ചെന്നൈ: ഐ.എസ്.എല്ലില്‍ ചെന്നൈയില്‍ എഫ്.സിക്കെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിട്ടും മൈതാനത്ത് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയും സ്ട്രൈക്കര്‍ നോഹ സദോയിയും തമ്മിലുണ്ടായ കയ്യാങ്കളി ടീമിന് നാണക്കേടായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയിലടക്കം വലിയതോതില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രതികരണവുമായി മത്സരശേഷം ലൂണ തന്നെ രംഗത്തെത്തുകയും ചെയ്തു. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ കളിക്കളത്തില്‍ താന്‍ ചെയ്തത് തെറ്റായിപ്പോയെന്ന് മത്സര ശേഷം താരം പ്രതികരിച്ചു. തനിക്ക് വേണ്ടിയല്ലായിരുന്നു ആ കലഹമെന്നും, മറ്റൊരാള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''ഇല്ല, അത് എനിക്ക് വേണ്ടിയായിരുന്നില്ല. അവിടെ സ്വതന്ത്രനായി നില്ക്കുന്ന മറ്റൊരു കളിക്കാരനുണ്ടായിരുന്നു (ഇഷാന് പണ്ഡിത) ഞാന്‍ ഒരിക്കലും ആ രീതിയില്‍ പെരുമാറേണ്ടിയിരുന്നില്ല, കാരണം, നിങ്ങള്‍ക്കറിയാമല്ലോ ഞാന്‍ ക്യാപ്റ്റനാണ്, മാതൃകയാകേണ്ടവനാണ്. നിങ്ങള്‍ക്ക് ചിലപ്പോള്‍ പെട്ടെന്ന് ദേഷ്യം വരും, അതാണ് കാര്യം. പക്ഷേ, ഞാന്‍ ഇപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ ചെന്ന് അദ്ദേഹത്തോട് സംസാരിക്കും, എല്ലാം വ്യക്തമാക്കും.'' - ലൂണ പറഞ്ഞു.
ചെന്നൈയിനെതിരേ കളിയവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് മൈതാനത്ത് ഇരുവരും പരസ്യമായി പരസ്പരം ഏറ്റുമുട്ടിയത്. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിലായിരുന്നു ടീമിനാകെ നാണക്കേടായ സംഭവം. മുഹമ്മദ് അസ്ഹര്‍ നല്കിയ പന്തുമായി മുന്നേറിയ നോഹക്ക് ഗോളടിക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും താരത്തിന് ലക്ഷ്യം കാണാനായിരുന്നില്ല. എന്നാല്‍ ഈ സമയം ബോക്സില്‍ ഗോളടിക്കാനുള്ള മികച്ച പൊസിഷനില്‍ അരാലും മാര്‍ക്ക് ചെയ്യപ്പെടാതെ ലൂണയും ഇഷാന് പണ്ഡിതയും ഉണ്ടായിരുന്നു. പാസ് നല്‍കാതെ മികച്ച ഒരു അവസരം നഷ്ടപ്പെടുത്തിയതിന് ലൂണ ഉടന്‍ തന്നെ നോഹയ്ക്ക് നേര്‍ക്ക് എന്തോ പറഞ്ഞു. നോഹയും തിരിച്ചടിച്ചതോടെ ഇരുവരും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് കാര്യങ്ങളെത്തി. ഇഷാന് പണ്ഡിതയാണ് പെട്ടെന്ന് ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റിയത്. തുടര്‍ന്നും ഇരുവരും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടുന്നതും കാണാമായിരുന്നു.
മത്സരം മികച്ച രീതിയില്‍ ജയിച്ചിട്ടും ഫൈനല്‍ വിസിലിനു ശേഷം പരസ്പരം മുഖം കൊടുക്കാതെയാണ് ഇരുവരും മൈതാനം വിട്ടത്. അതേസമയം ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് ചൈന്നെയിന് എഫ്.സി.യെ തകര്‍ത്തത്. ഐ.എസ്.എല്‍. ഫുട്ബോളില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന ടീമിനായി ജീസസ് ജെമിനിസ് (3), കോറു സിങ് (45+3), ക്വാമി പെപ്ര (56) എന്നിവരാണ് ഗോളുകള്‍ നേടിയത്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയാണ് കളിയിലെ താരം. ചെന്നൈയില്‍ ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് ജയിക്കുന്നത്.
Content Highlights: Kerala Blasters defeated Chennaiyin FC but a fight between captain Adrian Luna and Noah Sadaoui
Published: 31 Jan 2025, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented