ബുഡാപെസ്റ്റ്: 2023 യൂറോപ്പ ലീഗ് ഫൈനലില്‍ തോല്‍വി വഴങ്ങിയതിനുപിന്നാലെ വിവാദത്തിന് തിരികൊളുത്തി എ.എസ്.റോമ പരിശീലകന്‍ ഹോസെ മൗറീന്യോ. ഫൈനലില്‍ സെവിയ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മൗറീന്യോയുടെ എ.എസ്.റോമ പരാജയപ്പെട്ടത്. 

To advertise here,

മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ലഭിച്ച റണ്ണേഴ്‌സ് അപ്പ് മെഡല്‍ മൗറീന്യോ ഗാലറിയിലേക്ക് വലിച്ചെറിഞ്ഞു. മെഡല്‍ ആരാധകരിലൊരാള്‍ സ്വന്തമാക്കുകയും ചെയ്തു. മൗറീന്യോയുടെ കരിയറിലെ ആദ്യ യുവേഫ യൂറോപ്പ ലീഗ് ഫൈനല്‍ തോല്‍വിയാണിത്. 

ഇതുവരെ അഞ്ചുതവണ വിവിധ ടീമുകളെ ഫൈനലിലെത്തിച്ച മൗറീന്യോ അഞ്ചുപ്രാവശ്യവും കിരീടത്തില്‍ മുത്തമിട്ടു. എന്നാല്‍ സെവിയ്യയ്‌ക്കെതിരായ ഫൈനലിലെ തോല്‍വി പരിശീലകന് സഹിക്കാനായില്ല. നിലവില്‍ ഇറ്റാലിയന്‍ സീരി എയിലും റോമ കിരീടപ്രതീക്ഷ കൈവിട്ടു. ഒരു മത്സരം ശേഷിക്കേ റോമ പോയന്റ് പട്ടികയില്‍ ആറാമതാണ്. നാപ്പോളി ഇതിനോടകം സീരി എ കിരീടത്തില്‍ മുത്തമിട്ടുകഴിഞ്ഞു.