
'ഇങ്ങനെയൊരു ലോകകപ്പ് വിജയം സ്വപ്‌നം പോലും കാണാൻ സാധിക്കുമായിരുന്നില്ല. എനിക്ക് വാക്കുകളില്ല.' നാല് വർഷം മുമ്പ് ലുസെയ്‌ലിൽ ആഞ്ഞടിച്ച ആൽബിസെലസ്റ്റൻ തിരമാലകൾക്ക് നടുവിൽ നിന്ന് അർജന്റീനയുടെ 23-ാം നമ്പറുകാരൻ ഇങ്ങനെ പറഞ്ഞുവെച്ചത് വെറുതെയായിരുന്നില്ല. ഗാലറിയൊന്നടങ്കം 'Dibu!Dibu!Dibu!' എന്ന് ഒരേ സ്വരത്തിൽ അലറിയതും മറ്റൊന്നും കൊണ്ടല്ല. മെസ്സിയുടെ ആനന്ദനൃത്തത്തോളം ആഘോഷിക്കപ്പെട്ടിട്ടില്ലെങ്കിലും അറേബ്യൻ കഥയിലെ അവസാന രാവുകളിൽ എമിലിയാനോ മാർട്ടിനസ് എന്ന കാവൽക്കാരൻ തന്റേതായ ഒരേട് കൂട്ടിച്ചേർത്തതിനാൽ തന്നെയാണ്. അത് പക്ഷേ കലാശപ്പോരിലോ അതിന് മുമ്പോ തട്ടിയകറ്റിയ പെനാൽറ്റികളാൽ മാത്രമല്ല, ഫൈനലിന്റെ അവസാന മിനിറ്റിൽ നടത്തിയ ഒരു സേവുകൊണ്ട് കൂടിയാണ്. അർജന്റീനക്കാരുടെ 'ജീവൻ' തിരിച്ചുപിടിച്ച ആ ഒരൊറ്റ സേവുകൊണ്ട്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സേവുകളിലൊന്ന്.
മെസ്സിയുടെ അടിയും എംബാപ്പെയുടെ തിരിച്ചടിയും കണ്ടതിന് ശേഷമുള്ള എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈം. മധ്യനിരയിൽ നിന്ന് അർജന്റൈൻ ബോക്‌സിലേക്ക് നീട്ടി ഉയർത്തിയ പന്ത് തടയുന്നതിൽ അർജന്റീനയുടെ പ്രതിരോധനിരയ്ക്ക് പിഴച്ചു. എല്ലാവരേയും മറികടന്ന് ഫ്രാൻസ് താരം കോലോ മുവാനിയുടെ കാലുകളിലെത്തുന്നു. മുന്നിൽ ഗോൾകീപ്പർ എമി മാത്രം. പന്ത് ഉയർന്നതും മുവാനി തകർപ്പനൊരു ഷോട്ടുതിർത്തു. മാർട്ടിനസ് കൈകളും കാലുകളും വിടർത്തുന്നതും പന്ത് കാലിൽ തട്ടിത്തെറിക്കുന്നതും സെക്കന്റുകൾക്കുള്ളിലാണ് സംഭവിച്ചത്. തകർപ്പനൊരു സേവ്. പിന്നാലെ ക്രിസ്റ്റ്യൻ റൊമേറോ ഹെഡ് ചെയ്ത് കൂടുതൽ അപകടം ഒഴിവാക്കി. എമി ആ സേവ് നടത്തുന്നത് 122 മിനിറ്റും കഴിഞ്ഞ് 43-ാം സെക്കന്റിലാണ്. അത് ഗോളായിരുന്നെങ്കിൽ മെസ്സിപ്പടയുടെ സ്വപ്‌നങ്ങൾ അവിടെ ചിന്നിച്ചിതറുമായിരുന്നുവെന്നതിൽ തർക്കമില്ല. ഒരു തിരിച്ചുവരവിനും സാധ്യതയുണ്ടായിരുന്നില്ല. മൂന്നുഗോളടിച്ച് തുല്യത പാലിച്ച ഫൈനലിലെ ആ 123-ാം മിനിറ്റ് സേവിനെ ലോകകപ്പിലെ എക്കാലത്തേയും മികച്ച സേവായി കണക്കാക്കുന്നവരുണ്ട്. ഒരുപക്ഷേ ഗോർഡൻ ബാങ്ക്‌സിന്റെ നൂറ്റാണ്ടിന്റെ സേവിനോളം മികച്ചത്.
മൂന്നരവർഷം കഴിഞ്ഞു. പക്ഷേ ഇപ്പോഴും മുവാനിയുടെ ആ ഷോട്ട് കാണുമ്പോൾ ആരാധകരുടെ ചങ്കിടിക്കും. ഗോളാവില്ലെന്ന് എത്ര പറഞ്ഞുപഠിച്ചാലും ആ ഷോട്ട് കാണുമ്പോൾ ഉള്ള് പിടയ്ക്കും. ആ നിമിഷത്തെ, രക്ഷാപ്രവർത്തനത്തെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ജീവിതകാലം മുഴുവൻ ഇത് തന്റെ മനസിലുണ്ടാവുമെന്നാണ് ആ അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് മുവാനി പറഞ്ഞത്. ആ ഷോട്ടുതിർക്കുന്നതിന് പകരം എംബാപ്പെയ്ക്ക് പാസ് നൽകുകയായിരുന്നു വേണ്ടതെന്ന് ഒട്ടേറെപ്പേർ പ്രതികരിച്ചു.
ഒരുവട്ടമല്ല. പല തവണ പല മൈതാനങ്ങളിൽ എമിലിയാനോ രക്ഷകനായി അവതരിച്ചിട്ടുണ്ട്. എമി കാവൽ നിന്ന ഒരു പെനാൽറ്റി ഷൂട്ടൗട്ടിലും അർജന്റീന തോറ്റിട്ടില്ല. ലോകകപ്പിന്റെ കലാശപ്പോരിലേതടക്കം നാല് ഷൂട്ടൗട്ടുകളിലാണ് താരം അർജന്റീനയെ വിജയത്തിലെത്തിച്ചത്. തോൽക്കാൻ മനസില്ലാത്ത പോരാളിയെപ്പോലെ ഇരുകൈകളുമുയർത്തി നിൽക്കുന്ന ആ 23-ാം നമ്പറുകാരൻ ആരാധകരുടെ പ്രതീക്ഷയും വിശ്വാസവുമായി മാറിയ വർഷങ്ങൾ. ആരെ കീഴടക്കിയാലും എമിലിയാനോയെ മറികടക്കാതെ ഒരു മുന്നോട്ടുപോക്ക് സാധ്യമല്ലെന്ന് എതിരാളികൾ തിരിച്ചറിഞ്ഞ പോരാട്ടങ്ങൾ.
2024 കോപ്പയിലാണ് എമി അവസാനമായി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോയാകുന്നത്. എക്വഡോറിനെതിരായ ക്വാർട്ടറിൽ നായകൻ ലയണൽ മെസ്സി അർജന്റീനയുടെ ആദ്യ കിക്കെടുക്കാനെത്തുമ്പോൾ സ്‌റ്റേഡിയം പതിവുപോലെ നിശബ്ദമായിരുന്നു. പിന്നാലെ പനേങ്ക കിക്കിലൂടെ ഗോൾ നേടാനുള്ള മെസ്സിയുടെ ശ്രമം പാളി. പന്ത് ബാറിൽ തട്ടിത്തെറിച്ചതോടെ മെസ്സി നിരാശയോടെ തിരിഞ്ഞുനടന്നു. ആ നിമിഷം 2016-ലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ചിത്രം ഓർമകളിൽ കടന്നുവരാത്തവരുണ്ടാകില്ല. അതിന്റെ ആവർത്തനമാകുമോയെന്ന് ആരാധകർ ആശങ്കപ്പെട്ട നിമിഷം. തിരിച്ചുവരാൻ ഇനിയും അവസരമുണ്ടല്ലോയെന്ന് സ്വയം ആശ്വസിച്ചിട്ടുണ്ടാകണം ഓരോ ആരാധകനും. തങ്ങൾക്ക് എമിയുണ്ടല്ലോയെന്ന് വിശ്വാസം മുറുകെപ്പിടിച്ചിട്ടുണ്ടാകണം ചിലരെങ്കിലും. അത് ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു പിന്നീട് ഷൂട്ടൗട്ടിൽ കണ്ടത്.
എക്വഡോറിന്റെ ആദ്യ കിക്ക് തന്നെ തടഞ്ഞിട്ട എമിലിയാനോ ആ വിശ്വാസം തെറ്റിച്ചില്ല. എയ്ഞ്ചൽ മെനയുടെ കിക്ക് ഉഗ്രൻ ഡൈവിലൂടെയാണ് തട്ടിയകറ്റിയത്. പിന്നാലെ മെസ്സിയ്ക്ക് നേരെ കൈചൂണ്ടി. ഈ സേവ് അയാൾക്കുവേണ്ടിയാണെന്ന് മെസ്സിയോട് സൂചിപ്പിച്ചാണ് അടുത്ത കിക്കിനായി തയ്യാറെടുത്തത്. ഷൂട്ടൗട്ടിലെ രണ്ടാം കിക്ക് വലയിലെത്തിച്ച് ജൂലിയൻ അൽവാരസ് അർജന്റീനയ്ക്ക് പ്രതീക്ഷ നൽകി. അതേ സമയം എക്വഡോറിന് രണ്ടാം കിക്കും വലയിലെത്തിക്കാനായില്ല. അലൻ മിൻഡയെടുത്ത കിക്ക് തടുത്തിട്ട് എമി മൈതാനത്ത് നൃത്തംവെച്ചു. പിന്നീടുള്ള എല്ലാ കിക്കും അർജന്റീന ലക്ഷ്യത്തിലെത്തിച്ചതോടെ എക്വഡോർ സെമി കാണാതെ പുറത്തായി. മെസ്സിപ്പട സെമി ടിക്കറ്റെടുത്തു.
കോപ്പയിൽ ഇതിനുമുമ്പും പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോയായിട്ടുണ്ടയാൾ. അഞ്ച് വർഷങ്ങൾക്ക് മുമ്പ് 2021-ൽ. അന്ന് സെമിയിൽ കൊളംബിയയുടെ മൂന്ന് കിക്കുകളാണ് തടഞ്ഞിട്ടത്. ഷൂട്ടൗട്ടിൽ ഇരുടീമുകളും ആദ്യ കിക്ക് വലയിലെത്തിച്ചപ്പോൾ രണ്ടാം കിക്ക് പിഴച്ചു. ഡേവിൻസൺ സാഞ്ചസിന്റെ പെനാൽറ്റി എമിലിയാനോ ഡൈവിലൂടെ തടഞ്ഞപ്പോൾ അർജന്റീനയുടെ റോഡ്രിഗോ ഡിപോളിന്റെ കിക്ക് പുറത്തുപോയി. യെറി മിനയെടുത്ത കൊളംബിയയുടെ അടുത്ത കിക്കും എമി ഗോൾവലയിലേക്ക് പതിക്കാൻ അനുവദിച്ചില്ല. കൊളംബിയയുടെ അഞ്ചാം കിക്കും തടുത്ത് എമി ടീമിനെ കലാശപ്പോരിലെത്തിച്ചു. ഫൈനലിൽ ബ്രസീലിനെ കീഴടക്കി മെസ്സിയും സംഘവും കിരീടത്തിൽ മുത്തമിട്ടു.
വേണ്ടി വന്നാൽ മെസ്സിക്കായി മരിക്കാനും തയ്യാറാണെന്ന് പറഞ്ഞാണ് എമി അർജന്റീനയ്‌ക്കൊപ്പം ഖത്തർ ലോകകപ്പിനെത്തുന്നത്. ലോകകപ്പിലുടനീളം മിന്നും ഫോമിൽ കളിച്ച താരം അർജന്റീനയുടെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായക പങ്കുവഹിച്ചു. ക്വാർട്ടറിൽ നെതർലൻഡ്‌സിനെതിരേ നടന്ന ഷൂട്ടൗട്ടിലും ആ മികവ് തുടർന്നു. ഡച്ച് പടയുടെ ആദ്യ രണ്ട് കിക്കുകളും സേവ് ചെയ്തു. ആദ്യം വാൻ ഡൈക്കിന്റേയും പിന്നെ സ്റ്റീവൻ ബെർഗ്വിസിന്റേയും. കിക്ക് തടുത്തിട്ട എമി പതിവുപോലെ നൃത്തം വെച്ചു. ഷൂട്ടൗട്ടിൽ 4-3 ന് നെതർലൻഡ്‌സിനെ തോൽപ്പിച്ച് അർജന്റീന സെമിയിലേക്ക് മുന്നേറി. സെമിയിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും ഫൈനലിലെത്തുന്നത്. മെസ്സിയും എംബാപ്പെയും നിറഞ്ഞുനിന്ന കലാശപ്പോര് ഒടുക്കം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ഫ്രഞ്ച് പടയുടെ രണ്ട് കിക്കുകൾ ലക്ഷ്യത്തിലെത്താതെ പോയി. കിങ്‌സ്‌ലി കോമാനെടുത്ത കിക്ക് എമിലിയാനോ തട്ടിയകറ്റിയപ്പോൾ ഒറെലിയൻ ചൗമെനിയുടെ പെനാൽറ്റി പുറത്തേക്ക് പോയി. 4-2 ന് ഷൂട്ടൗട്ട് വിജയിച്ച് അർജന്റീന ലോകകപ്പിൽ മുത്തമിട്ടു.
അങ്ങനെ നാല് തവണയാണ് അർജന്റീനയെ ഷൂട്ടൗട്ടിൽ നിന്ന് അയാൾ ഒറ്റയ്ക്ക് കരകയറ്റുന്നത്. ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി നൂറുശതമാനം ജയം. ഒരു ഷൂട്ടൗട്ടിൽ പോലും പരാജയപ്പെട്ടിട്ടില്ല. ഷൂട്ടൗട്ടിന് പുറമേ നിരവധി തകർപ്പൻ സേവുകൾ. ഗോൾ ബാറിന് കീഴിലെ എമിയെന്ന അതികായന്റെ ബലത്തിൽ തന്നെയാണ് അർജന്റീന വീണ്ടുമൊരു വിശ്വവേദിയിൽ പന്തുതട്ടാനെത്തുന്നത്.
Content Highlights: The legendary 123rd-minute save against Kolo Muani in the 2022 World Cup final., Martinez's unblemished record in penalty shootouts for Argentina., Crucial role in the 2021 Copa America and 2024 Copa America campaigns., His psychological impact on opponents during high-pressure shootouts., His unwavering commitment and defensive stability for the national team.
Published: 05 Jun 2026, 10:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented