മെക്‌സിക്കോയുടെ ഇതിഹാസ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ വിരമിച്ചു. 22 വർഷം നീണ്ടുനിന്ന തന്റെ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. 41-ാം വയസിലാണ് വിരമിക്കൽ. ക്ലബ്ബ് ഫുട്‌ബോളിൽ നിന്നും ദേശീയ ടീമിൽ നിന്നും ഒരേസമയം വിരമിക്കുന്നതായി അദ്ദേഹം പറഞ്ഞു.

To advertise here,

ആറ് ലോകകപ്പുകളിൽ കളിച്ച താരമെന്ന അപൂർവ നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കുമൊപ്പം പങ്കിടുന്ന താരമാണ് ഒച്ചോവ. ഇതിൽ 2014, 2018, 2022 ലോകകപ്പുകളിൽ മെക്‌സിക്കോയുടെ സ്റ്റാർട്ടിങ് ഗോൾകീപ്പറായിരുന്നു ഒച്ചോവ. 2004-ൽ മെക്‌സിക്കോ സിറ്റിയിലെ ക്ലബ്ബ് അമേരിക്കയിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. യൂറോപ്പിൽ കളിക്കുന്ന ആദ്യ മെക്‌സിക്കൻ ഗോൾകീപ്പർ എന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്. ഫ്രഞ്ച് ക്ലബ്ബായ അജാസിയോ, സ്പാനിഷ് ക്ലബ്ബുകളായ മലാഗ, ഗ്രാനഡ, ബെൽജിയത്തിലെ സ്റ്റാൻഡേർഡ് ലീജ് തുടങ്ങിയ വിവിധ വിദേശ ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ മെക്‌സിക്കോയ്‌ക്കൊപ്പം ആറ് കോൺകാഫ് ഗോൾഡ് കപ്പ് കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 2020 ടോക്കിയോ ഒളിമ്പിക്‌സിൽ മെക്‌സിക്കോ വെങ്കല മെഡൽ നേടിയപ്പോഴും ഗോൾകീപ്പർ ഒച്ചാവോ ആയിരുന്നു. ക്ലബ്ബ് തലത്തിൽ ക്ലബ്ബ് അമേരിക്കയ്ക്കൊപ്പം ലീഗ് കിരീടവും സ്റ്റാൻഡേർഡ് ലീജിനൊപ്പം ബെൽജിയം കപ്പും അദ്ദേഹം നേടിയിട്ടുണ്ട്.

2006, 2010 ലോകകപ്പുകളിൽ പകരക്കാരനായി ബെഞ്ചിലിരിക്കുകയായിരുന്നു ഒച്ചോവ. എന്നാൽ 2014, 2018, 2022 ലോകകപ്പുകളിൽ മെക്‌സിക്കോ കളിച്ച എല്ലാ മത്സരങ്ങളിലും അദ്ദേഹം സ്റ്റാർട്ടിങ് ഗോൾകീപ്പറായി. ലോകകപ്പുകളിൽ അദ്ദേഹം നടത്തുന്ന അവിശ്വസനീയമായ പ്രകടനങ്ങൾ കാരണം അദ്ദേഹത്തിന് 'ലോകകപ്പ് മോൺസ്റ്റർ' എന്ന വിശേഷണം ലഭിച്ചു. 2014 ലോകകപ്പിൽ ബ്രസീലിനെതിരേ നടന്ന മത്സരത്തിൽ നെയ്മറുടെ മികച്ചൊരു ഹെഡർ ഉൾപ്പെടെ നാല് നിർണായക സേവുകൾ നടത്തി അദ്ദേഹം ലോകത്തെ അമ്പരപ്പിച്ചു. ഈ പ്രകടനത്തെ 1970-ലെ ഗോർഡൻ ബാങ്ക്‌സിന്റെ ചരിത്രപ്രസിദ്ധമായ സേവിനോടാണ് ഫുട്‌ബോൾ ലോകം ഉപമിച്ചത്. ആ മത്സരം സമനിലയിൽ കലാശിക്കാൻ ഒച്ചോവയുടെ പ്രകടനം കാരണമായി.

പിന്നാലെ 2018 ലോകകപ്പിൽ ജർമനിക്കെതിരായ മത്സരത്തിൽ ടോണി ക്രൂസിന്റെ ഗോളെന്നുറച്ച ഒരു ഫ്രീകിക്ക് അദ്ദേഹം തടഞ്ഞിട്ടു. ആ ടൂർണമെന്റിലുടനീളം ആകെ 25 സേവുകളാണ് ഒച്ചോവ നടത്തിയത്. 2022 ലോകകപ്പിൽ പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്‌കിയുടെ ഒരു പെനാൽറ്റി തടഞ്ഞും അദ്ദേഹം ശ്രദ്ധേയനായി.

ഇതിനിടെ ഒച്ചോവയ്ക്ക് കൈകളിൽ ആറ് വിരലുകൾ ഉണ്ടെന്ന രീതിയിൽ പ്രചരിച്ച ഒരു വ്യാജ വാർത്ത അദ്ദേഹത്തിന്റെ കരിയറിനെ ദോഷകരമായി ബാധിച്ചിരുന്നു. ഈ തെറ്റായ പ്രചാരണം കാരണം ഗ്രീസിലെ ഒളിമ്പിയാക്കോസിലേക്കും ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കുമുള്ള അദ്ദേഹത്തിന്റെ ട്രാൻസ്ഫറുകൾ നടക്കാതെ പോയി.

2026 ലോകകപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെയായിരുന്നു ഒച്ചാവോയുടെ അവസാന അന്താരാഷ്ട്ര മത്സരം. അവസാന 13 മിനിറ്റിലാണ് അദ്ദേഹം കളിക്കാനിറങ്ങിയത്. തന്റെ കരിയർ തുടങ്ങിയ അതേ ആസ്റ്റക്ക സ്‌റ്റേഡിയത്തിൽവെച്ച് വൈകാരികമായ യാത്രയയപ്പോടെയാണ് അദ്ദേഹം കളം വിട്ടത്.