കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ബ്രസീൽ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി പശ്ചിമ ബംഗാൾ സർക്കാർ. ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടുന്നത്. ഒക്ടോബർ മൂന്നിന് നടക്കുന്ന ഈ പോരാട്ടത്തിൽ വൻ ജനക്കൂട്ടവും ബ്രസീലിന്റെ സൂപ്പർ താരങ്ങളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.

To advertise here,

സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പശ്ചിമ ബംഗാൾ ഡിജിപി സിദ്ധ നാഥ് ഗുപ്ത വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനായി 2,500 പോലീസ് ഉദ്യോഗസ്ഥരെയും 20 ഐപിഎസ് ഉദ്യോഗസ്ഥരെയും വിവിധ റാങ്കുകളിലുള്ള 200-ഓളം ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

കൂടാതെ, അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കേന്ദ്ര സേനയെ റിസർവായി നിർത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തിൽ ത്രീ ടയർ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കാണികൾക്കായി ആദ്യമായി നമ്പറിട്ട സീറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്നും, മത്സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

വിനീഷ്യസ് ജൂനിയർ, മാർക്വിന്യോസ്, ബ്രൂണോ ഗിമറെസ്, എൻഡ്രിക് തുടങ്ങിയ താരങ്ങളെല്ലാം ബ്രസീൽ നിരയിൽ അണിനിരക്കും.

മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസ് കടുത്ത മുൻകരുതലുകൾ എടുക്കുന്നത്. 2025 ഡിസംബറിൽ 'ഗോട്ട് ഇന്ത്യ ടൂറി'ന്റെ ഭാഗമായി ലയണൽ മെസ്സിയും ഇന്റർ മയാമി സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും ഈ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ പ്രശ്‌നങ്ങളും സംഘർഷവും ഉണ്ടായിരുന്നു.

വിഐപികളും സെൽഫി പ്രേമികളും മെസ്സിയെ വളഞ്ഞതിനെ തുടർന്ന് 15 മിനിറ്റ് മാത്രം ഗ്രൗണ്ടിൽ ചെലവഴിച്ച് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. തുടർന്ന് കോപാകുലരായ കാണികൾ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുകയും സ്റ്റേഡിയത്തിലെ കസേരകളും ബാരിക്കേഡുകളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ചില പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.