ടെഹ്‌റാന്‍: ഫുട്‌ബോള്‍ താരം അലി ദേയിയുടെ കുടുംബത്തെ വിമാനത്താവളത്തില്‍ നിന്ന് യാത്ര ചെയ്യാനനുവദിക്കാതെ ഇറാന്‍ സര്‍ക്കാര്‍. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യാനിരുന്ന അലിയുടെ കുടുംബത്തെയാണ് സര്‍ക്കാര്‍ തടഞ്ഞത്. അലിയുടെ കുടുംബം യാത്ര ചെയ്യാനിരുന്ന വിമാനം സര്‍ക്കാര്‍ വഴിതിരിച്ചുവിട്ടു. 

To advertise here,

ഇറാന്റെ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമായ 52 കാരനായ അലി ദേയി ഈയിടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ അലി ദേയിയുടെ കുടുംബത്തിനെതിരേ തിരിഞ്ഞത്. ദുബായിലുള്ള അലിയ്‌ക്കൊപ്പം അവധി ആഘോഷിക്കാനാണ് താരത്തിന്റെ കുടുംബം ടെഹ്‌റാനില്‍ നിന്ന് യാത്ര തിരിച്ചത്. പക്ഷേ ഒരു കാരണവുമില്ലാതെ സര്‍ക്കാര്‍ വിമാനം വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് അലി ആരോപിച്ചു. 

ഇറാനില്‍ മതപോലീസിന്റെ കസ്റ്റഡിയില്‍ വെച്ച 22 കാരി മഹ്‌സ അമീനി മരിച്ചതിനെത്തുടര്‍ന്ന് രാജ്യത്ത് പ്രക്ഷോഭങ്ങള്‍ ശക്തമാണ്. ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണത്തെച്ചൊല്ലിയാണ് അമീനിയെ പോലീസ് അറസ്റ്റുചെയ്തത്. അമീനിയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി അലി ദേയിയും രംഗത്തെത്തിയിരുന്നു. 

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ഏറെക്കാലം സ്വന്തമാക്കിയ അലി ദേയ് ടീമിനായി 109 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ഈയിടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അലി ദേയിയെ മറികടന്ന് ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നു.