണ്ണത്തിൽ ടീമിനെ ഫൈനലിലെത്തിച്ചതിൽ അയാളോളം വഹിച്ച പങ്ക് അർജന്റീനാ നിരയിൽ മറ്റാർക്കും അവകാശപ്പെടാനാവില്ല.

ജീവിതത്തിൽ ഏറ്റവും വലിയ കരുത്തും തണലുമായിരുന്ന അച്ഛൻ രോഗക്കിടക്കയിൽ പ്രയാസപ്പെട്ടു കിടക്കുമ്പോഴാണ് അയാൾ 2026 ലോകകപ്പ് കളിച്ചത്. ആ വേദനകൾക്കിടയിലും ടീമിനെ ഫൈനൽവരെയെത്തിച്ചു. ലോകകപ്പിനു പിന്നാലെ അച്ഛൻ ഈ ലോകത്തോടു വിടപറഞ്ഞു. ആ വിയോഗം അദ്ദേഹത്തിന്റെ ഉള്ളിലെ ഫുട്ബോൾ ആവേശത്തെ തല്ലിക്കെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആ നഷ്ടത്തിൽ തളർന്ന ഹൃദയവും പേറിയാണ് മെസ്സി ഒടുവിൽ പടിയിറങ്ങുന്നത്.

കാലമെത്രകഴിഞ്ഞാലും, ഈ ഗ്രൗണ്ടുകളിൽ ഇനിയെത്ര വലിയ ഗോളുകൾ പിറന്നാലും, പന്തിനെ സ്പർശിക്കുമ്പോൾ കവിത രചിച്ച ആ പത്താം നമ്പറുകാരന്റെ അഭാവം ഫുട്ബോൾ പ്രേമികളുടെ കണ്ണുകളെ ഈറനണിയിക്കുമെന്നതിൽ തെല്ലും സംശയമില്ല. നന്ദി മെസ്സി, കണ്ണീരോടെയല്ലാതെ ഓർത്തെടുക്കാൻ കഴിയാത്ത അത്രയും മനോഹരമായ ഓർമകൾ ഈ ലോകത്തിന് സമ്മാനിച്ചതിന്.

മെസ്സിയുടെ കരിയർ നാൾവഴികളിലൂടെ:

  • ലയണൽ ആന്ദ്രേ മെസ്സി എന്നാണ് പൂർണ നാമം.
  • 1987 ജൂൺ 24-ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ചു.
  • സ്റ്റീൽ ഫാക്ടറി തൊഴിലാളിയായ ഹോർഹെ മെസ്സിയും സെലിയ മരിയയും ആണ് മാതാപിതാക്കൾ. റോഡ്രിഗോ, മറ്റിയാസ് എന്നീ രണ്ട് മൂത്ത സഹോദരങ്ങളും മരിയ സോൾ എന്ന ഒരനിയത്തിയുമുണ്ട്.
  • റൊസാരിയോയിലെ ലാ ബഹാദ പ്രൈമറി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം.
  • അഞ്ചാംവയസ്സിൽ പിതാവ് പരിശീലിപ്പിച്ചിരുന്ന ഗ്രാൻഡോളി എന്ന പ്രാദേശിക ക്ലബ്ബിലാണ് മെസ്സി ആദ്യമായി കളിച്ചുതുടങ്ങിയത്. എട്ടാംവയസ്സിൽ റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്‌സിന്റെ യൂത്ത് ടീമിൽ അംഗമായി.
  • പത്താം വയസ്സിൽ ശരീരവളർച്ചയ്ക്കുള്ള ഹോർമോണിന്റെ കുറവുള്ളതായി കണ്ടെത്തി. ചെലവേറിയതായിരുന്നു ഇതിനുള്ള ചികിത്സ. ഈ ചികിത്സ ഏറ്റെടുക്കാൻ തയ്യാറാണെന്നറിയിച്ച് ബാഴ്‌സലോണയുടെ അന്നത്തെ സ്‌പോർട്ടിങ് ഡയറക്ടർ കാർലസ് റെക്‌സാച്ച് രംഗത്തെത്തി. അങ്ങനെ 2000-ൽ, തന്റെ 13-ാം വയസ്സിൽ മെസ്സി ബാഴ്‌സലോണയുടെ ലാ മാസിയ ക്ലബ്ബിൽ ചേർന്നു.
  • 16-ാം വയസ്സിൽ ബാഴ്‌സലോണയുടെ സീനിയർ ടീമിനായി ആദ്യമായി ബൂട്ടുകെട്ടി. എഫ്.സി. പോർട്ടോയ്‌ക്കെതിരെയായിരുന്നു മത്സരം. 2004 ഒക്ടോബറിൽ എസ്പാന്യോളിനെതിരേ കളിച്ച് ബാഴ്‌സലോണയ്ക്കായി ഔദ്യോഗിക മത്സരത്തിൽ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി.
  • 2005-ൽ അർജന്റീനയെ അണ്ടർ-20 ലോകകപ്പ് ചാമ്പ്യന്മാരാക്കുന്നതിൽ മെസ്സി പ്രധാന പങ്കുവഹിച്ചു. അതേവർഷം ഓഗസ്റ്റ് 17-ന് ഹംഗറിക്കെതിരേ സീനിയർ ടീമിൽ അരങ്ങേറ്റം. എന്നാൽ കളത്തിലിറങ്ങി മിനിറ്റുകൾക്കകം ചുവപ്പുകാർഡ് കണ്ട് പുറത്താകേണ്ടിവന്നു.
  • 2005 മേയ് 1-ന് അൽബസെറ്റെയ്‌ക്കെതിരേ റൊണാൾഡീഞ്ഞോയുടെ അസിസ്റ്റിൽ നിന്നാണ് മെസ്സി ബാഴ്‌സയ്ക്കായി ആദ്യ ഗോൾ നേടുന്നത്. 2008-ൽ റൊണാൾഡീഞ്ഞോ ക്ലബ്ബ് വിട്ടതിനു പിന്നാലെ പത്താം നമ്പർ ജഴ്‌സി മെസ്സിക്കു ലഭിച്ചു.
  • 2006-ൽ അർജന്റീനയ്ക്കായി ലോകകപ്പ് അരങ്ങേറ്റം. ഈ ലോകകപ്പിൽ സെർബിയയ്ക്കെതിരേയാണ് മെസ്സിയുടെ ആദ്യ ലോകകപ്പ് ഗോൾ നേട്ടം.
  • 2008 ബീജിങ് ഒളിമ്പിക്‌സിൽ അർജന്റീനയ്ക്ക് വേണ്ടി ഒളിമ്പിക്‌സ് സ്വർണമെഡൽ നേടി.
  • 2009-ൽ കരിയറിലെ ആദ്യ ബാലൺ ഡി ഓർ സ്വന്തമാക്കി. ലോക ഫുട്‌ബോളിൽ മറ്റാർക്കും നേടാനാകാത്ത വിധം എട്ട് ബാലൺദ്യോർ മെസ്സിയുടെ സ്വന്തം പേരിലുണ്ട്.
  • 2009-ൽ ബാഴ്‌സലോണയ്‌ക്കൊപ്പം ഒരൊറ്റ വർഷം സാധ്യമാക്കിയത് ആറ് കിരീടങ്ങൾ. 2012-ൽ ഒരു കലണ്ടർ വർഷം 91 ഗോളുകൾ നേടിക്കൊണ്ട് ഗെർഡ് മുള്ളറുടെ ചരിത്രപരമായ റെക്കോഡ് തിരുത്തിക്കുറിച്ചു. ബാഴ്‌സലോണയോടൊപ്പം 10 ലാലിഗ കിരീടങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടിയിട്ടുണ്ട്. ബാഴ്‌സയ്ക്കായി 778 മത്സരങ്ങളിൽനിന്ന് 672 ഗോളുകൾ നേടി ക്ലബ്ബിന്റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായി മാറി. മെസ്സി, സുവാരസ്, നെയ്മർ എന്നിവരടങ്ങിയ എം.എസ്.എൻ. സഖ്യം ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മാരകമായ മുന്നേറ്റ നിരയായി അറിയപ്പെടുന്നു.
  • 2014 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ജർമനിയോട് തോറ്റു. മെസ്സി ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടി.
  • തുടർച്ചയായ ഫൈനൽ തോൽവികളെത്തുടർന്ന് 2016-ൽ (കോപ്പ അമേരിക്ക 2015, 2016) മാനസികമായി തകർന്ന മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. പിന്നീട് ആരാധകരുടെ സമ്മർദംമൂലം തിരിച്ചെത്തി. 2021-ൽ കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് മെസ്സി അർജന്റീനയ്‌ക്കൊപ്പമുള്ള തന്റെ ആദ്യത്തെ വലിയ കിരീടം നേടി.
  • ലാലിഗയിലെ സാമ്പത്തിക നിയമങ്ങൾ കാരണം 2021 ഓഗസ്റ്റിൽ 21 വർഷത്തെ കരിയർ അവസാനിപ്പിച്ച് മെസ്സി ബാഴ്‌സലോണയോട് വിടപറഞ്ഞു. അതേവർഷം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി.യിലേക്ക്. ക്ലബ്ബിനൊപ്പം രണ്ടുതവണ ലീഗ് 1 കിരീടങ്ങൾ.
  • 2022-ൽ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയെ തോൽപ്പിച്ച് അർജന്റീന ഫൈനലിസിമ കിരീടം നേടി.
  • 2022 ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് മെസ്സി അർജന്റീനയ്ക്ക് ലോകകപ്പ് കിരീടം സമ്മാനിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നം സഫലമായി. ഖത്തർ ലോകകപ്പിൽ ഏഴു ഗോളുകൾ നേടി ലൊകകപ്പ് ചരിത്രത്തിൽ രണ്ടാംതവണ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടുന്ന ആദ്യ കളിക്കാരനായി.
  • 2023-ൽ യു.എസ്. ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് മാറി. ഇന്റർ മയാമിക്ക് അവരുടെ ആദ്യത്തെ കിരീടമായ ലീഗ്‌സ് കപ്പ് മെസ്സി നേടിക്കൊടുത്തു.
  • 2024 കോപ്പ അമേരിക്ക കിരീടവും അർജന്റീനയ്ക്ക് നേടിക്കൊടുത്തു.
  • 2026 ലോകകപ്പിൽ മെസ്സി വീണ്ടും ടീമിനെ ഫൈനലിലെത്തിച്ചു. മെസ്സിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ ടീം മൂന്നാമതായാണ് ലോകകപ്പ് ഫൈനലിലെത്തിയത് (2014, 2022, 2026).
  • ന്യൂ ജേഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ സ്‌പെയിനോട് അധിക സമയത്ത് (1-0) അർജന്റീന പരാജയപ്പെട്ട് റണ്ണേഴ്‌സ് അപ്പായി.
  • 2026 ലോകകപ്പിൽ നേടിയ 8 ഗോളുകൾ ഉൾപ്പെടെ, ആറ് ലോകകപ്പുകളിലായി (2006-2026) മെസ്സി തന്റെ ആകെ ലോകകപ്പ് ഗോൾ നേട്ടം 21 ഗോളുകൾ ആയി ഉയർത്തി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത മെസ്സി, ജർമനിയുടെ മിറോസ്ലാവ് ക്ലോസെ സ്ഥാപിച്ച 16 ലോകകപ്പ് ഗോളുകളുടെ റെക്കോർഡ് മറികടന്ന് എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായി മാറിയിരുന്നു. 
  • ഏറ്റവും കൂടുതൽ ലോകകപ്പ് കളിച്ച താരമാണ് മെസ്സി. ആറുതവണ. ക്രിസ്റ്റ്യാനോ റൊണാൾഡോയും ആറു ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. 
  • ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഔദ്യോഗിക കിരീടങ്ങൾ (45-ലധികം) നേടിയ കളിക്കാരനാണ് മെസ്സി.
  • കുട്ടിക്കാലം മുതലുള്ള സുഹൃത്തായ ആന്റോനെല്ല റൊക്കൂസോയെയാണ് മെസ്സി വിവാഹം കഴിച്ചത്. തിയാഗോ, മാറ്റിയോ, സിറോ എന്നീ മൂന്ന് മക്കളുണ്ട്.
  • രണ്ടുപതിറ്റാണ്ടിലേറെ നീണ്ട ഇതിഹാസതുല്യമായ കരിയറിനൊടുവിൽ 2026 ഓഗസ്റ്റ് 31-ന് അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിച്ചു.