ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി യു.എസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ഇറാനിലുണ്ടാക്കിയിരിക്കുന്നത് സമ്മിശ്ര വികാരം. ഒരു വിഭാഗം ജനങ്ങൾ ആഘോഷവുമായി രംഗത്തിറങ്ങുകയും ജനങ്ങൾ അവരവരുടെ വീടുകളിലെ ജനലുകൾക്ക് സമീപമെത്തി കൈയ്യടിച്ചതായി അമേരിക്കൻ മാധ്യമമായ ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കൂടാതെ ഇറാനിലെ കരാജ് പട്ടണത്തിലെ ബെസത് ടൗണിൽ ഖമനേയിയുടെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇറാൻ ജനത ആഘോഷങ്ങൾ സംഘടിപ്പിക്കുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേ സമയം ഷിയ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന ജനസമൂഹം കടുത്ത ദുഖത്തിലാണ്. പാശ്ചാത്യ ശക്തികളുടെ അധിനിവേശത്തെ തടയാൻ ഇനി ആരുണ്ടാകുമെന്ന ആശങ്കയിലാണവർ. ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം എഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ജനങ്ങൾ തെരുവിലിറങ്ങി ആഘോഷിക്കുകയാണ്. ഫാസിസത്തിന് മരണം എന്നും ഷായ്ക്ക് (1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് ഇറാൻ ഭരിച്ചിരുന്ന ഷാ ഭരണകൂടത്തിന്റെ പിൻഗാമി ഷാ മുഹമ്മദ് റിസ പഹ്‌ലവി) ദീർഘായുസ്സ് എന്നുമൊക്കെയുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങുകയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 'ഇറാനിയൻ ജനത ആഘോഷിക്കുന്നതിന്റെ വീഡിയോ, ഞാൻ സ്വപ്നം കാണുകയാണോ? പുതിയ ലോകത്തേക്ക് സ്വാഗതം. എന്റെ ജനത ഖമനേയിയാൽ കൊല്ലപ്പെടുന്ന വാർത്തകൾ വായിച്ചാണ് എന്റെ എല്ലാ ദിവസവും തുടങ്ങിയിരുന്നത്. സന്തോഷവാർത്ത കേൾക്കുന്ന എന്റെ ആദ്യ പ്രഭാതമാണിത്. ഞാൻ ഓടാൻ ആഗ്രഹിക്കുന്നു. സന്തോഷത്താൽ ഞാൻ ഓടി വിളിച്ചുപറയാൻ ആഗ്രഹിക്കുന്നു, ഇറാനിയൻ മനുഷ്യവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ മാസിഹ് അലിനെജാദ് ഒരു വീഡിയോ പങ്കുവച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലണ്ടനിൽ പ്രവാസികളായ ഇറാനിയൻ ജനതയും ഇസ്രായേലി ജനതയും ഒരുമിച്ച് നൃത്തം ചെയ്യുന്നതിന്റെ ആഘോഷിക്കുന്നതിന്റെയും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രക്തദാഹിയായ സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചു. ഇറാന്റെ പതിനായിരക്കണക്കിന് ധീരരായ പുത്രന്മാരെയും പുത്രിമാരെയും കൊന്നൊടുക്കിയവൻ. ഈ മരണത്തോടെ ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്ന് റിസ പഹ്‌ലവി എക്‌സിൽ കുറിച്ചു.
ഇസ്രയേൽ, യുഎസ് സംയുക്ത വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി ഫാർസ്, താസ്നിം എന്നീ ഇറാൻ വാർത്താ ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും, വ്യോമാക്രമണത്തിൽ രാജ്യത്ത് എത്രപേർ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
മനുഷ്യാവകാശ ലംഘനം, കുതിച്ചുയരുന്ന പണപ്പെരുപ്പം, കുത്തനെ ദുർബലമാകുന്ന കറൻസി, വർധിച്ചുവരുന്ന ഭക്ഷ്യവില എന്നീ പ്രശ്‌നങ്ങളെ തുടർന്ന് ഇറാനിൽ പൊതുജനം തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിയിട്ട് മാസങ്ങളായി. സമീപകാലങ്ങളിലായി ഭരണകൂടവുമായി ഏറ്റുമുട്ടലിൽ ഒട്ടേറെ പേർ കൊല്ലപ്പെട്ടു.
Content Highlights: Widespread reports suggest Supreme Leader Ali Khamenei was killed in an alleged Israeli-US airstrike., Citizens in Iranian cities, including Tehran and Karaj, have been celebrating the news publicly.
Published: 01 Mar 2026, 09:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented