കൊച്ചി: ആസൂത്രണ ബോർഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ നടന്ന ക്രമക്കേടിൽ പി.എസ്.സിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. 58 ചോദ്യങ്ങൾ മൂല്യനിർണയം നടത്താത്തത് ഗുരുതരമാണ്. ഇത് അഴിമതിയല്ലേയെന്നും കോടതി ചോദിച്ചു. അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
മൂല്യനിർണയത്തിലെ വീഴ്ച ക്ലറിക്കൽ പിഴവാണെന്നായിരുന്നു പി.എസ്.സിയുടെ വാദം. എന്നാൽ, ഇത് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണെന്ന് സർക്കാർ അഭിഭാഷകൻ മറുവാദം ഉന്നയിച്ചു. പരീക്ഷയിലെ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് ക്ലറിക്കൽ പിഴവാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
അന്വേഷണം തടയണമെന്ന വാദം ശരിയല്ല. പി.എസ്.സിയ്ക്ക് എതിരേ ഒന്നും അന്വേഷിക്കരുതെന്നാണോ നിലപാടെന്ന് കോടതി ചോദിച്ചു. പി.എസ്.സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. യുവാക്കളുടെ പ്രതീക്ഷയാണ് പി.എസ്.സി. അതിനെ തകർക്കുന്ന നടപടികൾ അനുവദിക്കാനാകില്ല.
പിഎസ്സി ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരാകാത്ത സാഹചര്യം സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് അവർക്കെതിരേ കർശന നടപടികൾ സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു. പി.എസ്.സി. അന്വേഷണവുമായി സഹകരിക്കുകയല്ലേ വേണ്ടതെന്ന് കോടതി ചോദിച്ചു.
അന്വേഷണം തടയണമെന്ന പി.എസ്.സിയുടെ ഹർജി നിലനിൽക്കില്ല. ഗുരുതര ആരോപണമാണ് പി.എസ്.സി.ക്കെതിരേ ഉയർന്നിരിക്കുന്നതെന്നും കോടതി പറഞ്ഞു. വാദംകേൾക്കുന്നതിന് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹർജി മാറ്റി.
ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയായ ചീഫ് നിയമനത്തിലാണ് ക്രമക്കേട് നടന്നതായുള്ള ആരോപണം ഉയർന്നത്. ഈ തസ്തികയിലേക്ക് 2022-ലായിരുന്നു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം, പേഴ്‌സ്പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷൻ വിഭാഗം എന്നിവയിൽ ഓരോ ഒഴിവാണുണ്ടായിരുന്നത്. മൂന്നിനും രണ്ട് പേപ്പർ വീതമായിരുന്നു പരീക്ഷ. അതിൽ ആദ്യ പേപ്പർ മൂന്ന് വിഭാഗക്കാർക്കും പൊതുവായിരുന്നു. അതിലെ ഒൻപതുമുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ ബാക്കിയുള്ള ഉത്തരങ്ങളുടെ മാർക്കും അഭിമുഖത്തിന്റെ മാർക്കും ചേർത്ത് 2025 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
ഇരുനൂറിലേറെപ്പേർ പരീക്ഷയെഴുതി. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പ്ലാനിങ് കോഡിനേഷൻ വിഭാഗങ്ങളിൽ ഒന്നാം റാങ്കുകാർക്ക് നിയമനശുപാർശ അയച്ച് 2025 ജൂണിൽ നിയമനവും നൽകി. ഒന്നേകാൽ ലക്ഷത്തിലേറെ രൂപ ശമ്പളംലഭിക്കുന്ന തസ്തികകളിൽ നിയമനം നേടിയവർ ഇടതുപക്ഷ സംഘടനാപ്രവർത്തകരാണെന്നാണ് ആരോപണം.
Published: 05 Oct 2026, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented