ഡാൻസ്: മൈതാനത്തെ രണ്ടുപകുതികളാക്കുമ്പോൾ ഒരുവശത്ത് ആധുനിക ഫുട്ബോളിന്റെ എല്ലാ ഭാവങ്ങളിലും ആടിത്തിമിർക്കാൻ കഴിയുന്ന കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് ടീം. മറുവശത്ത് ഭാവിതാരമെന്നു വിലയിരുത്തപ്പെട്ടുക്കഴിഞ്ഞ ലാമിൻ യമാൽ എന്ന കൗമാരക്കാരൻ മുന്നിൽനിന്നു നയിക്കുന്ന സ്പാനിഷ് ടീം. ഡാലസിലെ ആർലിങ്ടൺ സ്റ്റേഡിയം ചൊവ്വാഴ്ച രാത്രി 12.30 ആകുമ്പോൾ പന്തുരുളുന്ന പോർക്കളമായിമാറും, ഫൈനൽ ടിക്കറ്റ് എടുക്കാൻ മോഹിച്ച് രണ്ടു വമ്പൻ ശക്തികൾ ഇരുഭാഗങ്ങളിലുമായി സർവസന്നാഹങ്ങളുമായി പൊരുതാനിറങ്ങും. ഈ പോരാട്ടത്തിന് ലോകകപ്പ് ഫുട്ബോളിന്റെ സെമിഫൈനൽ എന്നാണ് വിശേഷണം. ടൂർണമെന്റിലെ ആദ്യസെമിയിലാണ് ഫ്രാൻസും സ്പെയിനും മുഖാമുഖം വരുന്നത്.

To advertise here,

തടുക്കാമെങ്കിൽ തടുത്തോ

കിലിയൻ എംബാപ്പെ-ഒസ്മാൻ ഡെംബലെ-മൈക്കൽ ഒലിസെ-ഡെറീറെ ഡുവെ... ഈ ലോകകപ്പിലെ ഏറ്റവും മാരകമായ ആക്രമണനിര ഫ്രാൻസിന് സ്വന്തം. ഇതിൽ നാലുപേരും ടീമിനെ ജയിപ്പിക്കാൻ കഴിയുന്നവർ. അതിവേഗക്കാരാണ് എംബാപ്പെയും ഡെംബലെയും. ഗോൾവഴി കണ്ടെത്തി ഇരുവരിലേക്കും പന്തെത്തിക്കാൻ മിടുക്കനാണ് ഒലിസെ. ഡുവെക്ക് വിങ്ങുകളിലൂടെ മികച്ചരീതിയിൽ ആക്രമണം സംഘടിപ്പിക്കാൻ കഴിയും. ടൂർണമെന്റിൽ ആധികാരികപ്രകടനമായിരുന്നു ഫ്രാൻസിന്റേത്. പ്രീക്വാർട്ടറിൽ ഫിസിക്കൽ ഗെയിം പുറത്തെടുത്ത പാരഗ്വായിക്കെതിരേ മാത്രമാണ് ടീം വിഷമിച്ചത്. ക്വാർട്ടറിൽ മൊറോക്കോയ്‌ക്കെതിരായ കളിയിലൂടെ അവർ ഫോം വീണ്ടെടുത്തു. എംബാപ്പെയെ സ്ട്രൈക്കറായും ഒലിസെയെ അറ്റാക്കിങ് മിഡ്ഫീൽഡറായുമാകും കളിപ്പിക്കുന്നത്. വിങ്ങുകളിൽ ഡെംബലയും ഡുവെയും വരും. ഡിഫൻസീവ് മിഡ്ഫീൽഡിൽ മാനുകോനയും അഡ്രിയൻ റാബിയോട്ടുമാകും. സെൻട്രൽ ഡിഫൻസിൽ വില്യം സാലിബയും ഡയോട്ട് ഉപമെക്കാനോയും കളിക്കും. യൂൾസ് കുണ്ടെയും ലൂക്കാസ് ഡിഗ്‌നെയുമാകും വിങ്ബാക്കുകളായി ഇറങ്ങുന്നത്. മൈക്ക് മെയ്ഗ്‌നൻ ഗോൾവലകാക്കും.

പന്ത് വിട്ടുതരില്ല

എതിരാളിക്ക് പന്തുനൽകാതെ കളിച്ചുകൊണ്ടേയിരിക്കുക, അവസരം കിട്ടുമ്പോൾ ആക്രമണം അഴിച്ചുവിടുക. സ്പെയിൻ ടീമിന്റെ തന്ത്രം ലളിതമാണ്. എന്നാൽ, അവരുടെ പന്ത് വിതരണവും കളിക്കാർ തമ്മിലുള്ള ഇഴയടുപ്പവും മികച്ചതാണ്. ക്യാപ്റ്റൻ റോഡ്രിയാണ് ടീമിന്റെ അച്ചുതണ്ട്. ബോക്സ് ടു ബോക്സ് കളിക്കാൻകഴിയുന്ന താരമാണ്. ടീമിന്റെ പാസിങ് ഗെയിം മുന്നോട്ടുകൊണ്ടുപോകുന്നതിലും താരത്തിന് വലിയപങ്കുണ്ട്. ലാമിൻ യമാലിന്റെ ഫോം കളിയിൽ നിർണായമാകും. ഒറ്റയ്ക്ക് കളിഗതി മാറ്റിമറിക്കാനുള്ള പ്രതിഭാശേഷി യമാലിനുണ്ട്. അപാരമായ ഡ്രിബ്ലിങ് മികവും വേഗവും പന്തടക്കവുമാണ് അപകടകാരിയാക്കുന്നത്.

കരുത്തരായ പ്രതിയോഗികളെ മറികടന്നാണ് സ്പെയിനിന്റെ വരവ്. അതവർക്ക് മാനസികമുൻതൂക്കം നൽകുന്നു. അവസാന രണ്ടു കളികളിലും ഗോളടിച്ച് സൂപ്പർ സബ്ബായിമാറിയ മികേൽ മെറീനോയിൽനിന്ന് ടീം സ്‌കോറിങ് പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.

ഡാനി ഒൽമോയ്ക്ക് പകരം ആദ്യഇലവനിൽ മെറീനോയെ കളിപ്പിക്കാനും സാധ്യതയുണ്ട്. ഒയർസബാലിനു പിന്നിലാകും മെറീനോയുടെ സ്ഥാനം. വിങ്ങുകളിൽ യമാലും അലക്സ് ബയേനയും വരും. റോഡ്രിയും പെഡ്രിയും ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിക്കും. പെഡ്രോ പോറോ-പാവു കുബാർസി-ഐയ്മറിക് ലാപോർട്ട-മാർക് കുക്കുറെയ്യ എന്നിവർ കളിക്കുന്ന പ്രതിരോധം മികച്ചതാണ്. ഉനായ് സിമോണാണ് ഗോൾവല കാക്കുക. ഒരുതവണ മാത്രമാണ് അവരുടെ വലയിൽ പന്തെത്തിയത്.