ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിയെ സമനിലയിൽ തളച്ച് പഞ്ചാബ്. ഇരുടീമുകളും ഓരോഗോൾ വീതമടിച്ചു. മത്സരത്തിന്റെ അവസാനം വരെ മുന്നിലായിരുന്ന മുംബൈയെ 90-ാം മിനിറ്റിൽ ഗോളടിച്ചാണ് പഞ്ചാബ്‌ സമനിലയിൽ കുരുക്കിയത്.

To advertise here,

മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. ആദ്യജയം തേടി മുംബൈ ഇറങ്ങിയപ്പോൾ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് പഞ്ചാബ്‌ കളിച്ചത്. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മുംബൈ ലീഡെടുത്തത്. ലിയാൻഡ്രോ ഒട്ടോർമിനാണ് സ്‌കോറർ. പിന്നീട് തിരിച്ചടിക്കാനുള്ള ശ്രമത്തിലായിരുന്നു പഞ്ചാബ്. ഒടുക്കം 90-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. തകർപ്പൻ ഹെഡറിലൂടെ ഗുർകിറാത് സിങ് വലകുലുക്കി. മത്സരം 1-1 ന് അവസാനിച്ചു.

രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയന്റാണ് പഞ്ചാബിനുള്ളത്. ആദ്യമത്സരം വിജയിച്ചിരുന്നു. മുംബൈ സിറ്റിക്ക് ലീഗിൽ ജയം കണ്ടെത്താനായിട്ടില്ല. ഒരു തോൽവിയും ഒരു സമനിലയുമാണുള്ളത്. നിലവിൽ പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.