പോർച്ചുഗീസ് സാമ്രാജ്യത്തിന്റെ രാജാവായി തലയുയർത്തി നിന്ന പതിറ്റാണ്ടുകൾ... ഒരു കൊടുങ്കാറ്റിലും പതറാതെയുള്ള പോരാട്ടം… ആഞ്ഞടിച്ചുവരുന്ന കടൽത്തിരകളെ അനായാസം മറികടക്കുന്ന നാവികരെപ്പോലെ സമ്മർദങ്ങളുടെ കൊടിമുടിയിൽ നിന്ന് അയാൾ ആ ടീമിനെയും കൊണ്ട് മുന്നോട്ടേക്ക് കുതിച്ചു. ഒരു തവണയല്ല, എത്രയോ വട്ടം. പോർച്ചുഗീസ് ജനതയ്ക്ക് ഒരു കിരീടം സ്വപ്നം പോലും കാണാനാവാത്ത നിലയിൽ നിന്നാണ് മൂന്ന് കിരീടങ്ങൾ സുവർണലിപികളാൽ ആലേഖനം ചെയ്യപ്പെടുന്നത്. അതിന് പിന്നിൽ ഒരാളേയുള്ളൂ, ഒരു മുഖമേയുള്ളൂ... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെത്. ഒടുക്കം ലോകവേദിയിൽ നിന്ന് പടിയിറങ്ങിയിരിക്കുന്നു.

To advertise here,

ലോകകപ്പ് പ്രീക്വാർട്ടറിൽ സ്‌പെയിനിനോട് തോറ്റ് പുറത്തായതോടെ വിതുമ്പിയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളംവിട്ടത് ഇന്നും ഓർമകളിലുണ്ട്. വികാരാധീനനായി മൈതാനത്ത് നിൽക്കുന്ന റൊണാൾഡോ ലോകകപ്പിലെ സങ്കടക്കാഴ്ചകളിലൊന്നായിരുന്നു. 41-കാരനായ താരത്തിന്റെ അവസാനലോകകപ്പായിരുന്നു അത്. അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായ റൊണാൾഡോ കരിയറിൽ ഒരു ലോകകിരീടമില്ലാതെയാണ് മടങ്ങുന്നത്.

‘ഇങ്ങനെ ലോകകപ്പിൽ നിന്ന് പുറത്തുപോകേണ്ടി വന്നതിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ എല്ലാം നൽകി. എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ ചെയ്തു. ഒരു കുറ്റബോധവുമില്ലാതെയാണ് പോകുന്നത്. ഇത് എൻ്റെ അവസാന ലോകകപ്പായിരുന്നു.- ക്രിസ്റ്റ്യാനോ മത്സരശേഷം പറഞ്ഞു. ഞാൻ പോർച്ചുഗലിനായി മൂന്ന് കിരീടങ്ങൾ നേടിയിട്ടുണ്ട്. എനിക്ക് മുൻപ് പോർച്ചുഗലിന് ഒരു കിരീടവും നേടാനായിരുന്നില്ല. ദേശീയ ടീം ഇതുവരെ നേടിയ ഏറ്റവും വലിയ കിരീടം 2016-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പാണ്. സത്യം പറഞ്ഞാൽ, അത് ലോകകപ്പ് പോലയാണ് ഞാൻ കണക്കാക്കുന്നത്.’ - ക്രിസ്റ്റ്യാനോ പറഞ്ഞുനിർത്തി. ഒരു യുഗാന്ത്യം.

2006-ൽ തന്റെ ആദ്യ ലോകകപ്പ് കളിച്ച റൊണാൾഡോ, ഈ ലോകകപ്പ് തന്റെ അവസാനത്തേതായിരിക്കുമെന്ന് മത്സരത്തിന് മുൻപ് തന്നെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ വികാരാധീനനായ റൊണാൾഡോ മൈതാനത്ത് നിൽക്കുകയും പിന്നീട് കണ്ണീരടക്കാൻ പാടുപെടുകയും ചെയ്തു. സ്പാനിഷ് കൗമാരതാരം ലാമിൻ യമാൽ, റൊണാൾഡോയുടെ അടുത്തെത്തി അദ്ദേഹത്തെ ആലിംഗനം ചെയ്തു. സ്‌പെയിൻ താരങ്ങളെയും പോർച്ചുഗലിലെ സഹതാരങ്ങളെയും അഭിനന്ദിച്ച ശേഷം കരഞ്ഞുകൊണ്ടാണ് അദ്ദേഹം ടണലിലൂടെ മടങ്ങിയത്.

ആ മടക്കം കണ്ണീരണിഞ്ഞാണെങ്കിലും തലയുയർത്തിയാണ് നടന്നകലുന്നത്. കാരണം ലോകഫുട്ബോൾ ഭൂപടത്തിൽ റൊണാൾഡോ പോർച്ചുഗലിന് നേടിക്കൊടുത്തത് സ്വപ്നസമാനമായ നേട്ടങ്ങളാണ്. അയാളില്ലെങ്കിൽ ഇന്ന് കാണുന്ന പോർച്ചുഗലുമില്ല, ആ കിരീടങ്ങളുമില്ല. ലോകഫുട്ബോളിൽ അങ്ങനെയൊരു അടയാളപ്പെടുത്തലുമുണ്ടാകുമായിരുന്നില്ല. കാരണം, ഫുട്‌ബോളിലെ പവർ ഹൗസുകളായി പോർച്ചുഗൽ വാഴ്ത്തപ്പെട്ടിട്ടില്ല. ഇരുപതാം നൂറ്റാണ്ടിൽ ആകെ രണ്ട് തവണ മാത്രം ലോകകപ്പിന് യോഗ്യത നേടിയ രാജ്യമാണ് പോർച്ചുഗൽ. 1950-കളിൽ പല തവണ അവർ യോഗ്യതാറൗണ്ടുകളിൽ കാലിടറിവീണിട്ടുണ്ട്. പോർച്ചുഗൽ ക്ലബ്ല് ബെൻഫിക്ക യൂറോപ്പിനെ അടക്കിഭരിച്ച 1962-കൾക്ക് ശേഷമാണ് ലോകപ്പിന്റെ ചരിത്രത്തിൽ ആ രാജ്യത്തിന്റെ പേരും എഴുതപ്പെടാൻ തുടങ്ങിയത്. 1961-ലും 62-ലും യൂറോപ്യൻ ചാമ്പ്യൻമാരായിരുന്നു ബെൻഫിക്ക. ബെൻഫിക്കയുടെ സുവർണനിരയെ പിൻപറ്റിയാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുക്കം പോർച്ചുഗൽ 1966 ലോകകപ്പിന് യോഗ്യത നേടുന്നത്.

1966-ലെ ലോകകപ്പിൽ അവിശ്വസനീയ പ്രകടനമായിരുന്നു പോർച്ചുഗലിന്റേത്. യുസേബിയോ എന്ന 24-കാരനായിരുന്നു അവരുടെ പോരാളി. സാക്ഷാൽ പെലെയുടെ ബ്രസീലിനെ വരെ തകർത്ത് എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പോർച്ചുഗൽ ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാർട്ടറിൽ നോർത്ത് കൊറിയയേയും പരാജയപ്പെടുത്തി. സെമിയിൽ പക്ഷേ ഇംഗ്ലണ്ടിനോട് കാലിടറി. സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനവുമായാണ് പോർച്ചുഗൽ ലോകകപ്പിൽ നിന്ന് മടങ്ങിയത്. ഒമ്പത് ഗോളുകളുമായി ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ യുസേബിയോ ആയിരുന്നു.

പോർച്ചുഗലിന്റെ രണ്ടാം വരവിന് അവർക്ക് രണ്ടുപതിറ്റാണ്ടോളം കാത്തുനിൽക്കേണ്ടിവന്നു. ലോകകപ്പ് വേദികളിൽ പോർച്ചുഗൽ പിന്നെപന്തുതട്ടുന്നത് 1986-ലാണ്. പക്ഷേ കാര്യമായ മുന്നേറ്റങ്ങൾക്കൊന്നും സാധിക്കാതെ അവർ ഗ്രൂപ്പ് സ്‌റ്റേജിൽ തന്നെ മടങ്ങി. അതിന് ശേഷമാണ് പോർച്ചുഗീസ് പട അതിന്റെ സുവർണകാലഘട്ടത്തിലേക്ക് കടക്കുന്നത്. റൂയി കോസ്റ്റ, വിറ്റർ ബായിയ, ജാവോ പിന്റോ, ലുയിസ് ഫിഗോ... ക്ലബ്ബ് ഫുട്‌ബോളിലെ നക്ഷത്രങ്ങൾ പോർച്ചുഗലിനായി പന്തുതട്ടാനിറങ്ങി. രണ്ട് തവണ അണ്ടർ 20 വേൾഡ്കപ്പ് നേടിക്കൊണ്ട് അവർ ലോകകപ്പ് പ്രതീക്ഷകളെ ആളിക്കത്തിച്ചു. വീണ്ടും സ്വപ്‌നങ്ങൾ നെയ്തുതുടങ്ങി.

2002-ലോകകപ്പിനെത്തിയെങ്കിലും അപ്രതീക്ഷമായ പതനമായിരുന്നു പോർച്ചുഗലിന്റേത്. 1986-ന്റെ ആവർത്തനമെന്ന പോലെ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ മടങ്ങി. 2006 ലോകകപ്പിൽ തങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമെന്ന് പോർച്ചുഗീസ് ജനത ഉറച്ചുവിശ്വസിച്ചു.ലൂയിസ് സ്‌കൊളാരിയുടെ സംഘത്തിൽ ഫിഗോയ്ക്കും ഡെക്കോയ്ക്കുമൊപ്പം ക്രിസ്റ്റ്യാനോയുമുണ്ടായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളെല്ലാം വിജയിച്ചാണ് പറങ്കിപ്പട പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്. ഹോളണ്ടിനെ തോൽപ്പിച്ച് ക്വാർട്ടറിലേക്ക്. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി സെമിപ്രവേശം. ഇത്തവണ കിരീടം തങ്ങൾക്കുളളതാണെന്ന് ഒരു വേള പോർച്ചുഗീസ് ജനത ഉറപ്പിച്ചുകാണണം. പക്ഷേ കാൽപ്പന്തിന്റെ കണക്കുപുസ്തകത്തിൽ തോറ്റവരായി തന്നെ അവർ അടയാളപ്പെടുത്തപ്പെട്ടു. സെമിയിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്തേക്ക്.

സൂപ്പർതാരം ലൂയിസ് ഫിഗോയുടെ അവസാന ലോകകപ്പ് കൂടിയായിരുന്നു അത്. അതിന് ശേഷമാണ് ഫിഗോയുടെ ഏഴാം നമ്പർ കുപ്പായവുമണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രമെഴുതാൻ തുടങ്ങിയത്. പിന്നീടങ്ങോട്ട് എല്ലാ ലോകകപ്പുകളിലും പോർച്ചുഗൽ യോഗ്യത നേടി. പക്ഷേ നിരാശയോടെ മടങ്ങേണ്ടിവന്നു. 2010-ൽ പ്രീ-ക്വാർട്ടറിലും 2014-ൽ ഗ്രൂപ്പ് സ്റ്റേജിലും പുറത്തായി. 2014-മുതൽ ഫെർണാണ്ടോ സാന്റോസ് അവരുടെ പരിശീലകനായി ചുമതലയേറ്റു. തുടക്കത്തിൽ 4-4-2 ശൈലിയിൽ ടീമിനെ പരീക്ഷിച്ച സാന്റോസ് പിന്നീട് 4-3-3 ഫോർമേഷനിലേക്ക് മാറി. ഒരു കൂട്ടം യുവകളിക്കാരും ടീമിലേക്ക് കടന്നുവന്നു.

2018 റഷ്യൻ ലോകകപ്പിലെത്തുമ്പോഴേക്കും റൊണാൾഡോ അവരുടെ രാജകുമാരനായി മാറിക്കഴിഞ്ഞിരുന്നു. യൂറോപ്യൻ ചാമ്പ്യൻമാരായി തലയെടുപ്പോടെയാണ് പോർച്ചുഗൽ റഷ്യയിൽ പന്തുതട്ടാനിറങ്ങിയത്. ആദ്യ മത്സരത്തിൽ തന്നെ തന്റെ ഭൂതകാലമോർമിപ്പിച്ച് അയാൾ നെഞ്ചുംവിരിച്ച് നിന്നു. പിന്നെയെല്ലാം ചരിത്രമാണ്. സ്‌പെയിനെതിരെ റൊണാൾഡോയുടെ ഹാട്രിക് പക്ഷേ അയാളുടെ പോരാട്ടത്തിന് പ്രീ-ക്വാർട്ടറിലപ്പുറം പോകാനായില്ല. യുറഗ്വായോട് തോറ്റുമടങ്ങേണ്ടിവന്നു. പിന്നേയും കാത്തിരിപ്പ് നീണ്ടു.

നാല് വർഷങ്ങൾക്കിപ്പുറം ശക്തമായ നിരയുമായാണ് ഖത്തറിലേക്ക് പോർച്ചുഗീസ് സംഘം വന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ മിന്നും താരങ്ങളെല്ലാം ടീമിലുണ്ടായിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോയ്ക്ക് ഫോം കണ്ടെത്താനായില്ല. താരത്തെ പകരക്കാരനായി ഇറക്കുന്നതുവരെ കണ്ടു. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോയ്ക്ക് പകരമെത്തിയ ഗോൺസാലോ റാമോസ് സ്വിസ്സ് പടയ്ക്കെതിരേ ഹാട്രിക്ക് നേടി തിളങ്ങി. 6-1 നാണ് പോർച്ചുഗൽ വിജയിച്ചത്. എന്നാൽ ക്വാർട്ടറിൽ അടിതെറ്റി. ലോകകപ്പിൽ അദ്ഭുതകുതിപ്പ് തുടർന്ന അറ്റ്ലസ് ലയൺസ് പോർച്ചുഗീസ് സംഘത്തെ വീഴ്ത്തി. എതിരില്ലാത്ത ഒരുഗോളിനാണ് മൊറോക്കോ വിജയിച്ചുകയറിയത്. അതോടെ ലോകകിരീടമെന്ന ക്രിസ്റ്റ്യാനോയുടെ സ്വപ്നങ്ങൾക്ക് വീണ്ടും മങ്ങലേറ്റു.

ഇക്കുറി അമേരിക്കയിലേക്ക് വണ്ടികയറിയത് അവസാന അങ്കമാണെന്ന് പ്രഖ്യാപിച്ചുതന്നെയായിരുന്നു. ക്രിസ്റ്റ്യാനോ മാത്രമല്ല, യൂറോപ്പിന്റെ കളിത്തട്ടിൽ പയറ്റിതെളിഞ്ഞ മുഖങ്ങളൊരുപാടുണ്ടായിരുന്നു ഇക്കുറി റൊബർട്ടോ മാർട്ടിനസിന്റെ സംഘത്തിൽ. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റൂബൻ നെവസ്, ഗോൺസാലോ റാമോസ് തുടങ്ങി സൂപ്പർ താരങ്ങളുടെ പട തന്നെ ലോകവേദിയിൽ പോർച്ചുഗീസ് നിരയ്ക്കായി പന്തുതട്ടി. പക്ഷേ നിരാശപ്പെടുത്തുന്ന തുടക്കമായിരുന്നു. ആദ്യമത്സരത്തിൽ കോംഗോയോട് സമനിലയേറ്റുവാങ്ങി. ക്രിസ്റ്റ്യാനോയ്ക്കുനേരെ വൻ വിമർശനങ്ങളും കുറ്റപ്പെടുത്തലുമുണ്ടായി. എന്നാൽ രണ്ടാം മത്സരത്തിൽ കളി മാറി.

കോംഗോയ്‌ക്കെതിരേ കണ്ട പോർച്ചുഗലിനെയും റൊണാൾഡോയേയും ആയിരുന്നില്ല ഉസ്‌ബെക്കിസ്താനെതിരേ മൈതാനത്ത് കാണാനായത്. താരങ്ങളുടെ കളിയിൽ മാത്രമല്ല, മനോഭാവത്തിലും അടിമുടി മാറ്റം പ്രകടമായിരുന്നു. കടലാസിലെ പുലികൾ മൈതാനത്ത് നിരായുധരാകുന്നുവെന്ന വിമർശനങ്ങൾക്ക് ആറാം മിനിറ്റിൽ തന്നെ മറുപടി. അതും സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നുതന്നെ. പന്തുകിട്ടാതെ അലയുന്നുവെന്ന കുറ്റപ്പെടുത്തലുകൾക്കും ഇനിയൊരു തിരിച്ചുവരവില്ലെന്ന അടക്കംപറച്ചിലുകൾക്കും മൈതാനത്ത് ഒറ്റഷോട്ടുകൊണ്ട് അയാൾ മറുപടി നൽകി.

ഉസ്‌ബെക്കിസ്താനെതിരേ ആറാം മിനിറ്റിലാണ് റൊണാൾഡോ ആദ്യം വലകുലുക്കിയത്. വലതുവിങ്ങിൽ നിന്ന് ജാവോ കാൻസലോ നൽകിയ ക്രോസ്സ് തകർപ്പൻ ഷോട്ടിലൂടെ റൊണാൾഡോ ഗോളാക്കി മാറ്റി. ഉസ്‌ബെക്കിസ്താൻ ഗോളിക്ക് കാഴ്ചക്കാരനായി നിൽക്കാനേ സാധിച്ചുള്ളൂ. അതോടെ ആറുലോകകപ്പുകളിലും ഗോൾ നേടുന്ന താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി. ഈ ലോകകപ്പിലെ ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോളാണിത്.

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾ സ്‌കോററാണ് റോണോ. 41 വയസ്സും 138 ദിവസവുമാണ് താരത്തിന്റെ പ്രായം. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ഗോൾ സ്‌കോറർ മുൻ കാമറൂൺ താരം റോജർ മില്ലയാണ്. 42 വയസ്സും 39 ദിവസവുമാണ് 1994 ലോകകപ്പിൽ ഗോൾ നേടുമ്പോൾ റോജർ മില്ലയുടെ പ്രായം. അമേരിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ റഷ്യക്കെതിരേയാണ് റോജർ മില്ല റെക്കോഡ് ഗോൾ നേടിയത്.