
ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ | Photo: AFP
തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2006-ൽ അദ്ദേഹത്തിനെതിരേയെടുത്ത വിജിലൻസ് കേസ് പുനരന്വേഷിക്കുന്നു. മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരമാണിത്. അങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് വികസനത്തിന് കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയുടെ എൻജിനിയർ ലീ സീ ബീൻ ആത്മഹത്യചെയ്തത് ഗ്യാനേഷ് കുമാറിന്റെകൂടി ഇടപെടൽ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.
എസ്.ഐ.ആറിലൂടെ 13 കോടിപ്പേരെ വോട്ടർപട്ടികയിൽനിന്ന് നീക്കിയതിന് ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ അഖിലേന്ത്യാതലത്തിൽ പ്രക്ഷോഭം നടത്തുമ്പോഴാണ് ഈ തീരുമാനം. മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് അന്നത്തെ ഫയലുകളുടെ പ്രാഥമിക പരിശോധനയിലാണ് വിജിലൻസ്. ഭരണഘടനാപദവിയായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് എത്തുന്നതിന് മുൻപുള്ള നടപടിയിലാണ് അന്വേഷണമെന്നതിനാൽ ഇതിൽ നിയമതടസ്സമില്ലെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
എൻജിനിയറുടെ ആത്മഹത്യക്കുപിന്നിൽ ഗ്യാനേഷ് കുമാറിന്റെ ഇടപെടലുണ്ടായെന്ന് അന്ന് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയെത്തുടർന്നാണ് ആഭ്യന്തരമന്ത്രിയുടെ നടപടി.
റോഡ് നിർമാണം വൈകിയതോടെ സർക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബിൽ തടഞ്ഞുവെക്കുകയും ചെയ്തു. ഇതേത്തുടർന്ന് ലീ സീ ബീൻ ക്വാലാലംപുരിൽ ആത്മഹത്യചെയ്തു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിയാണ് പദ്ധതി വൈകാൻ കാരണമെന്നായിരുന്നു ലീ സീ ബീനിന്റെ പരാതി.
ആത്മഹത്യാക്കുറിപ്പിലും സർക്കാരിനുള്ള കത്തിലും ഗ്യാനേഷ്‌കുമാറിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് പേരുപറഞ്ഞ് പരാമർശമുണ്ടായിരുന്നതായി ആരോപണമുയർന്നു. എന്നാൽ, ആത്മഹത്യാക്കുറിപ്പ് ഇവിടേക്ക് കൈമാറാനോ അന്വേഷണം നടത്താനോ ശ്രമംനടന്നില്ല.
ഗ്യാനേഷ് കുമാറിനെ സ്ഥലംമാറ്റിയത് മാത്രമായിരുന്നു ഏക ശിക്ഷാനടപടി. അദ്ദേഹം ഉടൻതന്നെ കേന്ദ്രത്തിൽ ഡെപ്യൂട്ടേഷൻ നേടി കേരളം വിടുകയും ചെയ്തു. വിജിലൻസിന്റെ ഫയലിലുള്ള, ലീ സീ ബീൻ സർക്കാരിന് അയച്ച കത്തുകളിൽ ഗ്യാനേഷ്‌കുമാറിന്റെ ഇടപെടലുകളെക്കുറിച്ചുള്ള പരാമർശം കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് നിയമതടസ്സമില്ല
20 വർഷം പഴക്കമുള്ള കേസാണെങ്കിലും അന്വേഷണത്തിന് വിടുന്നതിൽ നിയമപരമായി തെറ്റില്ല. നക്സൽ വർഗീസ് കൊല്ലപ്പെട്ട കേസിൽ വർഷങ്ങൾക്കുശേഷമുണ്ടായ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഗ്യാനേഷുമായി ബന്ധപ്പെട്ട കേസിൽ അഴിമതിയാരോപണംമാത്രമല്ല നിർമാണക്കമ്പനി എൻജിനിയറുടെ മരണം കൂടിയുണ്ട്. നേരത്തെയുള്ള കേസ് ആയതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന നിലയിലുള്ള പരിരക്ഷ ലഭിക്കുകയില്ല. – അഡ്വ. കാളീശ്വരം രാജ്. സുപ്രീം കോടതി അഭിഭാഷകൻ.
Content Highlights: Kerala government reopens a 2006 vigilance case against Chief Election Commissioner Gyanesh Kumar., The case stems from the suicide of Malaysian engineer Lee See Been during MC Road development., Minister Ramesh Chennithala ordered the preliminary file review based on a complaint., Legal experts confirm no legal barriers to investigating pre-constitutional post actions.
Published: 04 Oct 2026, 06:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented