ന്യൂഡല്‍ഹി: ഹാങ്ചൗ ഏഷ്യന്‍ ഗെയിംസ്, 2026 ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള നറുക്കെടുപ്പില്‍ ഇന്ത്യക്ക് ലളിതവും കഠിനവുമായ മത്സരങ്ങള്‍.

To advertise here,

ഏഷ്യന്‍ ഗെയിംസ് ഗ്രൂപ്പ് എ: ഇന്ത്യ, ചൈന, മ്യാന്‍മാര്‍, ബംഗ്ലാദേശ്

ഏഷ്യന്‍ ഗെയിംസിന് ഗ്രൂപ്പ് എ-യിലാണ് ടീം മത്സരിക്കുക. ഗ്രൂപ്പില്‍ ചൈന (80) മാത്രമാണ് ഇന്ത്യയുടെ (99) റാങ്കിന് മുന്നിലുള്ളത്. ബംഗ്ലാദേശ് (189), മ്യാന്‍മാര്‍ (160) എന്നിവര്‍ താരതമ്യേന ദുര്‍ബലരാണ്. ഇന്ത്യന്‍ വനിതാ ടീം ഗ്രൂപ്പ് ബി-യിലാണ്. ചൈനീസ് തായ്പേയ്, തായ്ലാന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ എതിരാളികള്‍. ഇരുടീമുകളെയും മറികടക്കുകയെന്നത് ഇന്ത്യക്ക് കഠിനമാകും. മത്സരം സെപ്റ്റംബര്‍ 19-ന് തുടങ്ങും.

ലോകകപ്പ് യോഗ്യതാറൗണ്ട്

ഗ്രൂപ്പ് എ: ഇന്ത്യ, ഖത്തര്‍, കുവൈത്ത്

ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ രണ്ടാംറൗണ്ട് മത്സരങ്ങള്‍ക്കുള്ള നറുക്കെടുപ്പില്‍ ഇന്ത്യ എ ഗ്രൂപ്പില്‍ ഉള്‍പ്പെട്ടു. ഖത്തറാണ് (59-ാം റാങ്ക്) പ്രധാനവെല്ലുവിളി. മറ്റൊരു ടീമായ കുവൈത്തും (137) ശക്തരായ എതിരാളിയാണ്. ഒന്നാം റൗണ്ട് കളിച്ചെത്തുന്ന ഒരു ടീമും ഗ്രൂപ്പിലുണ്ടാകും. അഫ്ഗാനിസ്താന്‍-മംഗോളിയ പോരാട്ടത്തിലെ വിജയിയായിരിക്കും എത്തുക. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ 18 സ്ഥാനങ്ങളിലുള്‍പ്പെട്ടതാണ് ഇന്ത്യക്ക് നേട്ടമായത്. ഇന്ത്യക്ക് മുകളില്‍ റാങ്കുള്ള ഒരു ടീമിനെയാണ് നേരിടേണ്ടത്. മറ്റുള്ളവര്‍ റാങ്കിങ്ങില്‍ ഇന്ത്യക്ക് പിറകിലാണ്. നവംബര്‍ 16-ന് കുവൈത്തിനെതിരേയാണ് ഇന്ത്യയുടെ ആദ്യമത്സരം. നവംബര്‍ 21-ന് ഖത്തറിനെതിരേ കളിക്കും. ഒരു ടീമിനെതിരേ രണ്ടുകളിയുണ്ട്. ഗ്രൂപ്പില്‍ ആദ്യരണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ മൂന്നാം റൗണ്ടിലെത്തും.

ഏഷ്യന്‍ ഗെയിംസ് ഇങ്ങനെ

പുരുഷവിഭാഗത്തില്‍ ആറ് ഗ്രൂപ്പുകളിലായി 24 ടീമുകള്‍ കളിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ടു ടീമുകളും മൂന്നാം സ്ഥാനക്കാരായ മികച്ച നാലു ടീമുകളും പ്രീക്വാര്‍ട്ടറിലെത്തും.

വനിതകളില്‍ 17 ടീമുകള്‍ കളിക്കും. ആദ്യ മൂന്ന് ഗ്രൂപ്പുകളില്‍ മൂന്നും മറ്റു രണ്ടു ഗ്രൂപ്പുകളില്‍ നാലു ടീമുകളും ഏറ്റുമുട്ടും. ഗ്രൂപ്പില്‍ ഒന്നാമതെത്തുന്ന ടീമും ഏറ്റവും മികച്ച മൂന്ന് രണ്ടാംസ്ഥാനക്കാരും നേരിട്ട് ക്വാര്‍ട്ടറിലെത്തും.

ബുധനാഴ്ചയാണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ഗെയിംസില്‍ കളിക്കാന്‍ കേന്ദ്ര കായികമന്ത്രാലയം അനുമതിനല്‍കിയത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ആദ്യ എട്ടുസ്ഥാനങ്ങളിലുള്ള ടീമുകളെ ഗെയിംസില്‍ പങ്കെടുപ്പിക്കാനായിരുന്നു കായികമന്ത്രാലയത്തിന്റെ തീരുമാനം. ഫുട്ബോള്‍ ടീമുകളെ ഹാങ്ചൗവിലേക്ക് അയക്കില്ലെന്ന നിലപാടിനെതിരേ വ്യാപക വിമര്‍ശനമുണ്ടായി. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രധാനമന്ത്രിക്ക് ഉള്‍പ്പെടെ കത്തയച്ചതിനെത്തുടര്‍ന്നാണ് മുന്‍ മാനദണ്ഡത്തില്‍ ഇളവുനല്‍കി ഫുട്‌ബോള്‍ ടീമുകളെ കളിപ്പിക്കാന്‍ തീരുമാനിച്ചത്.