കണ്ണൂർ: മുളങ്കാലുകളിൽ കെട്ടിയുയർത്തിയ മരപ്പലകകളിൽ തീർത്ത ഗാലറികളിലിരുന്ന് ഫുട്‌ബോളിനായി ആരവം മുഴക്കിയ ആയിരങ്ങളായിരുന്നു കണ്ണൂർ ഫുട്‌ബോളിന്റെ ജീവനും ആവേശവും. കൊൽക്കത്തയിൽനിന്നും പഞ്ചാബിൽനിന്നും ഗോവയിൽനിന്നുമുള്ള വമ്പൻ ടീമുകൾ ഒരുവശത്ത്, കണ്ണൂരുകാരുടെ അഭിമാനമായ നാടൻ ക്ലബുകൾ മറ്റൊരു ഭാഗത്ത്, കേരളത്തിന്റെ ഗ്ലാമർ ടീമുകൾ വേറെയും- എല്ലാവരെയും കണ്ണൂരുകാർ നിറഞ്ഞ ഹൃദയത്തോടെ സ്വീകരിച്ചു. നല്ല കളിയെ അവർ ടീമിനെ നോക്കാതെ പിന്തുണച്ചു. അവരുടെ കളികണ്ട് ആനന്ദനൃത്തം ചവിട്ടി. ഫുട്‌ബോൾ താരങ്ങളെ അവർ തലയിലേറ്റി. ഡിക്രൂസ് മുതൽ ഡീഗോ മാറഡോണ വരെ അങ്ങനെ കണ്ണൂരിന്റെ മണ്ണിൽ കളിച്ചും സാന്നിധ്യമറിയിച്ചും ആരാധകരുടെ ഹൃദയം കവർന്ന് കടന്നുപോയവർ നിരവധി. കണ്ണൂരിലെ പോലീസ് മൈതാനത്തും കോട്ടമൈതാനത്തും കളിച്ചാണ് വി.പി.സത്യൻ എന്ന ഫുട്‌ബോളർ ഇന്ത്യൻ നായകൻ വരെയായി വളർന്നത്. അദ്ദേഹത്തെ കണ്ടാണ് കെ.വി.ധനേഷ് മുതലുള്ള അടുത്ത തലമുറയും വളർന്നത്. ഇപ്പോൾ അത് മൊഹമ്മദ് സിനാൻവരെ എത്തിനിൽക്കുന്നു. കണ്ണൂരിന്റെ ഫുട്‌ബോൾ പെരുമയും പാരമ്പര്യവും അത്തരത്തിൽ കേരളത്തിന്റെ കൂടി അഭിമാനമായിരിക്കുന്നു.

To advertise here,

ക്യാപ്റ്റൻ മണിയുടെ നാട്

:കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിക്കൊടുത്ത ക്യാപ്റ്റൻ മണിയുടെ നാടും കണ്ണൂർ തന്നെ. തൊണ്ണൂറുകളിൽ കേരളത്തിന്റെ ഏറ്റവും മികച്ച ഫുട്‌ബോൾ ടീമായിരുന്ന കെൽട്രോണും കണ്ണൂരിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ സുവർണ അധ്യായംതന്നെ.

കോഴിക്കോട് നാഗ്ജി, കണ്ണൂരിൽ ശ്രീനാരായണ, തൃശ്ശൂരിൽ ചാക്കോള, തിരുവനന്തപുരത്ത് ജിവി രാജ എന്നിങ്ങനെ എണ്ണംപറഞ്ഞ ഒരുപാട് ഫുട്‌ബോൾ ടൂർണമെന്റുകൾ ഒരുകാലത്ത് കേരളത്തിന്റെ കായികരംഗത്തെ ത്രസിപ്പിച്ചിരുന്നു. ഓരോ ജില്ലയിലും പെരുമയാർന്ന ടീമുകളും ധാരാളം. കൊൽക്കത്ത മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻസ് സ്പോർട്ടിങ്, ഗോവ ഡെംപോ, വാസ്കോ, ഫഗ്വാര ജെസിടി, ബെംഗളൂരു ഐടിഐ, മുംബൈ മഹീന്ദ്രാസ്, ടാറ്റാസ് എന്നിങ്ങനെ ഗ്ലാമർ ടീമുകൾ അനവധി. കേരളത്തിലാണെങ്കിൽ ടൈറ്റാനിയം, പ്രിമീയർ ടയേഴ്‌സ്‌, അലിൻഡ് എന്നിങ്ങനെ വേറെയും. ഇവരോടൊക്കെ പൊതുതിനിന്ന ടീമുകൾ കണ്ണൂരിലുമുണ്ടായിരുന്നു. സ്പിരിറ്റഡ് യൂത്ത്‌സ്, ബ്രദേഴ്‌സ്‌, ലക്കിസ്റ്റാർ, ജിംഖാന എന്നിവയെല്ലാം കൊൽക്കത്ത ടീമുകളെ വരെ വിറപ്പിച്ചുവിട്ടിട്ടുണ്ട്.

കണ്ണൂരിലെ ചെറുതും വലുതുമായ നിരവധി ടീമുകളുടെ കളികൾ കണ്ട് താരങ്ങളെ റാഞ്ചാൻ അറുപതുകളിൽതന്നെ കൊൽക്കത്തയിൽ നിന്നുൾപ്പെടെയുള്ള അന്യസംസ്ഥാന ടീമുകളുടെ ഏജന്റുമാർ കണ്ണൂരിലെത്തുമായിരുന്നു. അങ്ങനെ വാളയാർ കടന്നുപോയി കളിച്ച് ജീവിതം കണ്ടെത്തിയ അനേകം കളിക്കാരുടെ നാട് കൂടിയാണ് കണ്ണൂർ.

ഫുട്‌ബോൾ ഫാക്ടറി

:കടൽപോലെ പരന്നുകിടന്ന കണ്ണൂർ കോട്ടമൈതാനവും വിശാലമായ പോലീസ് മൈതാനവും പുതിയ തലമുറയുടെ ഓർമ്മപോലുമാകില്ല. പക്ഷേ ഒരുകാലത്ത് ഈ മൈതാനങ്ങളായിരുന്നു കണ്ണൂർ ഫുട്‌ബോളിന്റെ ജീവൻ. ബ്രദേഴ്‌സ്‌ ക്ലബിന്റെ തലതൊട്ടപ്പനായിരുന്ന ചട്ട വാസു എന്ന വാസുവേട്ടൻ ഈ മൈതാനങ്ങളെ ഫുട്‌ബോൾ ഫാക്ടറി എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. ടൈറ്റാനിയം, എസ്ബിടി, കെൽട്രോൺ ഉൾപ്പെടെയുള്ള പ്രശസ്തമായ ടീമുകളിലേക്ക് ബ്രദേഴ്‌സ്‌ ഉൾപ്പെടെയുള്ള കണ്ണൂർ ക്ലബുകളിൽനിന്ന് പോയവർ അനവധിയാണ്. കേരളത്തിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് ടീമുകളുടെയും ഇന്ത്യൻ സൈനിക ടീമുകളുടെയും റിക്രൂട്ടിങ് കേന്ദ്രം കൂടിയായിരുന്നു കണ്ണൂർ.

ശ്രീനാരായണ ഫുട്‌ബോളായിരുന്നു ഒരുകാലത്ത് കണ്ണൂരിന്റെ സ്വന്തം. എൺപതുകളോടെ ആ ടൂർണമെന്റിന് അവസാനമായി. പക്ഷേ ഫെഡറേഷൻ കപ്പിനും സന്തോഷ് ട്രോഫി യോഗ്യതാമത്സരങ്ങൾക്കും പിന്നീട് നായനാർ കപ്പിനുമെല്ലാം കണ്ണൂർ വേദിയായി. 1983-ൽ മോഹൻബഗാനെ തോൽപ്പിച്ചാണ് ഫെഡറേഷൻ കപ്പ് ഫൈനലിൽ മൊഹമ്മദൻസ് ജേതാക്കളായത്. ജവാഹർ സ്റ്റേഡിയത്തിൽ കോർണർ കിക്കിനായുള്ള ഫ്ലാഗ് പോയിന്റിലും ഗ്രൗണ്ടിന്റെ സൈഡ് ലൈനിലും വരെ ആരാധകർ തള്ളിക്കയറിനിന്ന 1991-ലെ ഫെഡറേഷൻ കപ്പിന്റെ ഫൈനലിലാണ് മഹീന്ദ്രാസിനെ തോൽപ്പിച്ച് കേരള പോലീസ് കിരീടം ചൂടിയത്. സാമൂഹികമാധ്യമങ്ങളോ ടെലിവിഷൻ ചാനലുകളോ അക്കാലത്തുണ്ടായിരുന്നില്ല. ആകെയുള്ളത് ദൂരദർശൻമാത്രം. പത്രങ്ങളുടെ സ്പോർട്‌സ് പേജുകൾ കളിക്കമ്പക്കാരുടെ ഏക ആശ്രയമായ കാലം കൂടിയായിരുന്നു അത്. കേരളത്തിലെ ഫുട്‌ബോൾ ആരാധകർ ആ കലാശക്കളി കാണാൻ കണ്ണൂരിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

കളിയും കളിക്കാരും കളിക്കമ്പവും

:ബ്രിട്ടീഷുകാരുടെ സാന്നിധ്യമാണ് മുപ്പതുകളിൽ കണ്ണൂർ ഫുട്‌ബോളിന് കരുത്ത് പകർന്നത്. യങ്‌ ചാലഞ്ചേഴ്‌സ്‌, യങ്‌മെൻസ് തുടങ്ങിയ ക്ലബുകളിലൂടെ കളിയും കളിക്കാരും കളിക്കമ്പവും വളർന്നു. പിന്നെ അവർ ദേശങ്ങൾ താണ്ടി കളിച്ചുനടന്നു. പിന്നീടാണ് കണ്ണൂരിന്റെ പെരുമ ഉയർത്തിയ പുതിയ ക്ലബുകൾ പിറന്നത്. സ്പിരിറ്റഡ് യൂത്ത്‌സും ലക്കിസ്റ്റാറും ജിംഖാനയും ബ്രദേഴ്‌സുമെല്ലാം അവയിൽ പ്രധാനം. കേരളത്തിൽതന്നെ ജില്ലാ ലീഗ് മത്സരങ്ങൾ ഏറ്റവും വാശിയോടെയും കൃത്യമായും നടന്നതും കണ്ണൂരിലായിരുന്നു. പുതുതലമുറതാരങ്ങൾ അവിടെ ജനിച്ചു. കൊക്കേൻ പപ്പുവും ഡിക്രൂസിനുമെല്ലാം പിറകെ ചിദാനന്ദൻ, ഡോ. പി.മാധവൻ, എൻ.ടി.കരുണൻ, കാലൻ മുകുന്ദൻ, എം.ദേവദാസ്, ദേവാനന്ദ്, സി.മുസ്തഫ, പനക്കാട്ട് ഹമീദ്, മിത്രൻ, പി.എം.ശിവദാസ്, ബാലചന്ദ്രൻ എന്നിങ്ങനെ വിവിധ കാലങ്ങളിലായി കളിക്കാരുടെ വൻനിര കണ്ണൂരിന്റെ പ്രശസ്തി വളർത്തി. വി.പി.സത്യൻ, കെ.വി.ധനേഷ് എന്നിവർ ഇന്ത്യൻ ടീമിന്റെ നായകരായി. നജീബ്, ഡെൻസൺ ദേവദാസ്, രാഹുൽ, സഹൽ അബ്ദുൾസമദ്, സി.കെ.വിനീത് എന്നിങ്ങനെ താരങ്ങൾ അനവധിയുണ്ടായി. തുടർന്നും കണ്ണൂരിന് എടുത്തുകാണിക്കാൻ.

തൊണ്ണൂറുകളിൽ സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിൽ ആറും എട്ടും കളിക്കാർവരെ കണ്ണൂരിൽ നിന്നുണ്ടായിരുന്നു എന്നത് അതിശയോക്തിയല്ല. എൻ.ടി.കരുണനും കെ.കുഞ്ഞിരാമനും ചേർന്ന് തുടങ്ങിയ ഫുട്‌ബോൾ ഫ്രണ്ട് ഫ്രീ കോച്ചിങ് സെന്റർ ഒരുകാലത്ത് കണ്ണൂർ ഫുട്‌ബോളിലെ പുതുതാരങ്ങളുടെ നഴ്‌സറിയായിരുന്നു. അവിടെ കളിച്ചുവളർന്ന് കേരളത്തിന്റെ വിവിധ ടീമുകളിലേക്ക് ചേക്കേറിയവർ അനേകം.

ഫുട്‌ബോൾ സംഘാടനരംഗത്തും

:ഫുട്‌ബോൾസംഘാടന രംഗത്തും കണ്ണൂരിന് പ്രശസ്തമായ പാരമ്പര്യമുണ്ട്. കേരള ഫുട്‌ബോൾ അസോസിയേഷന്റെ നായകരായി കണ്ണൂരിൽനിന്ന് പലരുമെത്തി. ഫിഫ അപ്പീൽ കമ്മിറ്റിയംഗമായി പതിറ്റാണ്ടിലേറെ പ്രവർത്തിച്ച പി.പി.ലക്ഷ്മണനെ കണ്ണൂർ ഫുട്‌ബോൾ മറക്കുന്നതെങ്ങനെ!! കൊൽക്കത്തയിൽ തമ്പടിച്ച അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ആസ്ഥാനത്തെ കണ്ണൂർ തളാപ്പിലെ ചെറിയ കെട്ടിടത്തിലേക്ക് പറിച്ചുനട്ടത് എഐഎഫ്എഫ് സെക്രട്ടറിയായിരുന്ന ലക്ഷ്മണനായിരുന്നു. ഫെഡറേഷന്റെ ട്രഷറർ, സീനിയർ വൈസ് പ്രസിഡന്റ്‌ സ്ഥാനങ്ങളും സാഫ് പ്രസിഡന്റായുമെല്ലാം പ്രവർത്തിച്ചിരുന്ന ലക്ഷ്മണനാണ് ഫെഡറേഷൻ കപ്പ് ഉൾപ്പെടെയുള്ള പ്രമുഖ ടൂർണമെന്റുകൾ കണ്ണൂരിലേക്ക് കൊണ്ടുവന്നത്. ഫിഫ യോഗ്യത നേടിയ ആദ്യത്തെ മലയാളി അംപയർ എന്ന വിശേഷണമുള്ള മാമുക്കോയയും കണ്ണൂരിന്റെ അഭിമാനം. കേരള പോലീസ്, എഫ്‌സി കൊച്ചിൻ ടീമുകളുടെ പ്രതാപകാലത്ത് അവരുടെ പരിശീലകനായിരുന്ന കോച്ച് ശ്രീധരനുമുണ്ട് കണ്ണൂരിന്റെ പെരുമയ്ക്ക് പിന്നിൽ പറയാൻ കഥകളേറെ. പ്രശസ്ത പരിശീലകനായിരുന്ന ഭരതേട്ടനെയും കണ്ണൂർ എങ്ങനെ മറക്കും?

സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളും

:വനിതാ ഫുട്‌ബോളിന് വലിയ പ്രചാരമൊന്നുമില്ലാതിരുന്ന കാലത്തും കണ്ണൂർ മികച്ച ടീമുണ്ടാക്കി. മികച്ച കളിക്കാരികളും കണ്ണൂരിൽനിന്ന് വളർന്നു. മേജർ ടൂർണമെന്റുകൾ വിരളമായപ്പോൾ ഫുട്‌ബോൾ കമ്പക്കാരെ ആവേശം കൊള്ളിച്ച സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളുടെയും വിളനിലമായി കണ്ണൂർ. ഏറെ പെരുമയുള്ള വളപട്ടണം സെവൻസ് പോലുള്ളവയിൽ കളിക്കാൻ പ്രമുഖ താരങ്ങൾ അന്യസംസ്ഥാനങ്ങളിൽനിന്നുവരെ അതിഥിതാരങ്ങളായെത്തി. അത്തരത്തിലുള്ള ഗ്ലാമർതാരങ്ങളെ കൊണ്ടുവരാൻ ഇവിടത്തെ ടീമുകൾ മത്സരിച്ചു.

സ്വകാര്യസന്ദർശനത്തിനായാണ് ഡീഗോ മാറഡോണ ജവാഹർ സ്റ്റേഡിയത്തിലെത്തിയത്. പക്ഷേ പുലർച്ചെ മുതൽ ഡീഗോയെ കാണാൻ കണ്ണൂർ സ്റ്റേഡിയത്തിലേക്ക് പ്രവഹിക്കുകയായിരുന്നു ആരാധകർ. പന്ത് തട്ടിയും നൃത്തംചെയ്തും മൈതാനത്തെ ഫുട്‌ബോൾ മാന്ത്രികൻ കണ്ണൂരിനെ ഇളക്കിമറിച്ച ദൃശ്യം പെട്ടെന്നൊന്നും ആരാധകർ മറക്കില്ല. കേരളത്തിലെ മറ്റൊരു നഗരത്തിനും കിട്ടാത്ത ആ സൗഭാഗ്യം എക്കാലത്തും കണ്ണൂരിന്റെ സ്വന്തം.

ജവാഹർ സ്റ്റേഡിയത്തിൽവീണ കണ്ണീര്

:കളിക്കമ്പത്തിന്റെ ഈ വിജയഗാഥകൾക്കിടയിൽ ജവാഹർ സ്റ്റേഡിയത്തിൽ വീണ കണ്ണീരിനെക്കുറിച്ചും പറയേണ്ടതുണ്ട്. 1993 ഫെബ്രുവരി 14-ന് ജവാഹർ സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫിയുടെ യോഗ്യതാമത്സരം നടക്കുന്നു. റെയിൽവേസും ആന്ധ്രാപ്രദേശും തമ്മിലാണ് കളി. ആന്ധ്രതാരവുമായി പന്തിനായുള്ള പോരാട്ടത്തിൽ എതിർകളിക്കാരന്റെ നെഞ്ചിലുള്ള ഇടിയേറ്റ് സഞ്ജീബ് ദത്ത എന്ന റെയിൽവേയുടെ മുൻനിരതാരം നിലത്തുവീണു. ആസ്പത്രിയിലേക്ക് എത്തിക്കുംമുമ്പ് തന്നെ ആ കളിക്കാരൻ അന്ത്യശ്വാസം വലിച്ചു.

ഗ്രൗണ്ടിലെ മെഡിക്കൽ പവലിയനിൽ നിശ്ചേതനായി കിടന്ന കൂട്ടുകാരനെനോക്കി വിലപിച്ച സഹകളിക്കാരുടെ സങ്കടം ഇപ്പോഴും ഓർമ്മയിലുണ്ട്. കളിക്കളത്തിലെ കിനാക്കളും ആരവങ്ങളും മാത്രമല്ല ജീവിതമെന്ന് ഓർമ്മിപ്പിച്ച നിമിഷം.