ന്യൂയോർക്ക്: ലോകകപ്പിൽ ആദ്യമായി പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്തായി ജർമനിയുടെ മടക്കം. അതും പ്രീക്വാർട്ടറിൽ പോലും എത്താനാകാതെ. മറുവശത്ത് ഷൂട്ടൗട്ട് ഒരിക്കൽ കൂടി അതിജീവിക്കാനാകാതെ നെതർലൻഡ്സും പുറത്തായി. പ്രീക്വാർട്ടർ പോലും കാണാതെ രണ്ട് വമ്പന്മാരാണ് ഒരേ ദിവസം ഈ ലോകകപ്പിൽനിന്ന് പുറത്തായത്. നാല് തവണ ലോകചാമ്പ്യന്മാരായിട്ടുള്ള ജർമനി ഏറ്റവും ഒടുവിൽ കിരീടം ചൂടിയത് അർജന്റീനയെ തോൽപിച്ച് 2014 ലായിരുന്നു. 2018 ലും 2022 ലും ഇപ്പോൾ 2026 ലും. തുടർച്ചയായ മൂന്ന് ലോകകപ്പുകളിലാണ് ജർമനി പ്രീക്വാർട്ടർ പോലും കാണാതെ പുറത്താകുന്നത്. സമീപകാലത്ത് ഫേവറിറ്റുകളിൽ തീർത്തും നിരാശപ്പെടുത്തുകയാണ് തുടർച്ചയായി ജർമനി. ഇതിന് മുമ്പ് നാല് പെനാൽറ്റി ഷൗട്ടുകൾ നേരിട്ടപ്പോഴും ജയിച്ച ജർമനിയാണ് പാരഗ്വായ്ക്ക് മുന്നിൽ മുട്ടുമടക്കിയത്. 1982 സെമിയിൽ ഫ്രാൻസിനെ സഡൻ ഡെത്തിൽ 86 ൽ ക്വാർട്ടറിൽ മെക്‌സിക്കോയെ 1990 ൽ സെമിയിൽ ഇംഗ്ലണ്ടിനെ 2006 ൽ അർജന്റനീയെ ക്വാർട്ടറിൽ. 4-0 ത്തിന്റെ ക്ലീൻ റെക്കോഡാണ് ഇത്തവണ കൈവിട്ടത്‌.

To advertise here,

നെതർലൻഡ്സിനെയാകട്ടെ ഷൂട്ടൗട്ട് ശാപം വിടാതെ പിന്തുടരുകയാണ്. ഇത് നാലാം തവണയാണ് അവർ ലോകകപ്പിൽ ഷൗട്ടൗട്ടിൽ തോറ്റ് ടൂർണമെന്റിൽനിന്ന് പുറത്താകുന്നത്. 1998 ൽ ബ്രസീലിനോട് സെമിയിൽ തോറ്റു. 2014 ലിൽ ക്വാർട്ടറിൽ അർജന്റീനക്ക് മുന്നിൽ വീണു. കഴിഞ്ഞ തവണയും ഡച്ച് പടയുടെ പടയോട്ടം അവസാനിപ്പിച്ചത് അർജന്റീന തന്നെയായിരുന്നു. ക്വാർട്ടറിലായിരുന്നു തോൽവി. ഇത്തവണ പ്രീക്വാർട്ടർ പോലും എത്താതെയാണ് മടക്കം. മൊറോക്കോയോട് തോറ്റ്‌.

ഒരുനിമിഷം ഹീറോയായി മാറിയെന്ന് കരുതിയ ജർമൻ താരം ജോനാഥൻ ഝാ വില്ലനുമാകുന്ന കാഴ്ചയും ഇന്ന് ഫുട്ബോൾ ലോകം കണ്ടു. ജൂലിയ എൻസോയുടെ ഗോളിന് പിന്നിലായ ജർമനി ഹാവേർട്സിലൂടെ ഗോൾമടക്കി കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ സമയം. കോർണർ കിക്കിൽനിന്ന് മാർക്ക് ചെയ്യപ്പെടാതെ നിന്ന ജോനാഥൻ ഝായുടെ മിന്നൽ ഹെഡ്ഡർ വലകുലുക്കി. ജർമനി പ്രീക്വാർട്ടർ സ്വപ്നത്തിലേക്ക് കടന്ന നിമിഷങ്ങൾ. എന്നാൽ ഝായുടെ ഹെഡ്ഡർ വരുന്നതിന് മുന്നെ പാരഗ്വായ് ഗോളിയെ മറ്റൊരു ജർമൻ താരം തള്ളി വീഴ്ത്തുന്ന രംഗം വാർ പിടിച്ചതോടെ റഫറി ആ ഗോൾ നിരസിക്കുന്നു. ജർമനി ഞെട്ടിയ നിമിഷം. ഇറാന് പിന്നാലെ ജർമനിക്കും വാർ വഴിയടക്കുകയാണോ. ഷൗട്ടൗട്ടിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞു. നിർണായക കിക്കെടുത്ത ജോനാഥൻ ഝായുടെ ഷോട്ട് ക്രോസ് ബാറിന്‌ മുകളിലൂടെ പറന്നുപോയി. ഹെഡ്ഡർ വലയിലാക്കിയ ഝായ്ക്ക് ആ ഷോട്ട് പിഴച്ചു, ജർമനി ക്ലോസ്. അടുത്ത കിക്ക് വലയിലാക്കി പാരഗ്വായ് പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു.

അനുഭവസമ്പന്നനായ ജർമൻ ഗോളി മാനുവൽ ന്യൂയർക്ക് പിഴച്ചിടത്ത് പാരഗ്വായ് ഗോളി ഗിൽ വന്മതിലായി. 2010 ൽ ക്വാർട്ടറിലെത്തിയതാണ് പാരഗ്വായിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. അന്നും പ്രീക്വാർട്ടറിൽ ജപ്പാനെതിരെ ഷൂട്ടൗട്ട് അതിജീവിച്ചാണ് അവർ ക്വാർട്ടറിലെത്തിയത്. 1986 ലും 98 ലും 2002 ലും അവർ അവസാന 16 ഇൽ ഇടംപിടിച്ചു. ഭാഗ്യത്തിന്റെ ആനുകൂല്യത്തിൽ മൂന്നാം സ്ഥാനക്കാരായി ആദ്യ റൗണ്ട് കഷ്ടിച്ച് കടന്നകൂടിയ ടീമിന് മുന്നിലാണ് ജർമനി വീണത്. ഇക്വഡോറിനോടുള്ള ഞെട്ടിക്കുന്ന തോൽവിയുടെ ആഘാതം ജർമനിയെ പിന്തുടർന്നു.

മൂന്ന് തവണ ഫൈനൽ കളിച്ചിട്ടും ഇതുവരെ ലോകകിരീടം ചൂടാനാകാത്ത ഓറഞ്ച് പടയിൽ നിന്ന് ഇത്തവണ ആരാധാകർ അത് പ്രതീക്ഷിച്ചു. എന്നാൽ ഗ്യാക്പോയും വാൻഡേക്കും നേരത്തെ മടക്ക ടിക്കറ്റ് കിട്ടി മടങ്ങുന്നു. ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണ സെമികളിച്ച മൊറോക്കോ ഇത്തവണ നെതർലൻഡ്സിന്റെ ഷൂട്ടൗട്ട് കടമ്പ കടന്നാണ് പ്രീക്വാർട്ടറിലെത്തുന്നത്. നെതർലൻഡ്സ് താരങ്ങൾ അലക്ഷ്യമായി കിക്കുകൾ പാഴാക്കിയപ്പോൾ മൊറോക്കോ നിരയിൽ സൂപ്പർതാരം ഹക്കീമിയുടെ കിക്ക് വരെ ബാറിലിടിച്ച് മടങ്ങി. മൊറോക്കോയുടെ ഒരു കിക്ക് ഡച്ച് ഗോളി തടുത്തെങ്കിലും കാലിൽ തട്ടി അത് ഗോൾവര കടന്നത് നെതർലൻഡ്സിന് നിർഭാഗ്യമായി. ഗ്യാക്പോയുടെ ഗോളിൽ രണ്ടാം പകുതിയിൽ ലീഡെടുത്ത ശേഷമാണ് ഡച്ച് പട ഗോൾ വഴങ്ങി തോൽവിയിലേക്ക് നീങ്ങിയത്. പ്രീക്വാർട്ടറിലെ ഹൈവോൾട്ടേജ് പോരാട്ടങ്ങൾ മൂന്നെണ്ണത്തിൽ ഒന്നായിരുന്നു മൊറോക്കോ-നെതർലൻഡ്സ് മത്സരം. ജപ്പാൻ വെല്ലുവിളി ബ്രസീൽ അതിജീവിച്ചത് ഇൻജുറി ടൈമിലായിരുന്നു. പോർച്ചുഗൽ-ക്രൊയേഷ്യ രണ്ടിലൊരാളും ഇനി പ്രീക്വാർട്ടർ കാണാതെ പുറത്താകും.