ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലായിരുന്നു കുറാസോ. ഫുട്ബോൾ ലോകമൊന്നടങ്കം അവരെ ഉറ്റുനോക്കി. നാലുവട്ടം വിശ്വകിരീടത്തിൽ മുത്തമിട്ട ജർമനിക്കെതിരേ വെറും 1.55 ലക്ഷം മാത്രം ജനസംഖ്യയുള്ള ആ രാജ്യം ലോകകപ്പ് അരങ്ങേറ്റ മത്സരം കളിക്കുന്നു. ഒട്ടുമിക്കവരും പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ജർമൻ താരങ്ങൾ നിരനിരയായി ആക്രമണം അഴിച്ചുവിട്ടതോടെ കുറാസോയ്ക്ക് പിടിച്ചുനിൽക്കാനായില്ല. കനത്ത പരാജയം ഏറ്റുവാങ്ങി. പക്ഷേ, മടക്കം നാണംകെട്ടല്ല, തലയുയർത്തി തന്നെയാണ്. മുൻ ചാമ്പ്യന്മാരുടെ പ്രതിരോധക്കോട്ട പൊളിച്ച് ഒരു ഗോൾ നേടിയാണ് മടക്കം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് ജർമനിയെ ഞെട്ടിക്കാനും ഈ കുഞ്ഞൻ രാജ്യത്തിന് കഴിഞ്ഞു.

To advertise here,

കരുത്തരായ ജർമനിക്കെതിരേ തങ്ങളുടെ കന്നി ലോകകപ്പ് ഗോൾ നേടാനായത് തന്നെ നേട്ടമാണ്. മത്സരം ആരംഭിച്ച് ആറാം മിനിറ്റിൽ തന്നെ ഫെലിക്‌സ് മേച്ചയിലൂടെ ജർമനി മുന്നിലെത്തി. ലോകകപ്പ് അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ മേച്ചയ്ക്കായി. മുസിയാലയുടെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മുസിയാലയെ ഒബിസ്‌പോ തടഞ്ഞെങ്കിലും പന്ത് ക്ലിയർ ചെയ്യാൻ കുറാസോ താരങ്ങൾക്കായില്ല. പന്ത് റാഞ്ചിയെടുത്ത് ഫ്‌ലോറിയൻ വിർട്ട്‌സ് അത് മേച്ചയ്ക്ക് നീട്ടുകയായിരുന്നു. ഒട്ടും സമയം പാഴാക്കാതെ താരം പന്ത് വലയിലാക്കി.

ഗോൾ വീണെങ്കിലും ജർമനിയിൽ നിന്ന് പന്ത് കിട്ടുമ്പോഴെല്ലാം കുറാസോ അതിവേഗ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്നു. പക്ഷേ ജർമൻ പ്രതിരോധം ഉറച്ചുനിന്നു. എന്നാൽ 21-ാം മിനിറ്റിൽ ജർമനി ഞെട്ടി. ഉഗ്രൻ മുന്നേറ്റത്തിലൂടെ കുറാസോ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോൾ നേടി. 22-കാരൻ ലിവാനോ കോമനെൻസിയയായിരുന്നു ഗോൾ സ്‌കോറർ. കുറാസോയുടെ ചരിത്രത്തിൽ ഇടംപിടിച്ച ഗോൾ. വലിപ്പത്തിലും ജനസംഖ്യയുടെ അടിസ്ഥാനത്തിലും ഈ ലോകകപ്പിലെ ഏറ്റവും ചെറിയ രാജ്യമാണ് കുറാസോ. ഒരുനിമിഷത്തേക്ക് ഫുട്ബോൾ ലോകത്തെ യൊന്നാകെ ഞെട്ടിക്കാൻ അവർക്ക് സാധിച്ചു. പിന്നീട് ആറുഗോളുകൾ കൂടി വഴങ്ങിയെങ്കിലും മത്സരത്തിൽ നേടിയ ആ ഒരൊറ്റ ഗോൾ മതി അവർക്ക് തലയുയർത്തി മടങ്ങാൻ.

വെനസ്വേലയിൽ നിന്ന് 40 മൈൽ വടക്കായി കരീബിയൻ കടലിൽ സ്ഥിതി ചെയ്യുന്നതും 2010 വരെ പഴയ നെതർലൻഡ് ആന്റിലീസിന്റെ ഭാഗമായിരുന്നതുമായിരുന്ന കുറോസോ, ലോക ഫുട്‌ബോൾ ഭൂപടത്തിൽ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താനുള്ള തയ്യാറെടുപ്പിൽ തന്നെയാണ് ലോകകപ്പിനെത്തിയത്. സ്‌പെയിനിന്റെയും പോർച്ചുഗലിന്റെയും അധിനിവേശ ചരിത്രമുള്ള ഈ രാജ്യത്തിന് 2010-ലാണ് ഒരു സ്വതന്ത്ര രാഷ്ട്രമായി മാറാനായത്. രാജ്യത്തിന്റെ ആകെ ഉപരിതല വിസ്തീർണ്ണം ഏകദേശം 444 ചതുരശ്ര കിലോമീറ്ററാണ്. അതായത് നമ്മുടെ തലസ്ഥാനമായ ന്യൂഡൽഹിയുടെ മൂന്നിൽ ഒരു ഭാഗത്തിൽ താഴെ (1,484 ചതുരശ്ര കിലോമീറ്റർ). ഏകദേശം 1.55 ലക്ഷം ആളുകൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്.

2010 വരെ നെതർലൻഡ്സ് ആന്റിലീസിന്റെ ഭാഗമായിരുന്നതിനാൽ ഈ രാജ്യത്തിന് ഡച്ച് ഫുട്‌ബോളുമായി ശക്തമായ ബന്ധമുണ്ട്. ടീമിലെ 21 അംഗങ്ങളിൽ 12 പേരും ഡച്ച് ഒന്നാം ഡിവിഷനിൽ കളിക്കുന്നവരാണ്. 26 അംഗ സ്ക്വാഡിൽ 25 പേരും ജനിച്ചത് നെതർലൻഡ്സിലാണ്. ക്യാപ്റ്റൻ ലിയാൻഡ്രോ ബാക്യുന, ജൂനിഞ്ഞോ ബാക്യുന, ഷെഫീൽഡ് യുണൈറ്റഡ് താരം താഹിത് ചോങ് എന്നിവരാണ് ടീമിലെ പ്രധാനികൾ. ക്യുറോസോയിലെ ഫുട്‌ബോൾ താരങ്ങളെല്ലാം തന്നെ ഡച്ച് അക്കാദമികളിൽ പരിശീലനം സിദ്ധിച്ചവരാണ്. ഇത് ഇവിടത്തെ ഫുട്‌ബോളിന്റെ വളർച്ചയ്ക്ക് സഹായകമായി. 78-കാരനായ ഡിക്ക് അഡ്വക്കാറ്റാണ് ക്യുറോസോ ഫുട്‌ബോൾ ടീമിനെ പരിശീലിപ്പിക്കുന്നത്. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ പരിശീലകനാണ് അദ്ദേഹം.

'ഇൽഹ ദാ കുറോസോ', എന്ന പോർച്ചുഗീസ് പേരിന്റെ അർഥം 'സൗഖ്യത്തിന്റെ ദ്വീപ്' എന്നാണ്. പതിനാറാം നൂറ്റാണ്ടിൽ കപ്പൽയാത്രയ്ക്കിടെ രോഗബാധിതരായ പോർച്ചുഗീസ് നാവികർ ഇവിടെയുള്ള വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ കഴിച്ച് സുഖം പ്രാപിച്ചതിനാലാണ് ഈ പ്രദേശത്തിന് ആ പേര് ലഭിച്ചത്. 1634-ൽ ഡച്ച് വെസ്റ്റ് ഇന്ത്യാ കമ്പനി സ്‌പെയിനിൽ നിന്ന് ഈ ദ്വീപ് പിടിച്ചെടുത്തു. അറ്റ്ലാന്റിക് വഴിയുള്ള അടിമക്കച്ചവടത്തിനും ഭക്ഷണസാധനങ്ങളുടെ കയറ്റുമതിക്കുമായി ഡച്ചുകാർ ഈ ദ്വീപിനെ ഒരു പ്രധാന തുറമുഖമായി ഉപയോഗിച്ചിരുന്നു. ഇവിടുത്തെ പ്രാദേശിക ഭാഷയായ പാപിയാമെന്റോ ഒരുകാലത്ത് അടിമകളുടെ ഭാഷയായി കരുതി നിരോധിക്കപ്പെട്ടിരുന്നു എങ്കിലും ഇന്നും ജനങ്ങൾക്കിടയിൽ ഇത് പ്രചാരത്തിലുണ്ട്.