ന്യൂഡല്‍ഹി: ഫിഫ ഫുട്‌ബോള്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യ രണ്ട് സ്ഥാനംകൂടി താഴേക്കിറങ്ങി 126-ാം സ്ഥാനത്ത്. അടുത്ത കാലത്തെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. പട്ടികയില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഒന്നാംസ്ഥാനത്ത് തുടരുന്നു. ഈവര്‍ഷം ഇത് അഞ്ചാമതാണ് ഇന്ത്യ റാങ്കിങ്ങില്‍ താഴേക്ക് പതിക്കുന്നത്. 

To advertise here,

മനോളോ മാര്‍ക്വേസ് മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോള്‍ 124-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 102-ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ, 2023 എ.എഫ്.സി. ഏഷ്യന്‍ കപ്പില്‍ തകര്‍ന്നതോടെ റാങ്കിങ്ങില്‍ താഴേക്ക് പോക്ക് തുടര്‍ന്നു. അന്ന് 117-ാം സ്ഥാനത്തേക്ക് പതിച്ചിരുന്നു. തുടര്‍ന്ന് 2026 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനിസ്താനോട് തിരിച്ചടിയേറ്റതോടെ 121-ലെത്തി. തുടര്‍ന്ന് കുവൈത്തിനോട് സമനില പാലിച്ചതും ഖത്തറിനോട് തോറ്റതും വഴി 124-ലെത്തി. 

അടുത്തിടെ നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ ഏറെ താഴെയുള്ള മൗറീഷ്യസിനോട് സമനില പാലിച്ചതും തുടര്‍ന്ന് സിറിയയോട് 3-0ന് പരാജയപ്പെട്ടതുമാണ് ഇപ്പോഴത്തെ പതനത്തിന് കാരണം. അര്‍ജന്റീന, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, ബ്രസീല്‍ എന്നിങ്ങനെയാണ് ആദ്യ അഞ്ച് റാങ്കുകാര്‍.