കൊച്ചി: ഐഎസ്എല്ലിൽ സീസണിലെ രണ്ടാം ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജംഷേദ്പുർ എഫ്‌സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സ് തകർത്തത്. സീസണിൽ കൊച്ചിൽ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ആദ്യ ജയം കൂടിയാണിത്. മലയാളി താരങ്ങളായ നിഹാൽ സുധീഷ്, വിബിൻ മോഹനൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

To advertise here,

മത്സരത്തിന്റെ തുടക്കം മുതൽത്തന്നെ ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്‌സ് 12-ാം മിനിറ്റിൽത്തന്നെ സ്‌കോർ ചെയ്തു. കെവിൻ യോക്ക് നൽകിയ മനോഹരമായ ത്രൂ ബോൾ സ്വീകരിച്ച ബെനാരിഫ് ബോക്‌സിനുള്ളിലേക്ക് നൽകിയ പാസ് യുവതാരം നിഹാൽ സുധീഷ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിനിടെ പരിക്കേറ്റ കരീം ബെനാരിഫിന് പകരം വിബിൻ മോഹനൻ കളത്തിലിറങ്ങിയത് ടീമിന് മറ്റൊരു വഴിത്തിരിവായി. 36-ാം മിനിറ്റിൽ വിബിനിലൂടെ തന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് രണ്ടാക്കി ഉയർത്തി. വലതുവശത്തുനിന്നും ഫ്രാഞ്ചുവും നിഹാലും ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ബോക്‌സിനുള്ളിലേക്ക് വന്ന ക്രോസ് വിബിൻ ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ജംഷഡ്പുർ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഉറച്ചുനിന്നു. ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ മികവും രക്ഷയായി. 84-ാം മിനിറ്റിൽ ജംഷേദ്പുർ താരം എസെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അവർക്ക് കനത്ത തിരിച്ചടിയായി.