ലണ്ടൻ: ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ (75) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ജനുവരിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

To advertise here,

ഇംഗ്ലണ്ട് ടീമിെന്റയും ലിവർപൂൾ, ന്യൂകാസിൽ ക്ലബ്ബുകളുെടയും ഇതിഹാസതാരമായിരുന്ന കീഗൻ പരിശീലകനായും തിളങ്ങി. അറ്റാക്കിങ് മിഡ്ഫീൽഡറായും ഫോർവേഡായും കളിച്ചു. ഇംഗ്ലണ്ടിനായി 63 മത്സരങ്ങളിൽ 21 ഗോൾ നേടി. 31 മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമിനെ നയിച്ചു. ക്ലബ്ബ് തലത്തിൽ സ്‌കാന്തോർപ് യുണൈറ്റഡ് എഫ്.സി, ലിവർപൂൾ, ഹാംബർഗർ എസ്.വി, സതാംപ്ടൺ, ന്യൂകാസിൽ യുണൈറ്റഡ്, ബ്ലാക്ക് ടൗൺ സിറ്റി ടീമുകൾക്കായി കളിച്ചു. 744 മത്സരങ്ങളിൽ 254 ഗോൾ നേടി.

ലിവർപൂളിനായി 323 മത്സരങ്ങളിൽ 100 ഗോളടിച്ചു. ക്ലബ്ബിനൊപ്പം മൂന്നുതവണ ഫസ്റ്റ് ഡിവിഷൻ കിരീടം നേടി. എഫ്.എ.കപ്പ്, യൂറോപ്യൻ കപ്പ്, യൂവേഫ കപ്പ് വിജയങ്ങളിലും പങ്കാളിയായി. ഹാംബർഗിനൊപ്പം ജർമൻ ബുണ്ടസ് ലിഗ നേടി. 1978-ലും 1979 ലുമാണ് ബാലൺ ദ്യോർ നേടിയത്. വേഗവും ഡ്രിബ്ലിങ് മികവും അസാധാരണമായ ഫിനിഷിങ്ങുമായിരുന്നു കീഗന്റെ പ്രത്യേകത.

വിരമിച്ചശേഷം പരിശീലകനായി. ന്യൂകാസിൽ യുണൈറ്റഡ്, ഫുൾഹാം, മാഞ്ചെസ്റ്റർ സിറ്റി ടീമുകളെ പരിശീലിപ്പിച്ചു. ന്യൂകാസിൽ, മാഞ്ചെസ്റ്റർ സിറ്റി ടീമുകൾക്കൊപ്പം ഇംഗ്ലീഷ് ഫസ്റ്റ് ഡിവിഷൻ നേടി. ഇംഗ്ലണ്ട് ടീമിനെ 18 മത്സരങ്ങളിൽ പരിശീലിപ്പിച്ചു. ഏഴുവീതം ജയവും സമനിലയുമുണ്ട്.