നാന്റസ്: ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ ഫ്രാൻസിന് ഞെട്ടിക്കുന്ന തോൽവി. എംബാപ്പെയുടെ നായകത്വത്തിൽ ഇറങ്ങിയ ഫ്രഞ്ച് പടയെ ഐവറി കോസ്റ്റാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഐവറി കോസ്റ്റിന്റെ ജയം.

To advertise here,

മത്സരത്തിന്റെ ആദ്യ മിനിറ്റ് മുതൽ തന്നെ ഇരുടീമുകളും ആക്രമണഫുട്‌ബോൾ അഴിച്ചുവിട്ടു. എംബാപ്പെ പലതവണ ഐവറി കോസ്റ്റിന്റെ പെനാൽറ്റി ബോക്‌സിൽ ഇരച്ചുകയറി. കിട്ടിയ അവസരങ്ങളിൽ ഐവറി കോസ്റ്റും ആക്രമിച്ചുകളിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഫ്രാൻസ് ലീഡെടുത്തു. റയാൻ ചെർക്കിയാണ് ടീമിനെ മുന്നിലെത്തിച്ചത്. ആദ്യ പകുതി അവസാനിച്ചതോടെ എംബാപ്പെ, മൈക്കേൽ ഒലിസെ, ചൗമേനി എന്നിവരെയെല്ലാം കളത്തിൽ നിന്ന് പിൻവലിച്ചു.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാനായി ഐവറി കോസ്റ്റ് ആക്രമണം കടുപ്പിച്ചു. 53-ാം മിനിറ്റിൽ മത്സരം സമനിലയിലുമാക്കി. ഗേല ഡ്വേയാണ് വലകുലുക്കിയത്. പിന്നീട് ഫ്രഞ്ച് മുന്നേറ്റങ്ങളെ ഐവറി കോസ്റ്റ് കൃത്യമായി പ്രതിരോധിച്ചു. ഒടുക്കം 83-ാം മിനിറ്റിൽ ഐവറി കോസ്റ്റ് രണ്ടാം ഗോളും കണ്ടെത്തി. അമദ് ഡയാല്ലോയാണ് ലക്ഷ്യം കണ്ടത്. അതോടെ ഫ്രഞ്ച് പട പ്രതിരോധത്തിലായി. പിന്നീട് ടീമിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല.

ലോകകപ്പിൽ ഗ്രൂപ്പ് ഐയിലാണ് ഫ്രാൻസ്. സെനഗൽ, ഇറാഖ്, നോർവെ എന്നിവരാണ് മറ്റംഗങ്ങൾ.