യുവേഫ നാഷൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ഹസ്തദാനം നൽകാതെ ഇസ്രയേൽ, അയർലൻഡ് താരങ്ങൾ. അയർലൻഡ് ടീം കറുത്ത ആംബാൻഡ് ധരിച്ചാണ് മൈതാനത്തിറങ്ങിയത്. ഗാസയിലെ ഇസ്രയേലിന്റെ നടപടികളിൽ പ്രതിഷേധിച്ചാണ് അയർലൻഡ് ടീമിന്റെ തീരുമാനം. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് അയർലൻഡ് വിജയിച്ചു.

To advertise here,

മത്സരത്തിന് മുന്നോടിയായി ഇസ്രയേലിന്റെ ദേശീയഗാനം ആലപിച്ച ഘട്ടത്തിൽ അയർലൻഡ് താരങ്ങൾ കൈ പിറകിൽ കെട്ടിക്കൊണ്ട് തലതാഴ്ത്തി നിന്നു. അതിനുശേഷം ഹസ്തദാനം നൽകാനും തയ്യാറായില്ല. മത്സരം ബഹിഷ്‌കരിക്കണമെന്ന് അയർലൻഡ് ടീമിനോട് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. ഒക്ടോബർ അഞ്ചിനും ഇസ്രയേലിനെതിരേ മത്സരമുണ്ട്. മത്സരം കാണാൻ വളരെ കുറച്ചുപേർ മാത്രമേ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നുള്ളൂ.

അയർലൻഡിന്റെ മൂന്നുഗോളുകളും ആദ്യപകുതിയിലാണ് വന്നത്. 13-ാം മിനിറ്റിൽ ട്രോയ് പാരറ്റാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. 16-ാം മിനിറ്റിൽ ആഡം ഇദ, 25-ാം മിനിറ്റിൽ ജാക് മൊയ്‌ലാൻ എന്നിവരാണ് മറ്റ് സ്‌കോറർമാർ.