ടൊറന്റോ: ലോകകപ്പ് നോക്കൗട്ടിൽ ഇഞ്ചോടിഞ്ച് പോരാടുകയായിരുന്നു പോർച്ചുഗലും ക്രൊയേഷ്യയും. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചാണ് ക്രിസ്‌റ്റ്യോനോ റൊണാൾഡോയും സംഘവും ഒടുവിൽ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. സമനിലയും എക്‌സ്ട്രാ ടൈമും ഉറപ്പിച്ചിരുന്ന മത്സരം അവസാന മിനിറ്റുകളിലെ നാടകീയതകളിൽ മാറിമറിയുകയായിരുന്നു. ഇൻജുറി ടൈമിന്റെ നാലാം മിനിറ്റിലാണ് ഗോൺസാലോ റാമോസിലൂടെ പോർച്ചുഗൽ ലീഡെടുക്കുന്നത്. എന്നാൽ കളിയവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ക്രൊയേഷ്യയ്ക്കായി ജോസ്‌കോ ഗ്വാർഡിയോൾ സ്‌കോർ ചെയ്‌തെങ്കിലും വാർ പരിശോധനയിൽ അത് ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.

To advertise here,

ക്രൊയേഷ്യയുടെ ഈ ഗോൾ നിഷേധിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. എന്നാൽ ഈ ഗോൾ നിഷേധിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് നോക്കാം. ക്രൊയേഷ്യൻ താരം പോർച്ചുഗീസ് ബോക്‌സിലേക്ക് ഉയർത്തിവിട്ട പന്തിൽ നിന്നായിരുന്നു ഗോൾ. ആദ്യ കാഴ്ചയിൽ ഈ പന്ത് പോർച്ചുഗീസ് താരം റെനാറ്റോ വെയ്ഗയുടെ തലയിൽ തട്ടിയാണ് പസാലിച്ചിന് ലഭിക്കുന്നതെന്ന് കാണാം. എന്നാൽ ഇതിനിടെ ക്രൊയേഷ്യയുടെ ഇഗോർ മറ്റനോവിച്ച് ഈ പന്തിൽ ഗോളിലേക്കുള്ള ശ്രമം നടത്തുന്നുണ്ട്. വാർ പരിശോധിച്ചപ്പോൾ മാറ്റാനോവിച്ചിന്റെ തലയിൽ പന്ത് തട്ടിയതായി സ്‌നിക്കോ മീറ്ററിൽ തെളിഞ്ഞു. പിന്നീട് പന്ത് സ്വീകരിച്ച പസാലിച്ച് ഈ സമയം ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു. ഇതിനിടെ പന്ത് റെനാറ്റോ വെയ്ഗയുടെ തലയിൽ തട്ടുന്നുണ്ടെങ്കിലും താരം പന്ത് ക്ലിയർ ചെയ്യാനുള്ള മനപ്പൂർവമായ ശ്രമം വെയ്ഗയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് തെളിഞ്ഞതോടെയാണ് ആ ഗോൾ റഫറി ഓഫ്‌സൈഡ് വിളിച്ചത്. ഇതിനു ശേഷമാണ് ജോസ്‌കോ ഗ്വാർഡിയോൾ പന്ത് വലയിലെത്തിക്കുന്നത്.

എന്നാൽ ഇക്കാര്യത്തിൽ എതിർ വാദങ്ങളും ശക്തമാണ്. ഇഗോർ മാറ്റാനോവിച്ചിന്റെ തലയിൽ പന്ത് തട്ടിയിട്ടില്ലെന്നും ഗോൾ അനുവദിക്കണമെന്നുമായിരുന്നു എന്നുമാണ് ഒരു കൂട്ടരുടെ വാദം. എന്നാൽ ഫുട്‌ബോളിൽ സാങ്കേതിക വിദ്യ ശക്തമായ ഇക്കാലത്ത് ഒരു താരത്തിന്റെ പന്തിലെ ഏറ്റവും ചെറിയ ടച്ച് പോലും വാറിൽ മനസിലാകും. ഒരു പക്ഷേ ഗോളിലേക്കുള്ള ശ്രമത്തിനിടെ ഇഗോർ മറ്റനോവിച്ചിന്റെ മുടിയിലായിരിക്കാം പന്ത് തട്ടിയിട്ടുണ്ടാകുക. സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധനയിൽ ആ ടച്ച് വരെ കൃത്യമായി തെളിയും. ഇക്കാരണത്താലാണ് ആ ഗോൾ ഓഫ്‌സൈഡ് എന്ന കാരണത്താൽ നിഷേധിക്കപ്പെട്ടത്.