കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ  കരുത്തരായ ഇന്റർ കാശിക്കെതിരേ ഉജ്ജ്വല ജയം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി. രണ്ടിനെതിരേ ആറ് ​ഗോളുകൾക്കാണ് ​ഗോകുലത്തിന്റെ ജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്വന്തം ആരാധകർക്ക് മുന്നിലായിരുന്നു ​ഗോകുലത്തിന്റെ ​ഗംഭീര പെർഫോമൻസ്. 

To advertise here,

മൂന്നാം മിനിറ്റിൽ ആദ്യ ​ഗോൾ നേടുന്നത് ഇന്റർ കാശിയാണ്. ബ്രൈസ് മിറാണ്ടയിലൂടെ ഇന്റർ കാശി ടീമിനെ മുന്നിലെത്തിച്ചു. അധികം വൈകാതെ പത്താം മിനിറ്റിൽ സിനിസ സ്റ്റാനിസാവിച്ച് കേരളത്തെ മുന്നിലെത്തിച്ചു. 27-ാം മിനിറ്റിൽ മറ്റിഹാ ബബോവിച്ചിലൂടെ ഇന്റർ കാശി വീണ്ടും മുന്നിലെത്തി. എന്നാൽ, പിന്നീട് അങ്ങോട്ട് ആരാധകർ സാക്ഷിയായത് ​ഗോകുലത്തിന്റെ ത്രില്ലറിനായിരുന്നു. 

പിന്നിൽ നിന്ന് ശേഷം അഞ്ച് ​ഗോളുകൾ ഇന്റർ കാശി ​ഗോൾവലയിലേക്ക് കുതിച്ചെത്തി. സിനിസ സ്റ്റാനിസാവിച്ചിന്റെ ഹാട്രിക്കാണ് (10, 30, 73) ​ഗോകുലത്തെ തുണച്ചത്. നാച്ചോ അബെലെദോ(47, 95),  സെർജിയോ ലാമസ്(50) എന്നിവരും ​ഗോകുലത്തിനായി വലകുലുക്കി. 

വൻ വിജയത്തോടെ കഴിഞ്ഞ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം ​ഗോകുലം തീർത്തു.  പത്ത് കളികളിൽ 16 പോയിന്റുള്ള ഗോകുലം നാലാംസ്ഥാനത്താണ്. 17 പോയിന്റുള്ള ഇന്റർ കാശി മൂന്നാംസ്ഥാനത്തുണ്ട്.