റൊസാരിയോ: മത്സരശേഷം ദൃശ്യമാധ്യമത്തോട് സംസാരിക്കുന്നതിനിടെ അർജന്റീന മധ്യനിരതാരം ലിയാൻഡ്രോ പരേഡസ് കുഴഞ്ഞുവീണു. അർജന്റൈൻ ക്ലബ്ബ് ബൊക്ക ജൂനിയേഴ്‌സ് കോപ്പ സുഡാമേരിക്കാന കിരീടം നേടിയതിന് പിന്നാലെയാണ് സംഭവം. വിജയത്തിനു പിന്നാലെ നടന്ന തത്സമയ ടെലിവിഷൻ അഭിമുഖത്തിനിടെ താരം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മത്സരശേഷമുള്ള അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകൻ മാർസെലോ ബെനഡെറ്റോയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു പരേഡസ്. ഇതിനിടെ പെട്ടെന്ന് താരം നിലത്തേക്ക് വീഴുകയായിരുന്നു. താരത്തെ വീഴാതെ പിടിച്ചുനിർത്താൻ മാധ്യമപ്രവർത്തകൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻതന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. ശേഷം താരം ഡ്രസ്സിങ് റൂമിലേക്ക് നടന്നുപോകുകയും തുടർന്ന് കിരീടാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
മത്സരത്തിൽ തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെത്തുടർന്ന് 58-ാം മിനിറ്റിൽ പരേഡസിനെ പിൻവലിച്ചിരുന്നു. രക്തസമ്മർദത്തിലുണ്ടായ വ്യതിയാനമാണ് കുഴഞ്ഞുവീഴലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് വിദഗ്ധ പരിശോധനകൾ നടത്തിയിരുന്നു. മറ്റ് പ്രശ്നങ്ങളില്ലെന്നാണ് വിവരം.
ഫൈനലിൽ അത്ലെറ്റിക്കോ മിനെയ്‌റോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബൊക്ക ജൂനിയേഴ്‌സ് കിരീടം സ്വന്തമാക്കിയത്. കിരീടവിജയത്തിന്റെ ആഘോഷങ്ങൾക്കിടെ പരേഡസ് കുഴഞ്ഞുവീണത് സഹതാരങ്ങളെയും ആരാധകരെയും ആശങ്കയിലാക്കി.
Content Highlights: Argentina midfielder Leandro Paredes collapsed during a live post-match TV interview
Published: 22 Nov 2026, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented