മാഡ്രിഡ്: മാഞ്ചെസ്റ്റര്‍ സിറ്റി മുന്നേറ്റതാരം ജൂലിയന്‍ അല്‍വാരസ് സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്. ഏതാണ്ട് 875 കോടി രൂപയ്ക്കാണ് (102.4 മില്യണ്‍ ഡോളര്‍) അത്‌ലറ്റിക്കോ അര്‍ജന്റീനയുടെ ലോകകപ്പ് താരത്തെ സ്വന്തമാക്കിയത്. 2030 വരെ, ആറ് വര്‍ഷത്തേക്കാണ് കരാര്‍ ഉറപ്പിച്ചത്. 2022-ല്‍ ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ മുന്നേറ്റ താരമാണ് ജൂലിയന്‍ അല്‍വാരസ്. 

To advertise here,

2022-ല്‍ റിവര്‍ പ്ലേറ്റില്‍നിന്ന് മാഞ്ചെസ്റ്റര്‍ സിറ്റിയിലെത്തിയ അല്‍വാരസ്, രണ്ടുതവണ പ്രീമിയര്‍ ലീഗ് കിരീടവും ഒരുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും എഫ്.എ. കപ്പും യുവേഫ സൂപ്പര്‍ കപ്പും ക്ലബ് ലോകകപ്പും ഉള്‍പ്പെടെ നേടി. പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുടെ കീഴിലായിരുന്നു നേട്ടങ്ങളെല്ലാം. കൂടുതല്‍ ഗെയിം സമയങ്ങള്‍ക്കായാണ് ഇപ്പോള്‍ അത്‌ലറ്റിക്കോയിലേക്ക് മാറിയത്. 

ഡീഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മുന്നേറ്റത്തിന് അല്‍വാരസിന്റെ വരവ് കരുത്തുപകരും. യൂറോ കപ്പിന് ശേഷം അല്‍വാരോ മൊറാട്ട എ.സി. മിലാനിലേക്ക് പോയത് അത്‌ലറ്റിക്കോയ്ക്ക് തിരിച്ചടിയായിരുന്നു. അല്‍വാരസിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് സിമിയോണി കരുതുന്നത്.