കൊച്ചി: ‘‘നാലാം വരവിലെ ലക്ഷ്യമെന്താണ്?’’ വീഡിയോ കോളിൽ ലൂണയുടെ പുഞ്ചിരിതൂകുന്ന മുഖം തെളിഞ്ഞപ്പോൾ ആദ്യത്തെ ചോദ്യം അതായിരുന്നു. മിഡ്ഫീൽഡിൽനിന്ന് ഒരു ഫ്രീകിക്ക് തൊടുക്കുംപോലെ ലൂണയുടെ ഉത്തരമെത്തി: ‘‘ഒന്നുമുതലുള്ള അതേ സ്വപ്നം, ബ്ലാസ്റ്റേഴ്‌സിനൊരു കിരീടം...’’ ഐ.എസ്.എൽ. ഫുട്‌ബോളിന്റെ പുതിയസീസണിന് കിക്കോഫാകാൻ ദിവസങ്ങൾ ശേഷിക്കെ വലിയ പ്രതീക്ഷയിലാണ് ലൂണയും കൂട്ടുകാരും. ഡ്യൂറൻഡ്‌ കപ്പിൽ കളിച്ചുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ വിശേഷങ്ങൾ പങ്കിട്ട് ക്യാപ്റ്റനായ യുറഗ്വായ് താരം അഡ്രിയാൻ ലൂണ ‘മാതൃഭൂമി’യോട് സംസാരിക്കുന്നു.

To advertise here,

കിരീടമില്ലാത്ത ദുഃഖം

കഴിഞ്ഞ മൂന്നു സീസണുകളിലായി ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി 15 ഗോളും 20 അസിസ്റ്റും എന്റെപേരിലുണ്ട്. സന്തോഷംപകരുന്ന കണക്കാണിത്. എന്നാൽ, ഇതുവരെ ടീമിന് കിരീടം നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നത് വലിയ ദുഃഖവുമാണ്. കൈയെത്തും ദൂരത്തെത്തിയ കിരീടം നഷ്ടമായ ഓർമ്മയും മനസ്സിലുണ്ട്. ആ കിരീടം നേടാനാണ് ഇക്കുറി എന്റെ അധ്വാനമെല്ലാം.

സദൗയി, പെപ്രെ

ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിൽ മൊറോക്കോ താരം നോഹ സദൗയിയും ഘാന താരം ക്വാമി പെപ്രെയും ചേരുന്ന ആക്രമണനിര നിർണായകമാകും. ഡ്യൂറൻഡ്‌ കപ്പിൽ സദൗയി കളിക്കുന്ന രീതി ആവേശവും സന്തോഷവും പകരുന്നതായിരുന്നു. മുംബൈ, സി.ഐ.എസ്.എഫ്. ടീമുകൾക്കെതിരേ ഹാട്രിക് നേടിയ സദൗയിയുടെ ഫോം എല്ലാവർക്കും പ്രചോദനമാണ്. വേഗമാർന്ന നീക്കങ്ങളിലൂടെ എതിരാളികളുടെ പ്രതിരോധം ഭേദിക്കുന്ന പെപ്രെക്ക് കഴിഞ്ഞസീസണുകളിൽ പലപ്പോഴും ഗോളിലെത്താനായില്ല.

സ്റ്റാറെ പകർന്ന പാഠം

പുതിയ കോച്ച് മൈക്കൽ സ്റ്റാറെ കളിക്കാരെ കൃത്യമായി നിരീക്ഷിച്ച് അവർ കളിക്കേണ്ട കളി അവരെ ഏൽപ്പിച്ചുകൊടുക്കുന്ന രീതിയുള്ളയാളാണ്. വെർട്ടിക്കൽ ഗെയിമിന്റെ വക്താവ്. അതിനനുയോജ്യമായ ശൈലിയാണ് തായ്‌ലാൻഡിലെ പ്രീസീസണിലും ഡ്യൂറൻഡ്‌ കപ്പിലും കളിച്ചത്. പന്ത് നഷ്ടപ്പെടുത്താതെ കളിക്കുക, നഷ്ടപ്പെട്ടാൽ കഴിവതും വേഗം തിരികെപ്പിടിക്കുക എന്നതാണ് സ്റ്റാറെയുടെ ശൈലി. പന്ത് കൈവശമുണ്ടാകുമ്പോഴേ വെർട്ടിക്കൽ കേളീശൈലി വിജയത്തിലെത്തൂ.

ഞാൻ എവിടെയുമുണ്ട്

ടീമിൽ ഞാൻ ഏതു പൊസിഷനിൽ കളിക്കണമെന്നത് കോച്ചിന്റെ തീരുമാനമാണ്. ടീമിന് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കിയാകും കോച്ച് തീരുമാനമെടുക്കുക. മുൻവർഷങ്ങളിൽ മിഡ്ഫീൽഡിൽ കളിക്കുമ്പോൾ ഡിഫൻസീവായി പുറകിലേക്കിറങ്ങി കളിക്കാറുണ്ട്. മിഡ്ഫീൽഡർ എന്നനിലയിൽ അറ്റാക്കിങ് പൊസിഷനിലേക്ക് കുതിക്കാൻ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അപ്പോഴും കളിക്കളത്തിലെ സാഹചര്യം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കും.

ഐമനും വിബിനും

മുഹമ്മദ് ഐമനും വിബിൻ മോഹനനും അടക്കമുള്ള മലയാളി താരങ്ങളുടെ കളി ക്യാപ്റ്റനെന്നനിലയിൽ ഞാൻ പ്രത്യേകം വിലയിരുത്താറുണ്ട്. ഡ്യൂറൻഡ്‌ കപ്പിൽ രണ്ടുകളിയിൽ സ്‌കോർചെയ്ത ഐമൻ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഐ.എസ്.എലിൽ ഹോം ഗ്രൗണ്ടിൽ കളിക്കാനെത്തുമ്പോൾ ഐമന് ആവേശമേറുമെന്നതിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ കിട്ടിയ അവസരങ്ങൾ ഉപയോഗപ്പെടുത്തിയ വിബിന് ഇത്തവണ കോച്ച് കൂടുതൽ അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് വേണ്ടത്ര മികവും പ്രതിഭയും അവനിലുണ്ട്.