കുവൈത്ത് സിറ്റി: ആതിഥേയരായ ക്വദ്‌സിയ എസ്.സിയോട് തോറ്റ് എഫ്.സി ഗോവ എ.എഫ്.സി ചലഞ്ച് ലീഗിൽ നിന്ന് പുറത്തായി. ഗ്രൂപ്പ് സിയിലെ മൂന്നാമത്തെ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റതോടെയാണ് എഫ്.സി. ഗോവ പുറത്തായത്. ബംഗ്ലാദേശിന്റെ ഫോർട്ടിസ് എഫ്.സിക്കെതിരെ നേടിയ ഏക ജയത്തിൽ നിന്ന് ലഭിച്ച മൂന്ന് പോയിന്റോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ഗോവയുടെ മടക്കം. ആദ്യ മത്സരത്തിൽ തജിക്കിസ്ഥാന്റെ എഫ്.സി റേഗർ-തദാസിനോട് പരാജയപ്പെട്ടിരുന്നു. മൂന്ന് മത്സരങ്ങളും ജയിച്ച് ക്വദ്‌സിയ ഗ്രൂപ്പിൽ ഒന്നാമതെത്തി ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി.

To advertise here,

പത്താം മിനിറ്റിൽ ഹംസ ഖബ്ബയിലൂടെ കുവൈത്താണ് ആദ്യം ലീഡ് നേടിയത്. റാഷിദ് അൽ ദോസരി നൽകിയ ക്രോസിൽ നിന്നാണ് ഹംസ ഡൈവിങ് ഹെഡ്ഡറിലൂടെ ഗോൾ നേടിയത്. 21-ാം മിനിറ്റിൽ ഗോവ സമനില നേടി. കോർണറിൽ നിന്ന് അലക്‌സ് സലായ നൽകിയ ഹെഡ്ഡർ അവസരം മുതലാക്കി ചിക്കി ക്ലോസ് റേഞ്ചിൽ നിന്ന് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷവും ആധിപത്യം തുടർന്ന ക്വദ്‌സിയ 49-ാം മിനിറ്റിൽ വീണ്ടും ലീഡ് തിരിച്ചുപിടിച്ചു. ബോക്സിന്റെ അരികിൽ വെച്ച് അൽ മുത്തവയുമായി പാസുകൾ കൈമാറിയശേഷം ഹംസ ഖബ്ബ മനോഹരമായ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.