അഹമ്മദാബാദ്: 2026 എഎഫ്‌സി അണ്ടര്‍ 17 ഏഷ്യന്‍ കപ്പിന് യോഗ്യത നേടി ഇന്ത്യ. യോഗ്യതാ മത്സരത്തില്‍ ഇറാനെ അട്ടിമറിച്ചാണ് ഇന്ത്യയുടെ യുവനിര യോഗ്യത നേടിയത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടീമിന്റെ ജയം.

To advertise here,

മത്സരം ആരംഭിച്ച് 19-ാം മിനിറ്റില്‍ തന്നെ ഇറാന്‍ ലീഡ് നേടി. അമിര്‍റേസ വാലിപുര്‍ ആണ് ലക്ഷ്യം കണ്ടത്. ഒരു ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഇന്ത്യ മുന്നേറ്റം ശക്തമാക്കി. ഇറാന്‍ പോസ്റ്റിലേക്ക് നിരവധി തവണ ഇന്ത്യന്‍ യുവനിര ഇരച്ചെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സമനിലഗോളും കണ്ടെത്തി. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ദല്ലാല്‍മുന്‍ ഗാംഗ്‌തെയാണ് വലകുലുക്കിയത്.

ആദ്യ പകുതി 1-1 ന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ലീഡുമെടുത്തു. ഗുണ്‍ലൈബയാണ് ഗോളടിച്ചത്. പിന്നീട് ഇറാന്റെ ആക്രമണങ്ങള്‍ പ്രതിരോധിച്ച ഇന്ത്യ ജയത്തോടെ മടങ്ങി. ഇത് പത്താം തവണയാണ് ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത നേടുന്നത്.