സന്തോഷ് ട്രോഫി ചരിത്രത്തിലെ നെഞ്ചിടിപ്പേറ്റിയ പോരാട്ടങ്ങളുടെ പട്ടികയില്‍ കേരളം-ബംഗാള്‍ മത്സരങ്ങള്‍ മുന്‍നിരയില്‍ത്തന്നെ കാണും. ഭൂമിശാസ്ത്രപരമായി അകലത്താണെങ്കിലും ബംഗാളും കേരളവും തമ്മില്‍ ഏറെ സാമ്യമുണ്ട്. രാഷ്ട്രീയം, സാഹിത്യം, ഭൂപ്രകൃതി, കല എന്നിവയിലുള്ള ബന്ധം കാല്‍പ്പന്തിലുമുണ്ട്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ നാലുതവണ മാത്രമാണ് കേരളവും ബംഗാളും ഫൈനലില്‍ ഏറ്റുമുട്ടിയത്. ഇതില്‍ രണ്ടുതവണ ബംഗാളും രണ്ടുവട്ടം കേരളവും വിജയക്കൊടി പാറിച്ചു. ഈ നാലു ഫൈനലുകളും തീരുമാനമായത് ഷൂട്ടൗട്ടിലൂടെയാണ് എന്നതാണ് രസകരം.

To advertise here,

1989-ല്‍ ഗുവാഹാട്ടിയിലാണ് ഇരുടീമുകളും ആദ്യം ഫൈനലില്‍ ഏറ്റുമുട്ടിയത്. നിശ്ചിതസമയത്ത് ഇരുവരും ഓരോ ഗോള്‍ വീതം നേടി. ബംഗാളിന് ബാബുമണിയും കേരളത്തിന് ഗണേഷനും സ്‌കോര്‍ചെയ്തു. ഷൂട്ടൗട്ടില്‍ 4-3ന് വിജയം ബംഗാളിനൊപ്പം നിന്നു. രണ്ടാമത്തെ പോരാട്ടം 1994-ല്‍ കട്ടക്കിലായിരുന്നു. നിശ്ചതസമയത്ത് സ്‌കോര്‍ 2-2. ബംഗാളിനായി ഐ.എം. വിജയന്‍, സഞ്ജയ് മാജി എന്നിവര്‍ ലക്ഷ്യംകണ്ടപ്പോള്‍ കേരളത്തിനായി സി.വി. പാപ്പച്ചന്‍ ഇരട്ടഗോള്‍ നേടി. ഷൂട്ടൗട്ടില്‍ 5-3ന് വംഗനാടിന് ജയം.

ഇനിയും തോല്‍ക്കാന്‍ മനസ്സില്ലാതെയാണ് 2018-ല്‍ കൊല്‍ക്കത്തയില്‍ ബംഗാളിനെ നേരിട്ടത്. നിശ്ചിതസമയത്ത് 2-2ന് പിരിഞ്ഞു. കേരളത്തിനായി എം.എസ്. ജിതിന്‍, വിബിന്‍ തോമസ്, ബംഗാളിനായി ജിതന്‍ മുര്‍മു, തിര്‍ഥാങ്കര്‍ ശങ്കര്‍ എന്നിവര്‍ ഗോളുകള്‍ നേടി. ഷൂട്ടൗട്ടില്‍ 4-2ന് അവരുടെ തട്ടകത്തില്‍ ആദ്യമായി കേരളത്തിനു ജയം.

ഇതിനു മറുപടിപറയാന്‍ 2022-ല്‍ മഞ്ചേരിയില്‍ ബംഗാള്‍ ഫൈനലില്‍ കേരളത്തെ തേടിയെത്തി. പക്ഷേ, ഇരുപതിനായിരത്തിലേറെ കാണികള്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ബംഗാളിന്റെ അടിതെറ്റി. സ്വന്തം മണ്ണില്‍ കേരളത്തിനു ജയം. 1-1ന് പിരിഞ്ഞ കളി ഷൂട്ടൗട്ടില്‍ 5-4ന് അവസാനിച്ചു. എക്സ്ട്രാ ടൈമില്‍ ബംഗാളിനായി ദിലീപ് ഓറന്‍, കേരളത്തിന് മുഹമ്മദ് സഫ്നാദ് എന്നിവര്‍ ലക്ഷ്യംകണ്ടു.