കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ​ഗോളുകൾക്കാണ് കേരളത്തിന്റെ തോൽവി. മലയാളി താരങ്ങളായ വിഷ്ണുവും ഹിജാസിയും നേടിയ ഗോളുകളാണ് ഈസ്റ്റ് ബംഗാളിനെ തുണച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിനായി ഡാനിഷ് എതിര്‍വല കുലുക്കി. 

To advertise here,

കളിക്കളത്തില്‍ മികവ് പുലര്‍ത്തിയതും ഈസ്റ്റ് ബംഗാള്‍ തന്നെയായിരുന്നു. 20-ാം മിനിറ്റില്‍ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാള്‍ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയിലാണ് ബംഗാള്‍ തങ്ങളുടെ ലീഡ് ഉയര്‍ത്തുന്നത്. 72-ാം മിനിറ്റില്‍ ഹിജാസിയുടെ ഹെഡര്‍ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് ലക്ഷ്യംതെറ്റാതെയെത്തി. 84-ാം മിനിറ്റില്‍ ഡാനിഷിലൂടെ ഒരു ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് ആയെങ്കിലും സമനില ഗോള്‍ സ്വന്തമാക്കാന്‍ സന്ദര്‍ശകര്‍ക്കായില്ല. 

കഴിഞ്ഞമത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പത്തുപേരുമായി പൊരുതി ഗോൾരഹിത സമനിലനേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലേക്കിറങ്ങിയത്. അവസാന മൂന്നുകളികളിൽ രണ്ടു വിജയവും ടീമിനെ സംബന്ധിച്ച് പ്രതീക്ഷയായിരുന്നു. എന്നാൽ, ഇന്നത്തെ പരാജയത്തോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത തുലാസ്സിലായി.

ബ്ലാസ്‌റ്റേഴ്‌സ് 18 കളികളിൽ 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. ആദ്യ ആറുസ്ഥാനങ്ങളിൽ ഇടംനേടിയാൽ മാത്രമേ ടീമിന് മുന്നിൽ പ്ലേ ഓഫ് സാധ്യത തെളിയുകയുള്ളൂ. ഈസ്റ്റ് ബംഗാൾ 17 കളികളിൽ 17 പോയിന്റുമായി 11-ാം സ്ഥാനത്താണ്.