കേരളത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തിവെക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച കളിക്കാരന്‍. മൈതാനത്ത് മാത്രമല്ല വെള്ളവരയ്ക്ക് പുറത്ത് പരിശീലക റോളിലും വിസ്മയിപ്പിച്ച പതിറ്റാണ്ടുകള്‍... ടി.എ ജാഫര്‍ വിടവാങ്ങുമ്പോള്‍ കേരളത്തിന് നഷ്ടമാകുന്നത് ഫുട്‌ബോള്‍ചരിത്രത്തില്‍ ഒരുപിടി ഉജ്വലനിമിഷങ്ങള്‍ സമ്മാനിച്ച കളിക്കാരനെയാണ്, മധ്യനിര അടക്കിവാണ മിഡ്ഫീല്‍ഡ് ജനറലിനേയാണ്.
1973-ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫിയിൽ മുത്തമിടുന്നത്. അന്ന് കിരീടം സ്വന്തമാക്കിയ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ജാഫര്‍. ഫൈനലില്‍ റെയില്‍വേസിനെ കേരളം പരാജയപ്പെടുത്തിയത് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ്. ഹാട്രിക് അടിച്ച് മണി എന്ന നായകന്‍ ടീമിനായി പുതുചരിത്രമെഴുതുമ്പോള്‍ കയ്യടി അര്‍ഹിക്കുന്ന പ്രകടനവുമായാണ് ജാഫര്‍ മടങ്ങിയത്.
മത്സരത്തില്‍ ഗോളുകള്‍ ഒന്നും ജാഫര്‍ നേടിയിരുന്നില്ല. പക്ഷേ, ഒരു മിഡ്ഫീല്‍ഡ് ജനറല്‍ മൈതാനം അടക്കിവാഴുന്നതാണ് അന്ന് കാണികൾ കണ്ടത്. മത്സരത്തിനിടയ്ക്ക് മിഡ്ഫീല്‍ഡിലെ ഫയര്‍ എന്‍ജിന്‍ എന്നാണ് ജാഫറിനെ കമന്റേറ്റര്‍ വിശേഷിപ്പിച്ചത്. അക്ഷരാര്‍ഥത്തില്‍ അത് അന്വര്‍ഥമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 1973-ലെ സന്തോഷ് ട്രോഫി വിജയത്തിൻ്റെ അൻപതാം വാർഷികത്തിന് രണ്ടുദിവസം മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്‍റെ വിയോഗം.
മൈതാനത്തിന് പുറത്ത് പരിശീലകറോളിലും ജാഫർ ശോഭിച്ചു. ടീം വിജയിക്കുമ്പോഴും ടീമിന് പഠിക്കാനേറെയുണ്ടെന്ന തത്വം പലകുറി ജാഫര്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതിഭയെ പൊടിതട്ടിയെടുത്ത് പോളിഷ് ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്ക് മാത്രമേ ഒരു കളിക്കാരനിലേക്ക് വളരാനാകൂ എന്നും തന്റെ ജീവിതം തന്നെയാണ് തന്റെ അധ്യാപനമെന്നും ജാഫര്‍ തെളിയിച്ചു. ജാഫര്‍ കളിമൈതാനങ്ങളിലേക്ക് വരുന്നതും അതേ സമീപനത്തോടെയാണ്. 1973-ല്‍ കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനായി രണ്ട് തവണയും കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട് ജാഫര്‍. 1992, 1993 വര്‍ഷങ്ങളിലാണ് ജാഫര്‍ പരിശീലകനായി സന്തോഷ് ട്രോഫി കിരീടം നേടിയത്.
പുതിയകാല ഫുട്‌ബോളിനെ കുറിച്ച് ശ്രദ്ധേയമായിരുന്നു ജാഫറിന്റെ വിലയിരുത്തലുകള്‍. അണ്ടര്‍ 17-ലോകകപ്പും പണക്കൊഴുപ്പിന്റെ ഐഎസ്എല്ലും ഇന്ത്യയില്‍ വന്നപ്പോഴും മികച്ച ഒരു ടീമിനെ വാര്‍ത്തെടുക്കാന്‍ നമുക്ക് സാധിച്ചില്ലെന്ന് ജാഫര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഫുട്‌ബോളിന്റെ ജനകീയത നഷ്ടപ്പെട്ടിട്ടില്ലെങ്കിലും മികച്ച കളിക്കാര്‍ വളര്‍ന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ കേരളഫുട്‌ബോളിന് എക്കാലവും പാഠങ്ങള്‍ പകര്‍ന്നുകൊടുത്ത അധ്യാപകനെ കൂടിയാണ് ഈ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.
Content Highlights: former football player ta jaffar passed away
Published: 24 Dec 2023, 10:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented