സമീപകാലത്ത് ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നായിരുന്നു സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കം. പണം തന്നെയായിരുന്നു ലക്ഷ്യം. ഏകദേശം 40,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. ഫിഫ ഫോർവേർഡ് എന്റർപ്രൈസ് എന്ന പുതിയ സ്ഥാപനം തുടങ്ങി 20% ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായിരുന്നു നീക്കം. യു.എസ്. പ്രസിഡന്റ് ട്രംപിന്റെ ബന്ധുവടക്കം ഓഹരി വാങ്ങാൻ പോകുന്നുവെന്ന വിവരവും പുറത്തുവന്നു. ഫിഫയിലെ അംഗരാജ്യങ്ങളുടെ പിന്തുണയോടെ ഇത് വേഗം തന്നെ നടപ്പിലാക്കാമെന്ന് കണക്കുകൂട്ടിയെങ്കിലും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത പ്രതിഷേധമാണ്. ഓരോ വൻകരയിലെ ഫുട്‌ബോൾ ഫെഡറേഷനുകളും ഈ നീക്കത്തെ ശക്തമായി എതിർത്തതോടെ ഇൻഫാന്റിനോ ഒറ്റപ്പെട്ട അവസ്ഥയിലായി. ഒടുവിൽ മുൻപോട്ടുപോകാനാവില്ലെന്ന് ബോധ്യമായതോടെ ഫിഫയ്ക്ക് നീക്കം ഉപേക്ഷിക്കേണ്ടിവന്നു.
എല്ലാ അഭിപ്രായങ്ങളും ശ്രദ്ധയോടെ കേട്ടുവെന്നും പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി ഒരു ഭിന്നത ഉണ്ടായെന്നും വ്യക്തമാക്കിയാണ് നീക്കം ഉപേക്ഷിക്കുന്നതായി ഇൻഫാന്റിനോ വ്യക്തമാക്കിയത്. നമ്മുടെ ലക്ഷ്യം എപ്പോഴും ഒന്നിക്കുക എന്നതും മെച്ചപ്പെടുത്തുക എന്നതുമായിരുന്നു. അതിനാൽ, ഈ നിർദ്ദേശം മുന്നോട്ട് കൊണ്ടുപോകുന്നില്ല. എന്നാൽ ഫുട്ബോൾ വളർത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പിന്തുണ ആവശ്യമുള്ള രാജ്യങ്ങളെ സഹായിക്കുമെന്നും ഇൻഫാന്റിനോ അറിയിച്ചു.
ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നടത്തുന്ന ഫിഫയ്ക്കു കീഴിലെ ഫിഫ ഫോർവേർഡ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് സ്വകാര്യ നിക്ഷേപകരെ കൊണ്ടുവരാനായിരുന്നു ഇൻഫാന്റിനോയുടെ നീക്കം. 40,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. ധനകാര്യ സർവീസ് സ്ഥാപനമായ ജെ.പി. മോർഗനാണ് നിക്ഷേപകരെ കൊണ്ടുവരാൻ ഫിഫയ്ക്കായി പ്രവർത്തിച്ചിരുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനായ ജാരദ് കഷ്‌നറുടെ സഹോദരൻ ജോഷ്വ കഷ്‌നറുടെ സ്ഥാപനമായ ത്രീവ് എറ്റേണൽ അടക്കമുള്ള സ്ഥാപനങ്ങൾ മോർഗൻ തയ്യാറാക്കിയ പട്ടികയിലുണ്ടായിരുന്നു.
ഫിഫ ഫോർവേഡ് എന്റർപ്രൈസിലെ നിക്ഷേപകർക്ക് നിയന്ത്രണാധികാരമില്ലാത്ത ഓഹരികൾ മാത്രം അനുവദിക്കുക എന്നതാണ് ഇൻഫാന്റിനോയുടെ നിർദേശത്തിലുള്ളത്. അംഗരാജ്യങ്ങൾക്കുമുന്നിൽ വലിയ വാഗ്ദാനം മുന്നോട്ടുവെച്ചാണ് നിക്ഷേപത്തിന് ഇൻഫാന്റിനോ പിന്തുണതേടുന്നത്. നിക്ഷേപം വന്നാൽ 2027-2030 കാലയളവിൽ ഫിഫ ഫാസ്റ്റ് ഫോർവേഡ് പ്രോഗ്രാം വഴി ഫുട്‌ബോൾ വികസനത്തിനായി ഓരോ ഫെഡറേഷനും 190 കോടിരൂപ നൽകും. ഇത് 2035-38 ആകുമ്പോഴേക്കും 230 കോടി രൂപയായി ഉയർത്തുകയും ലക്ഷ്യമിട്ടു.
എന്നാൽ വലിയ പ്രതിഷേധമാണ് ഫിഫയുടെ ഈ നീക്കത്തിനെതിരേ ഉയർന്നത്. വാർത്ത പുറത്തുവന്നതിന് പിന്നാലെ യൂറോപ്യൻ ഫുട്ബോൾ കൂട്ടായ്മയായ യുവേഫ യുവേഫ കടുത്ത എതിർപ്പുയർത്തി. അടിയന്തര യോഗം വിളിച്ച് 55 രാജ്യങ്ങളും ഒറ്റക്കെട്ടായി എതിർത്തു. ഫിഫ നടത്തുന്ന ഒരു ടൂർണമെന്റിലും പങ്കെടുക്കില്ലെന്ന കടുത്ത നിലപാടുവരെ എടുത്തു. ലോകകപ്പ് ജേതാക്കളായ സ്പെയിൻ ഉൾപ്പെടെ സംഘടനയിലെ 55 അംഗങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നും യുവേഫ വ്യക്തമാക്കി. ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഒരിക്കലും ലാഭത്തിനുവേണ്ടിയുള്ള നിക്ഷേപ പദ്ധതിയല്ല. മറിച്ച്, കായികലോകത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാണ്. അത് വിൽക്കാനുള്ളതല്ലെന്ന് യുവേഫ പ്രതികരിച്ചു.
ഫുട്‌ബോളിന്റെ ഭാവി ഏതാനും സ്വകാര്യ വ്യക്തികളുടെ ലാഭക്കൊതിക്ക് മുന്നിൽ പണയം വെക്കാൻ അനുവദിക്കില്ലെന്നും യുവേഫ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ലോകകപ്പ് കച്ചവടത്തിനുള്ള ഒരു നിക്ഷേപ ഉത്പന്നമല്ല. അത് തലമുറകളായി താരങ്ങളും ആരാധകരും പടുത്തുയർത്തിയ ഫുട്‌ബോളിന്റെ ഏറ്റവും വലിയ പാരമ്പര്യമാണ്. അതിൽ ഒരു പങ്ക് പോലും സ്വകാര്യ നിക്ഷേപകർക്ക് വിറ്റഴിക്കാൻ കഴിയില്ല. ലോകകപ്പ് വിൽക്കാനുള്ളതല്ല. ബാഹ്യ നിക്ഷേപകർ എത്തുന്നതോടെ ഫുട്‌ബോളിന്റെ സ്വഭാവം തന്നെ മാറും. കളിയുടെ വളർച്ചയേക്കാൾ നിക്ഷേപകരുടെ ലാഭവിഹിതത്തിനായിരിക്കും പിന്നീട് മുൻഗണന നൽകേണ്ടി വരിക. വരുംതലമുറയ്ക്കായി സൂക്ഷിക്കേണ്ട ഈ കായിക പാരമ്പര്യം വിൽക്കാൻ ആർക്കും ധാർമ്മികമായ അവകാശമില്ലെന്നും യുവേഫ പ്രസ്താവനയിൽ പറഞ്ഞു.
മാത്രമല്ല, മാത്രമല്ല, കോൺകാകാഫും എഎഫ്‌സിയും കൂടി ഈ പദ്ധതിയ്‌ക്കെതിരേ രംഗത്തുവന്നു. ഇത് കൂടുതൽ തിരിച്ചടി നൽകി. ഫിഫ കൗൺസിലിന്റെയും അംഗരാജ്യങ്ങളുടെ ഭൂരിപക്ഷ പിന്തുണയോടെയും കൂടി മാത്രമേ ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. 211 രാജ്യങ്ങളിൽ 106 രാജ്യങ്ങളിലെ അസോസിയേഷനുകളുടെ പിന്തുണ വേണമെന്നർഥം. യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും ലാറ്റിനമേരിക്കയിൽ നിന്നുമടക്കം എതിർപ്പ് വന്നതോടെ വോട്ടിനിട്ടാൽ പാസാകില്ലെന്ന സ്ഥിതിയിലെത്തി. യുവേഫയിലെ 55 രാജ്യങ്ങളും എഎഫ്‌സിയിലെ 46 രാജ്യങ്ങളും കോൺകാകാഫിലെ 35 രാജ്യങ്ങളും ഇത് എതിർത്തു. അതായത് 136 രാജ്യങ്ങളുടെ വോട്ട് അപ്പോഴേക്കും എതിരായി. വോട്ടിനിട്ടാൽ പാസാകില്ലെന്ന് ഉറപ്പായത് പദ്ധതി ഉപേക്ഷിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നായി.
ഇൻഫാന്റിനോയുടെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ലോകകപ്പിൽ വൈറ്റ്ഹൗസ് ദൗത്യസംഘത്തിന്റെ തലവനായിരുന്ന കാർലോസ് കോർഡേറോ രാജിവെച്ചതും ഫിഫയെ പ്രതിസന്ധിയിലാക്കി, പ്രത്യേകിച്ച് ഇൻഫാന്റിനോയെ. ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള തീരുമാനത്തെ എതിർക്കുന്നതായി അദ്ദേഹം അറിയിച്ചു. യൂറോപ്യൻ ഫുട്ബോൾ കൂട്ടായ്മയായ യുവേഫ ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഇൻഫാന്റിനോയെ കൂടുതൽ സമ്മർദ്ദത്തിലാക്കിക്കൊണ്ട് കൊർഡെയ്റോ രാജി പ്രഖ്യാപനം നടത്തുന്നത്. തനിക്ക് ഈ നീക്കത്തിൽ യാതൊരു പങ്കുമില്ലെന്ന് കൊർഡെയ്‌റോ പറഞ്ഞു. ഇത് വളരെ മോശം ഡീലാണ്. ഫുട്‌ബോളിനും ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾക്കും ഇത് ഗുണകരമല്ല. ഇത് ഫുട്‌ബോളിന്റെ ഭാവി പണയപ്പെടുത്തുന്ന നടപടിയാണെന്നും ഫിഫയിലെ മറ്റ് ഉന്നതരോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം രാജിവെച്ചത്.
ഒരു തരത്തിലും പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഫിഫ ഇതിൽ നിന്ന് പിന്തിരിയുന്നത്. ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും എതിർപ്പുയർന്നതോടെ നീക്കം ദൂരവ്യാപകപ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന ബോധ്യവും പിൻമാറ്റത്തിന് കാരണമായെന്നുവേണം വിലയിരുത്താൻ. പദ്ധതിയുമായി മുന്നോട്ടുപോയാൽ ഫിഫ നടത്തുന്ന ടൂർണമെന്റുകളിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങൾ വിട്ടുനിൽക്കുമെന്നുറപ്പാണ്. അങ്ങനെ വന്നാൽ അത് ലോകകപ്പിനുണ്ടാക്കുന്ന തിരിച്ചടി ചെറുതായിരിക്കില്ല. ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന എതിർപ്പാണ് മറ്റൊന്ന്. ഇത് ബ്രോഡ്കാസ്റ്റിങ്, ടിക്കറ്റിങ് എന്നിവയിലൊക്കെ സ്വാധീനം ചെലുത്തും. ഇതെല്ലാം കണക്കിലെടുത്താണ് ഫിഫയുടെ തീരുമാനം.
വൻ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ഇൻഫാന്റിനോയ്ക്ക് ഫിഫ പ്രസിഡന്റ് സ്ഥാനത്ത് തുടരാനാകുമോയെന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ട്. സാധാരണരീതിയിൽ സമാനമായ നീക്കത്തിൽ നിന്ന് പിമാറേണ്ടിവന്നാൽ അത് പുറത്തേക്കുള്ള വഴിതെളിക്കുമെന്ന് മുൻ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ ചെയർമാൻ ജേവിഡ് ബേൺസ്റ്റെയിൻ പറയുന്നു. എന്നാൽ ഫിഫ സാധാരണ ഒരു സംഘടനയല്ല. മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ ഇൻഫാന്റിനോ തുടരും. അല്ലെങ്കിൽ അദ്ദേഹത്തിന് തുടരാനാകില്ല. അടുത്ത തിരഞ്ഞെടുപ്പ് ഇൻഫാന്റിനോയെ സംബന്ധിച്ച് നിർണായകമാണ്. 2027 മാർച്ചിലാണ് ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഇതുവരെ കാര്യങ്ങളെല്ലാം അനുകൂലമായിരുന്നെങ്കിലും സ്വകാര്യനിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കത്തിൽ ഇൻഫാന്റിനോയ്ക്ക് കൈപൊള്ളി. ഇത് അടുത്ത തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്നാണ് ഫുട്‌ബോൾ നിരീക്ഷകർ ഉറ്റുനോക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളുൾപ്പെടെ പിന്തുണച്ചില്ലെങ്കിൽ അത് കനത്ത തിരിച്ചടി സമ്മാനിക്കും.
Content Highlights: FIFA cancels private investment initiative targeting FIFA Forward Enterprise., Massive opposition from UEFA, AFC, and CONCACAF rendered the plan unviable
Published: 01 Aug 2026, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented